‘സക്കറിയയുടെ കഥകള്‍’ സമ്പൂർണ്ണം: പുസ്തകത്തിന് എഴുത്തുകാരന്റെ കുറിപ്പ് വായിക്കാം

“മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1964-ലെ റിപ്പബിക് ദിന പതിപ്പിലാണ് എന്റെ ആദ്യത്തെ കഥ, ഉണ്ണി എന്ന കുട്ടി പ്രസിദ്ധീകരിച്ചത്. റിപ്പബ്ലിക് ദിന പതിപ്പില്‍ മലയാളത്തെ പ്രതിനിധീകരിച്ച് ഒരു ആദ്യകഥ തിരഞ്ഞെടുക്കുക എന്ന അസാധാരണ പത്രതീരുമാനമാണ് എന്‍.വി.കൃഷ്ണ വാരിയരും എം.ടി. വാസുദേവന്‍ നായരും എടുത്തത്.

ഞാന്‍ അന്ന് മൈസൂറിലെ ഒരു ലോഡ്ജില്‍ ഒരു മണ്ടന്‍ ശാസ്ത്രജ്ഞനെപ്പോലെ ജീവിതത്തെ കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പത്തൊമ്പതു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയാണ്. 1963 അവസാനം എനിക്ക് കിട്ടിയ എന്‍.വിയുടെ മാന്ത്രിക കത്ത് ഇത്ര മാത്രമേ പറഞ്ഞുള്ളു: കഥ കിട്ടി. താമസിയാതെ പ്രസിദ്ധീകരിക്കാം.’ സായാജിറാവു റോഡിലെ വരാന്തയില്‍ നടത്തുന്ന പത്രക്കടയില്‍നിന്ന് റിപ്പബ്ലിക് ദിന പതിപ്പ് വാങ്ങി നോക്കുമ്പോള്‍, എന്റെ കഥ അതിലുണ്ട്: എം.പി.സ്‌കറിയ സക്കറിയ ആയി മാറുകയായിരുന്നതിനാല്‍ അത് ഞാനാണെന്ന തോന്നല്‍ ഉറയ്ക്കാന്‍ കുറച്ചു സമയമെടുത്തു.

ഒട്ടും വൈകാതെ ഞാന്‍ ഒരു കഥ മോഷ്ടിച്ചു. മനോഹരമായ ഒരു യിദ്ദിഷ് കഥയായിരുന്നു അത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഞാനത് ഇഷ്ടം തോന്നി വിവര്‍ത്തനം ചെയ്യുകയാണുണ്ടായത്. ആര്‍ത്തിമൂലം എന്റേതായി പ്രസിദ്ധീകരിച്ചു. അയാള്‍,അവള്‍ എന്നാണ് മോഷണത്തിന്റെ പേര്. (മൂലകഥയുടെയും മൂലകഥാകൃത്തിന്റെയും പേര് മറന്നു. അക്കാലത്ത് ലൈബ്രറികളിലെ ഒരു സ്ഥിരം പുസ്തകമായിരുന്ന ഫിഫ്റ്റി ഗ്രേറ്റ് ഷോര്‍ട്ട് സ്‌റ്റോറീസ് എന്ന സമാഹാരത്തിലാണ് ആ കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഉണ്ടായിരുന്നത് എന്നാണെന്റെ ഓര്‍മ്മ.)

ഒഴുകിപ്പോകുന്നതുപോലെയായിരുന്നു ആദ്യ കഥയ്ക്കു ശേഷമുള്ള എന്റെ എഴുത്തുജീവിതം. ഓര്‍മ്മയില്‍ ഞാന്‍ ഉരുളികുന്നത്തെ പ്രകൃതിയിലൂടെ വിശന്നുവലഞ്ഞവനെപ്പോലെ മണ്ടി നടന്നു. മൈസൂറിലേയും ബാംഗ്ലൂരിലേയും രാത്രികളിലും പകലുകളിലും തെരുവുകളിലും പരമ്പരാഗത പാപത്തിന്റെയും ബുദ്ധികെട്ട ജീവിതത്തിന്റെയും തുണ്ടുകള്‍ തപ്പിപ്പെറുക്കി. ഇതാ എന്നെ പിടിച്ചോളൂ എന്ന മട്ടില്‍ നഗരത്തിന്റെ ഇരുട്ടുകളിലേക്കും വെളിച്ചങ്ങളിലേക്കും കൂപ്പുകുത്തി. വായിച്ചു. കണ്ണ് വേദനിക്കും വരെയും പുസ്തകം പിടിച്ച കൈ മരവിക്കുംവരെയും വായിച്ചു. പുസ്തകങ്ങളും വാരികകളും ഇംഗ്ലീഷുമായി കെട്ടിമറിഞ്ഞു. വിഡ്ഢികാമങ്ങളെ ചുമന്നു നടന്നു. സിനിമ കണ്ടു. പാട്ടു കേട്ടു. പ്രേമിച്ചു. മസാലദോശ തിന്നു. ബിയര്‍ കുടിച്ചു. കളിച്ചു.ചിരിച്ചു. അലഞ്ഞു. ഛര്‍ദ്ദിച്ചു. സ്വപ്‌നങ്ങളുടെ പൊടി തൂത്തുവാരിയെടുത്തു. എഴുതി.

കാഞ്ഞിരപ്പള്ളിയും കോയമ്പത്തൂരും ദല്‍ഹിയും എനിക്ക് കഥകള്‍ തന്നു. അരവിന്ദനും ജോണ്‍ എബ്രഹാമും സുരേഷ് പാട്ടാലിയും കഥകള്‍ തന്നു. യേശുക്രിസ്തുവും സിനിമയും ബാറുകളും കൂട്ടുകാരും കാമുകിമാരും കോഴികളും നായകളും കഥകള്‍ തന്നു. ദൈവം ഇടയ്‌ക്കെല്ലാം എത്തി നോക്കി പുഞ്ചിരിച്ചു. ചിലപ്പോള്‍ കണ്ണീര്‍ പൊഴിച്ചു. ദൈവത്തിന് സ്തുതി…”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English