ഒന്ന്
കനമില്ലാത്തൊരു മുഖം
കനമില്ലാത്തൊരു ചിരി
കനമില്ലാത്തൊരു മുദ്ര
കനമുള്ളൊരു മൊഴി
കരുണയുള്ളൊരു മിഴി
കൂരിരുളിലും വെട്ടം പരത്തുന്നൊരു വഴി
രണ്ട്
തനിക്ക് ഒരു മൂരിയില്ലെങ്കിൽ
തൽക്കാലം താൻ തന്നെ ഒരു മൂരിയാവുക
കയർ പൊട്ടിച്ചു കാട്ടിലേക്കോടുക
തന്നെ കണ്ടെത്താനും
ആലയിലേക്ക് തിരിച്ചു കൊണ്ടുവരാനും
ഒരു ബുദ്ധൻ നിർവ്വാണപ്പെട്ട് വരും
മൂന്ന്
മുടിയിഴകളിൽ
തഴുകുന്ന
കാറ്റിലൊരു ബുദ്ധൻ
കണ്ണീരൊപ്പുന്ന
മോതിരമില്ലാത്ത
വിരലിലൊരു ബുദ്ധൻ
ചുണ്ടോടു ചുണ്ട് ചേർത്തണയ്‌ക്കവെ
മനോശരീരങ്ങളെ ചുട്ടില്ലാതാക്കും
ഒരു മിന്നൽപ്പിണർ ബുദ്ധൻ
നാല്
അനുഗ്രഹിക്കപ്പെട്ട ഗർഭപാത്രത്തിൽ
തഥാഗതഭ്രൂണങ്ങൾ കിളിർത്തു കൊണ്ടേയിരിക്കും
നിമിഷത്തെ ഗാഢ ഗാഢം പുണരുന്നവളെ ഭോഗിക്കാം
അപാരതയിൽ
അഞ്ച്
തുപ്പലിനെയും
വെട്ടുകത്തിയെയും
പ്രതിരോധിക്കുന്നവനല്ല ബുദ്ധശിശു
ആറ്
മേശപ്പുറത്തെ ബുദ്ധപ്രതിമ
ഉള്ളതെല്ലാം കാണാൻ വേണ്ടി
കണ്ണ് പാതി ചിമ്മും
പ്രതിമക്ക് ചുറ്റും വാലുയർത്തി വലം വെക്കും
കഴുത്തിൽ മണിയുള്ളൊരു കള്ളപ്പൂച്ച :
ഓം മണി പത്മേ ഹും!