മഞ്ഞപ്പൂക്കൾ

 

പതിനാറാമത്തെ ടോക്കൺ ആണ് കിട്ടിയത് …ഇനി മുന്നിൽ പതിനാലു പേര് ഉണ്ട്.. ഓരോരുത്തർക്കും അര മണിക്കൂർ വീതം ..അതുകഴിഞ് മരുന്ന് വാങ്ങാനുള്ള സമയം.. പിന്നെ സമയമുണ്ടെങ്കിൽ സ്ഥിരമായി ചിരിക്കാറുള്ള കറുത്ത് മെലിഞ്ഞ, ചുണ്ടിൻറ്റെ വലത്തേ സൈഡിൽ കാക്കാപ്പുള്ളിയുള്ള സിസ്റ്ററോട് കുറച്ചു കുശലം പറയണം ..കഴിഞ്ഞ തവണ വന്നപ്പോ ഒട്ടും സമയമുണ്ടായിരുന്നില്ല ..പിന്നെ ചെമ്പൻ കുതിരകളുടെ രൂപമുള്ള, തടിച്ച വലിയ ഗേറ്റിനു മുന്നിൽ എന്നും ഒരേ രൂപത്തിൽ കാവൽ നിൽക്കുന്ന കാവൽക്കരനോട് വിശേഷം ചോദിക്കണം ..ഒക്കുമെങ്കിൽ ‘ഇതൊരിക്കലും മടുക്കാറില്ലേ’ എന്നും ചോദിക്കണം ..ഇതൊക്കെയാണ് ഇന്നത്തെ പ്രധാന പരിപാടികൾ ..നിരയൊപ്പിച്ചു പാർക്ക് ചെയ്ത വാഹനങ്ങളുടെ നിര വലുതായി വന്നു ..ഒപ്പം വെയിലിന്റ ചൂടും ..പുറത്തോട്ടു നോക്കിയുള്ള ഇരുപ്പ് ഒട്ടും മടുപ്പിച്ചില്ല… ഒരുപാട് ചെടികളുണ്ട് ഡോക്ടറുടെ വീട്ടിൽ…വീട് മാത്രമല്ല ,ഒരു ചെറിയ ആശുപത്രി തന്നെ ..വന്നിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്..കഴിഞ്ഞ തവണ പത്തുപേരെ ഉണ്ടായിരുന്നുള്ളു …മാനസിക രോഗികളുടെ എണ്ണത്തിൽ കേരളം ഏറ്റവും മുന്നിലാണുള്ളതെന്ന് ഈയിടെ ഒരു ആർട്ടിക്കിൾ വായിച്ചതോർമ വന്നു …വിദ്യാസമ്പന്നരായ മാനസിക രോഗികൾ എന്തായാലും നാട് മുന്നോട്ട് തന്നെയാണ് കുതിക്കുന്നത് …കൂടുതൽ ചിന്തിക്കാതെ പേരറിയാത്ത പലതരം ചെടികളെയും അവയുടെ പൂക്കളെയും നോക്കിയിരുന്നു മഞ്ഞപ്പൂക്കളാണ് അധികവും ..ഈ വീടിന്റ നിറവും മഞ്ഞയാണ് ,,എന്ത് കൊണ്ടാണ് ഇത്രനാളും ഇതു ശ്രദ്ധിക്കാതെ പോയതെന്ന് ഓർത്തു …എന്നും കാണാറുള്ള മുറ്റം ,ചെടികൾ ,പൂക്കൾ …പക്ഷെ ഒരിക്കൽപോലും നിറം മാത്രം ശ്രദ്ധിച്ചിട്ടില്ല….. അടുത്തുള്ള കസേരകൾ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ….അധികം വൈകാതെ അടുത്തയാളും വന്നു.

     ഓട്ടോറിക്ഷയിലാണ് വന്നിറങ്ങിയത് …കൂടെ മധ്യവയസുള്ള ഒരു സ്ത്രീ ഉണ്ട് അമ്മയാണെന്ന് തോന്നുന്നു … …ഇരുപതോ അതിനടുത്തോ കാണും പ്രായം ..നീണ്ടു മെലിഞ്ഞ ,, വിളറിയ മുല്ലപ്പൂവിന്റ് നിറമുള്ള  ഒരു പെൺകുട്ടി ..കണ്ണുകൾ എന്തോ പരതുകയാണ്…ഒന്നിലും ഉറച്ചു നിൽക്കാത്ത കൃഷ്ണമണികൾ ഒടുക്കം തന്നിലാണ് വന്നു തറച്ചതെന്ന് അത്ഭുതത്തോടെ  അറിഞ്ഞു  .. ഇത്ര ചെറുപ്പത്തിൽ ഭ്രാന്തു വരുമോ”..ഓർത്തത് ഞെട്ടലോടെയാണ് …മുപ്പതു കടക്കാത്ത ഒരു ചെറുപ്പക്കാരനാണ് സ്വയമെന്ന് മറന്നു പോയതെന്തു കൊണ്ടാണ് …അതോ ഇനി ഭ്രാന്തൊക്കെ മാറിയോ.. വന്നത് തനിച്ചാണ് ..ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞിട്ടാണ് ,പിന്നെ വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നും സ്വയം എന്തുകൊണ്ടാണ് മറന്നത് …എന്നിട്ടും മുറ്റത്തെ കാഴ്ചയിലേക്ക് തന്നെ കണ്ണുകൾ നീണ്ടു ………………….. .

