യേശുവും സക്കേവൂസും

 

 

 

 

യുവകോമളാംഗനീശോ മൃതിനേരം കുറിച്ചുള്ളിൽ
യാഗപീഠ ലക്ഷ്യസ്ഥാനേ വേച്ചു ദുഃഖത്താൽ.
യാജകനാ,യാജമായീ ജനാവലീലേകനായി
ജറീക്കോ പട്ടണ മദ്ധ്യേ വെന്തുരുകിയാൻ.
മനമാടാ,തിഴവിഹം വരഞ്ഞിട്ട വഴിയിലൂ-
ടൊരടി വയ്ക്കും മുൻപവൻ ഓർത്തൊരായിരം:
“കഴിയുമോ പാനപാത്രം എടുത്തു മാറ്റീടുവാനീ
കദനവാരിധീന്നു നീ കരകയറ്റൂ!
തിരുഹിതം നിറവേറ്റാൻ മനസ്സുള്ളിൽ നുകമേന്തി
നടകൊൾവാനടിയനോ ഹിതം, അറിയൂ!”

ഉള്ളെരിയും കനൽപോലെ, ഘനശ്യാമാവൃതമായ
ഉദയമിത്രൻ പോല,വൻ ചിരി പരത്തി.
അനുഗതമക്ഷീന്നാരോ മറച്ച,വൻ വ്യാകുലങ്ങൾ
അക്ഷിയില്ലാ ചരാചരം ഉൾകണ്ണാൽ കാണ്പൂ.
മന്ദമാരുതന്റെവേഗം നിലച്ചനുക്ഷണം കൊ,ണ്ടർ-
ക്കനോ കൈകുടന്നാലാസ്യം മറച്ചു ദുഃഖാൽ.
വിടർന്നുടയുന്നു മെല്ലേ പാദയുഗ്മം പതിയുന്ന
വിഡൂരഭൂമീഭാവകം- കാലടിപ്പാടു്.
മരണം തിരക്കുമാജം കരയുന്ന ഭ്രമനാദം
ഇരുളിന്റെയോളങ്ങളിൽ അലയടിച്ചു.
സസ്യമഹാനസമട,ച്ചംബുദം ബാഷ്പാസ്ത്രമെയ്തു,
പൂവ് കുമ്പിട്ടടിസമക്ഷം കുറ്റക്കാരിപോൽ!

ഉള്ളിലാടലാഴി നിറച്ചുരുകിയുരുകി നീങ്ങു-
ന്നെള്ളോളം പരിഭവം കൂടാതുടയവൻ.
ജനാവലീന്നൊരു നോട്ടം തറച്ചാശുഗം പോലവൻ
കണ്ണി, ലുടഞ്ഞുൾകനൽ, ഉതിർന്നല്പ ലേതം!
കോർത്തുവരിഞ്ഞു നാലു കൺകൾ നൂലുകൊണ്ടെന്ന പോലെ,
നോട്ടമകലുന്തോറും നീറി രണ്ടു ഹൃത്തും.

സക്കേവൂസിൻ കണ്ണിൽ നിന്നാ കണ്ണുമാഞ്ഞേ, അറിഞ്ഞയ്യോ
സർവ്വലോകപാപഹരൻ ഇവനേ സത്യം.
ഒരു നോട്ടത്തൊരു കാവ്യം കുരുത്തവൻ മനതാരിൽ
ഒരു കാതമകലെയായ് ക്രൂശേറുമെന്നും,
പാപികളെ വീണ്ടെടുക്കാൻ പാപമില്ലാത്തവൻ പാപി –
പോലെ മുള്ളിൻ മുടിയേല്ക്കും, വിവസ്ത്രനാകും,
ചാട്ടയാലും കരത്താലും അടിപലതേറ്റു വാങ്ങും,
ചോര ധൂളിപോലെ കാറ്റിൽ ചീന്തുമെന്നതും,
തിരുമെയ്യോ തിരുവുള്ളാൽ തിരുയാഗമാക്കി തീർത്തു
തിരുഹിതം തികയ്ക്കൂന്നും, ചൊല്ലാതരുളി!

ഗ്രഹിച്ചയീ സത്യമോർത്താ സക്കേവൂസിൻ മനം തേങ്ങി
ഗ്രഹില മേനി ഭ്രമത്താൽ നടുങ്ങി പാരം!
ഗ്രസിച്ചവൻ ലക്ഷ്യസ്ഥാനം, മൃതി വരച്ചിട്ട വഴി,
തിരുമുഖം ദർശിക്കാനാശയേറിയോടി,
എത്തി മരചാരത്തു വേഗ,മത്തണലിൽ തങ്ങിയോൻ
എത്തിനോക്കി ദൂരത്തൂന്നാൾനദി വരുന്നേ!
പൊക്കമില്ലാത്തതിനാലേ പൊക്കമുള്ള മരത്തിൻമേൽ
പോക്കുവെയിലേറ്റിരുന്നാനീശോയെ കാണ്മാൻ.
ഊറിനിന്ന കണ്ണുനീരിൽ വെൺമുഖാബ്ജം പൂത്തുവന്നേ
ഉള്ളിലാരോ ചെണ്ടകൊട്ടി, നോവിച്ചവനെ.
എത്തി മരച്ചാരേ നാഥൻ പേർത്തിരമ്പുമാൾക്കൂട്ടവും
പൊത്തിൽ തത്ത പോലെ കുള്ളൻ പാത്തു ചില്ലയിൽ.

