നിങ്ങളൊരു ഹൃദയം തേടുന്നു,
മുൻപൊന്നും കാണാത്തൊരു ലോകം
തേടുന്നു,
ഇടവഴികളിൽ തളഞ്ഞു പോയ
കാറ്റിനോടൊ മറ്റോ വഴികൾ ആരായുന്നു
കല്ലിടകളിൽ നിന്നൊലിച്ചിറങ്ങാൻ
മടിക്കുന്ന പുഴമുഖത്തോട്
ദൂരമെന്തെന്നും അന്വേഷിക്കുന്നു.
ഓരാശ്ലേഷത്തിലൊതുങ്ങിയാൽ
നിന്നെയിന്ന് പൊഴിയുടെ
കരങ്ങളിലെത്തിക്കാം എന്ന്
പെയ്തിറങ്ങിയ മഴയവളോട് മൊഴിയുന്നു
(ഒരു ഗാഢശ്ലേഷത്തിൽ തീരാത്ത എന്തുണ്ടീ ലോകത്ത്?
ഉണ്ടെങ്കിൽ തന്നെ ഞാനതിലൊന്നും
വിശ്വസിക്കുന്നില്ലെന്ന്— ആത്മഗതം)
എനിക്കിവിടം വിട്ടു പോകേണ്ടെന്നും
അതിനായി കാലുകൾ നൽകരുതെന്നും
പുഴ കേണപേക്ഷിക്കുന്നു
ഇല്ലില്ല , നീയകലണം, നീയറിയണം
നീയൊരു ഹൃദയം തേടണം.
തീരം തേടാത്ത നൗകയിൽ, നീയിന്ന് ദൂരം തേടുമ്പോൾ നിലയില്ലാതായ നിന്റെ
മൗനങ്ങൾ പിന്നെയും ഒരു ഹൃദയം തേടുന്നു.
(ഇനിയില്ല എന്ന വ്യർഥ ചിന്തകൾ
എന്നെ നോക്കി മന്ദഹസിക്കുന്ന പോലെ
അതെന്ത്?
ഇതെന്തൊരു ലോകം, ഒരറ്റത്ത് ജനിക്കുന്ന
മോഹങ്ങൾ എന്ന സ്വപ്നങ്ങൾ
അതിന്റെ യവ്വനം തേടി അലയുന്ന പോലെ
–ആത്മഗതം )
ഒരു പളുങ്ക് ഹൃദയത്തെ നീ തേടുന്നു,
നിന്റെ മുറിവ് തെളിഞ്ഞു കാട്ടുന്ന
ഒരു മിഴിനീർത്തുള്ളി ആരിലോ
തേടുന്നു.
വഴി തേടി അലയുന്നതിനിടയിൽ
കാലിൽ തറച്ച
ഒരു തകർന്ന ഹൃദയത്തിന്റെ
കൂർത്ത മിനുത്ത ചീളിൽ
മാഞ്ഞു തുടങ്ങിയ വരികൾ വായിക്കുന്നു
അതിന്റെ ബാക്കി തേടി
പിന്നെയും നിങ്ങൾ യാത്ര തുടരുന്നു
നിങ്ങളൊരു ഹൃദയം തേടുന്നു…