ഒന്ന്
ആയിരം ജലചന്ദ്രന്മാർ
ഏകാകിയായ ഒരു പൗർണ്ണമിയെ
അന്ധമായി സ്നേഹിച്ചു
രണ്ട്
ഒറ്റക്കാലിൽ ധ്യാനം
നിർവ്വാണമൂർത്തി മനസ്സിൽ
മിന്നിപ്പായും പോത്രാൻകണ്ണിയെ കണ്ടപ്പോൾ
കൊയ്ത പുഞ്ചവയലിലെ വെള്ളം കേറി
വായിൽ
മൂന്ന്
പുഴയ്ക്ക് കുറുകെ റയിൽപ്പാലം
പാലത്തിലൂടെ തീവണ്ടി
മന്ദപ്രവാഹത്തിന്റെയും ശീഘ്രചലനത്തിന്റേയും
ഇടയിൽ നിശ്ചലതയുടെ പ്രകമ്പനങ്ങൾ
നാല്
നേരം സന്ധ്യയായി
നീ ബധിരയാണോ
നവജാതനക്ഷത്രങ്ങളുടെ സീൽക്കാരം
എനിക്ക് കേൾക്കാം
അഞ്ച്
മുങ്ങാതിരിക്കില്ല മറവിയുടെ കടലിൽ
ഈ നിമിഷത്തിന്റെ കടലാസുതോണി
തേങ്ങാതിരിക്കില്ല പവിഴപ്പുറ്റുകൾക്കിടയിൽ
മുങ്ങിമരിച്ച തോണിക്കാരന്റെ ഒറ്റക്കൈപ്പങ്കായം
ആറ്
എതിരെ കറുത്ത മുഖമൂടിയുമായി നീന്തണോ
ഒഴുക്കിനൊപ്പം മുഖം മറക്കാതെ നീങ്ങുമ്പോൾ
ഹൃദയത്തിലേക്ക് സ്രോതസ്സ് ഒഴുകിയെത്തില്ലെ
ഏഴ്
വയലിൽ വിള പറിക്കുകയായിരുന്ന മനുഷ്യനോട്
മരണവീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ
പറിച്ചെടുത്ത ഒരു പടവലങ്ങ ഇടത്തോട്ട് ചൂണ്ടിക്കൊണ്ട്
അയാൾ വഴി കാണിച്ചു തന്നു.
എട്ട്
കൊന്നയും ബോഗൺവില്ലയും
തമ്മിൽ മിശ്രപ്രണയവിവാഹം
മേടക്കാറ്റ് ആശംസകൾ നേർന്നു
വരണ്ട മണ്ണിനടിയിൽ
വേരുകളുടെ മധുവിധു
ഒൻപത്
മനസ്സൊരു നങ്കൂരം
ശരീരം മറ്റൊരു നങ്കൂരം
നങ്കൂരങ്ങൾ ഉപേക്ഷിച്ചു
ആഴത്തിലേക്ക് പ്രണയപരവശരായ് പ്രവേശിക്കാം
ആഴത്തിലേക്ക് പ്രവേശിക്കുക എന്നതിന്റെ അർത്ഥം
ഭ്രാന്തിന്റെ മുറ പാലിക്കാത്ത വിന്യാസങ്ങളുമായി
സമയസഞ്ചാരങ്ങൾക്കു അതീതമായി
ഉയരത്തിലേക്ക് പറക്കുക എന്നതാണ്.
ആനന്ദമൂർച്ഛയുടെ ഗിരിനിരകൾ ഒരിക്കലും അവസാനിക്കുന്നില്ല
ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് !
Click this button or press Ctrl+G to toggle between Malayalam and English