തോളുരുമിയാളു പോകേ താളമറ്റീശ്വരൻ നിന്നേ
താളുപോലെ കാറ്റിലാടും മരത്തേൽ നോക്കി.
കണ്ടു സക്കേവൂസിൻകൺകൾ പൊട്ടിയൊലിക്കുന്ന രംഗം
വീണ്ടും വീണ്ടും കണ്ണുകണ്ണിൽ കൊരുത്തുടക്കി.
കണ്ണിൽ നോക്കിക്കൊണ്ടിറങ്ങി,ക്കല്ലുഹൃത്തും നൊന്തുരുകി
കുഞ്ഞുപോലാഗതൻ മുമ്പിൽ നിന്നു സദയം.

“ഇന്നെനിയ്ക്കു നിന്റെ വീട്ടിൽ താമസിക്കാനേറെ മോഹം;
ഇന്നലെകൾ മറക്കുവാൻ ഇടവരട്ടെ!”
ഗുരുമൊഴി കേട്ടിട്ടവൻ ഗൃഹവഴീലവർ മുമ്പേ
ഗജരാജനെപ്പോൽ മന്ദം മന്ദം നടന്നു.
ഓഹരി കേട്ടു പിരിച്ചോരോർമ്മകൾ സോപാനമായേ!
ഓടി വരും കാറ്റു കണ്ണീർ തുടച്ചെടുത്തേ!

കാണുവാൻ ഞാൻ കൊതിച്ചപ്പോൾ കാനൽജലം പോലല്ലാതെ
വന്നു കൺകൾ മുൻപിൽ നിന്നേ! കൂടെ വസിച്ചേ!
ആത്മഗതത്താളത്താലേകാത്മമന്ദിരത്തിൻ വാതിൽ
ആത്മഗുരു,ശിഷ്യർ മുമ്പിൽ തുറന്നൊരുക്കി.

വിരുന്നുണ്ടാഗത വൃന്ദം വരവേറ്റോനുടനടി
വിവരിച്ചു മനഭാരം സങ്കടത്തോടെ:
“ചുങ്കം പിരിവാണെൻ വേല,ച്ചങ്കുപിടിച്ചൂറ്റി വാങ്ങി
ചങ്കുപാറയാക്കി ദിനം തോറും മദിച്ചു.
കണ്ണുനീരോടേറെ ജനം കണ്ഠക്ഷോഭം നടത്തീട്ടും
കേട്ടഭാവം നടിക്കാതേൻ പിഴിഞ്ഞു വീണ്ടും.”

കണ്ടുനിന്നോർ പുലമ്പുന്നേ:”നീശനീകണ്ടപാപികൾ-
ക്കൊപ്പമുണ്ണാനിരിക്കുന്നേ! കലികാലമോ?”
തത്ക്ഷണത്തിൽ ചുങ്കക്കാരൻ ഓർത്തു ദേവന്റാത്മയാഗം,
“പാപികൾ തൻ പാപം പോക്കാൻ ഉയിരേകിടും.”
മെല്ലെഴുന്നാ കൂട്ടത്തോടാ,യോതി: “സ്വസ്വത്തിൻ പകുതി
ഒന്നുമില്ലാത്തവർക്കായേ പകുത്തീടുന്നു.
വഞ്ചിച്ചെടുത്തതൊക്കെയും പുഞ്ചിരിച്ച,തുർ മടങ്ങായ്
വഞ്ചിക്കപ്പെട്ടവർക്കായേ കൊടുത്തീടുന്നേൻ.”
അമ്പരന്ന കൂട്ടരോടാ,യോതിയീശൻ: “ഈ കുടുംബം
അംബരത്തോളം വളർന്നേ! രക്ഷയും നേടി.”

കൊടുക്കുമ്പോളാണു പാരം ലഭിക്കുന്നതെന്നുമോർക്കാം
കൊടുത്തീടാം ജീവൻ പോലും! ജനിച്ചീടുവാൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചിലനേരങ്ങളിൽ
Next articleമോർച്ചറി
തിരുവനന്തപുരം ജില്ലയിലെ, നെയ്യാറ്റിൻകര താലൂക്കിൽ കാരോട് എന്ന പ്രദേശത്താണ് ജനനം. കേരള യൂണുവേഴ്സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിൽ ബിരുദം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English