വീട് നിന്റെ
ഇടമെന്റെ
വീഞ്ഞ് നിന്റെ
ലഹരിയെന്റെ
ജനിമൃതി നിന്റെ
തനിയാവർത്തനം എന്റെ
രോമം നിന്റെ
രോമാഞ്ചം എന്റെ
ഉറക്കം എന്റെ
പേടിസ്വപ്നം നിന്റെ
നടത്തം എന്റെ
വേഗം നിന്റെ
വാക്കെന്റെ
നാനാർത്ഥം നിന്റെ
ഭൂതക്കണ്ണാടി നിന്റെ
വികൃതരൂപമെന്റെ
ഹ്രസ്വസംയോഗം നിന്റെ
ദീർഘദൗർഭാഗ്യം എന്റെ
ജീവനെന്റെ
ആയുസ്സ് നിന്റെ
രതിസാമ്രാജ്യം നിന്റെ
മൂർച്ഛപ്പട്ടിണി എന്റെ
സമയമെന്റെ
ദുഃഖസൂചികൾ നിന്റെ
മുതൽ എന്റെ
ചിതൽ നിന്റെ
ആകാശമെന്റെ
വാൽനക്ഷത്രം നിന്റെ
പച്ചക്കടൽ നിന്റെ
വെൺനുരയെന്റെ
ഓർമ്മ നിന്റെ
തീരാദുഃഖമെന്റെ
മേഘസന്ദേശമെന്റെ
ദൂതൻ നിന്റെ
കുരിശ് നിന്റെ
ചോരയെന്റെ
കാറ്റെന്റെ
കൊടുങ്കാറ്റ് നിന്റെ
ഭൂതവും ഭാവിയും വർത്തമാനവും നിന്റെ
ഈ നിമിഷം മാത്രം എന്റെ