          ആ    പെൺകുട്ടി  ഇപ്പോഴും മുറ്റത്താണ് …വലിയ കുലകളായി പടർന്നു കിടക്കുന്ന മഞ്ഞ നിറമുള്ള ആ പൂക്കൾക്ക് മുന്നിൽ.അത് പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് …അമ്മയെന്ന് തോന്നിച്ച ആ സ്ത്രീ ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ട് ..വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല ..എന്തായാലും ചീത്ത പറയുകയാണെന്ന് ഉറപ്പാണ് ,ഇടയ്ക് കയ്യിലും പുറത്തു അടിക്കുന്നുമുണ്ട്.. വരാന്തയിലെ എല്ലാ കണ്ണുകളും അങ്ങോട്ടേക്ക് നീണ്ടു ..ചെറിയ ഭ്രാന്തന്മാർ വലിയ ആ ഭ്രാന്തിയെ നോക്കി ആസ്വദിച്ചു ..ആരും എഴുന്നേറ്റു പോയില്ല ..വലിയ ബഹളക്കാരായ രോഗികളെ ആശുപത്രിയിലാണ് നോക്കുന്നത് .ഇവർ അതറിയാതെയാണ് വന്നതെന്ന് ഉറപ്പാണ് .ഉച്ചവരെ മാത്രമാണ് ഡോക്ടർ ഇവിടെ…അത് വലിയ ഭാഗ്യമാണ് തന്നെപ്പോലുള്ള ചെറിയ ചെറിയ മാനസിക രോഗികൾക്ക് ആശ്വാസം ആശുപത്രിയിലെ അലർച്ചകളും മരവിപ്പിക്കുന്ന ശാന്തതയും  ,.അടുത്തയാൾ താനാണെന്ന ചിന്ത ഉണ്ടാക്കിയിരുന്നു … രാത്രികളിൽ ഓർമ്മ വരുന്നതും അതാണ് അതുകൊണ്ട് തന്നെ ഹാഫ് ഡേ ലീവെടുത്തു വരും..കുറച്ചു നേരം ഡോക്ടറോട് സംസാരിച്ച,ഉറങ്ങാനുള്ള ഗുളികയുംവാങ്ങി തിരിച്ചു പോകും ..കഴിഞ്ഞ രണ്ടുമൂന്നു വര്ഷമായുള്ള പതിവാണ് ..താനൊരു ചെറിയ ഭ്രാന്തനാണെന്ന് ഡോക്ടർ സമ്മതിച്ചു തന്നിട്ടുണ്ട് ..അതുകൊണ്ട് തന്നെ ഇടക്കിടെയുള്ള വരവ് മുടക്കാറില്ല…. പതിനഞ്ചാമത്തെ ടോക്കൺ ഇറങ്ങി ..അടുത്തത് താനാണല്ലോ …എഴുന്നേറ്റ് അകത്തേക്ക് നടക്കുമ്പോളും നോക്കിയത് മുറ്റത്തേക്കാണ് …വാടിയ മുല്ലപ്പൂവിന്റ് നിറമുള്ള ആ പെൺകുട്ടി ഇപ്പോഴും  അവിടെ തന്നെയുണ്ട് ..ആ  വലിയ മഞ്ഞപൂക്കളിൽ നോട്ടം വച്ചുകൊണ്ട് ….ഉള്ളിലേക്ക് കയറുമ്പോൾ സിസ്റ്ററെ കണ്ടു, നേരിയ ചിരിയുണ്ട് മുഖത്ത് ..അതുകൊണ്ട് തന്നെ തിരിച്ചു ചിരിച്ചില്ല …ഡോക്ടറോട് മാത്രം ചിരിച്ചു …കറുത്ത വീതിയുള്ള ഫ്രെയിം ഉള്ള കണ്ണട വെച്ച ഡോക്ടർ കമലഹാസനെ പോലെയാണ് …ചിരിക്കുമ്പോളും സംസാരിക്കുമ്പോളും ശബ്ദം ഇടറും എങ്കിലും കേൾക്കാൻ സുഖമാണ് …എ സി യുടെ തണുപ്പിൽ കസേര കുളിർത്തിരുന്നു എങ്കിലും തൊട്ടു മുൻപ് ഇരുന്നയാളുടെ ചൂട് അല്പം അവശേഷിച്ചിട്ടുണ്ട്  ..ഇടറുന്ന സ്വരത്തിൽ ഡോക്ടർ സംസാരിച്ചു തുടങ്ങി …”എന്താണ് സമീർ,സുഖമാണോ ”പതിവ് ചോദ്യങ്ങൾ ..പതിവുത്തരങ്ങൾ…ഇടയിൽ നോട്ടം പോയത് ജനാലയിലേക്കാണ് കർട്ടൻ മാറ്റിയിട്ടുണ്ട് ..ഇന്ന്  നീല നിറമുള്ള കർട്ടൻ ആണ്..സാദാരണ മഞ്ഞ നിറമുള്ള കാർട്ടനാണ് അവിടെ …പതിവില്ലാത്തൊരു അസ്വസ്ഥത തനിക്കുണ്ടെന്ന് തോന്നി അതുകൊണ്ട് തന്നെ ഡോക്ടറോട് കർട്ടൻ എന്തിനാണ് മാറ്റിയതെന്ന് ചോദിച്ചില്ല ..നിറം ഏതായാലെന്താ ,,,എല്ലാം ഒരുപോലെ തന്നെ ..പതിവ് പോലെ ഉറങ്ങാനുള്ള ഗുളികയും വാങ്ങി ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങി ..എന്ത് കൊണ്ടോ അന്നും കറുത്ത മെലിഞ്ഞ,, ചുണ്ടിൽ കാക്കാപ്പുള്ളിയുള്ള സിസ്റ്ററോട് ചിരിച്ചില്ല …പക്ഷെ അവർ തമ്മിൽ ചിരിക്കുന്നുണ്ടായിരുന്നു..

