“മാഷ് ഏട്ന്നാ?”
“വടകരേന്ന്.”
“ഏട്യാ പോകുന്ന്?”
“കൊടകരയോളം.”
” ഭാണ്ഡച്ചാക്കിന്റെ കള്ള അറയിൽ
കൊഴലൊ കഞ്ചാവൊ?”
“അവലോകിതേശ്വരനാണ സത്യം
ഒരു സ്യമന്തമാണ്. ഓം മണി ക്ണി പത്മം”
“ഇപ്പം മഠത്തിൽ വലിഞ്ഞു കേറിയത് കുമ്പസരിക്കാനാ?”
“അല്ല, ഇത്തിരി ധർമ്മസംഭാരം കുടിക്കാൻ.”
“സംഭാരം കുടിച്ചില്ലേ?”
“കുടിച്ചു. നാട്ടിലെ ഇലക്ഷന്റെ മീനച്ചൂടിൽ വിയർക്കാൻ പാകത്തിൽ കുറച്ചധികം കുടിച്ചു.”
“ഇനി ഗ്ലാസ് കഴുകി വെച്ചിട്ട് കവർച്ചക്കാരുടെ കണ്ണിൽപ്പെടാതെ ഒളിസഞ്ചാരം തുടർന്നോളൂ.”
****
“വഴിപോക്കനാണോ?”
“ബയി പെയച്ചു പോയ ഒരു പോക്കർ ആണേ”
“പോക്കർ ചെരിപ്പെവിട്യാ സൂക്ഷിച്ചത്? കയറി വന്ന വാതിൽപ്പടിയുടെ ഇടത്തോ വലത്തോ?”
“പടി കടന്നപ്പം ഹലാക്കിന്റെ ബള്ളി പൊട്ടി. ഇപ്പൊ അദ് ഞമ്മന്റെ മൊട്ടപ്പൊറത്താ.”
” പോക്കർ പഴയതെല്ലാറ്റിനേയും നിഷ്കരുണം ഉപേക്ഷിക്കാൻ
നോക്കണം. ഇന്നലെകളെ എന്ന പോലെ ഭവിഷ്യത്തിനെയും ചുമക്കരുത്. സ്വകാര്യ മരാമത്തിനു ബദലായി
ഉടച്ചു വാർക്കുന്നതിലാകണം ശ്രദ്ധ. അപ്പൊ ദീപോ ഭവ!”
****
“ഏട്ന്നാ?”
“കോലത്തുനാട്ട്ന്ന്”
“അവിടെ കൊപ്രയ്ക്കൊക്കെ വില എന്ത് വരും?”
“തീവില. ക്വിന്റലിന് ഡോളർ ഇരുന്നൂറ്!”
“ഇനി വന്ന കാര്യം പറഞ്ഞോളൂ.”
“ബുദ്ധനെ സേവിക്കണം; ഐ മീൻ….. സംസാരത്തെ ത്യജിച്ച് നിർവ്വാണസ്സദ്യ ഉണ്ണണം.”
“കിണറ്റിൻകരയിലെ ആ വരിക്കപ്പിലാവ് കണ്ടോ?”
“കണ്ടു.”
“കൺകുളിർക്കെ കണ്ടോ?”
“കണ്ടു.”
“കിണറ്റിൻകരയിലെ ആ മരമാണ് സാക്ഷാൽ ബുദ്ധൻ. ഇനി
ചക്കയെണ്ണാനൊന്നും നിൽക്കാതെ സാധകന് നഗ്നപാദനായി പരിനിർവ്വാണത്തിലേക്കുള്ള യാത്ര തുടരാം.”
———————————————————————