മുറിയിലെ ഉറക്കഗുളികളുടെ കൂമ്പാരം വലുതായി വരികയാണ് ഒരിക്കൽപോലും താനിത് കഴിക്കാറില്ല …ഉറക്കം വരാത്ത രാത്രികൾ ഉണ്ടായിട്ടേയില്ല ഇതു ശരിക്കും ഉറക്ക ഗുളിക തന്നെയാണോ …കൈയിലെ വെള്ളക്കവറിൽ നടുവിൽ വരയുള്ള വെള്ള ഗുളികയെ സംശയത്തോടെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല ..ആ പെൺകുട്ടി അപ്പോളും അതെ നിൽപ് തന്നെയാണ് ..ആ മഞ്ഞ പൂക്കൾക്ക് മുന്നിൽ പുറകിൽ ആശുപത്രിയുടെ വാൻ വന്നിട്ടുണ്ട് ..കുറെ ആൾക്കാരും ..അവരെല്ലാം കൂടെ ആ പെൺകുട്ടിയെ വനിലുള്ളിലേക്ക് പിടിച്ച കയറ്റാൻ നോക്കുന്നുണ്ട് ..പക്ഷെ അവൾ വാശിപിടിച്ചു നിൽക്കുന്നു ..അവൾക്ക് ആ വലിയ മഞ്ഞപ്പൂക്കൾ വേണം …അത് മാത്രമേ വേണ്ടു …പക്ഷെ അതാരും ശ്രദ്ധിക്കുന്നു പോലുമില്ല …എല്ലാവരും അവളെ വാനിലേക്ക് കയറ്റാൻ ഉള്ള ശ്രമമാണ് ..ഡോക്ടർ ഉള്ളതുകൊണ്ടാണ് ഇത്ര മയം,അല്ലെങ്കിൽ ഇതിനു മുന്നേ അടി വീഴുമായിരുന്നു …അമ്മയെന്ന് തോന്നിക്കുന്ന ആ സ്ത്രീ അവളുടെ മുടിയിൽ പിടിച്ചു വലിക്കുകയാണ് ..ഇനിയുള്ള അവളുടെ യാത്ര എവിടേക്കാണെന്ന ചിന്ത അയാളെ അലട്ടിക്കൊണ്ടിരുന്നു …എങ്കിലും അയാൾ ഓടി ചെന്ന് ആ പൂക്കൾ പൊട്ടിക്കാൻ തുടങ്ങി ..നല്ല ഉറപ്പുള്ള തണ്ടാണ്…ഒരു കുല പൂവെങ്കിലും പൊട്ടിച്ച ആ പെൺകുട്ടിക്ക് കൊടുക്കാനായിരുന്നു അയാളുടെ ശ്രമം.. ഒടുവിൽ

വിജയിച്ചു ..പൊട്ടിച്ചെടുത്ത  മഞ്ഞപ്പൂക്കൾ   വിളറിയ മുല്ലപ്പൂ നിറമുള്ള  ആ പെൺകുട്ടിക്ക് നേരെ  നീട്ടി  ..അവളതു  വാങ്ങി ,വിളറിയ ഒരു ചിരി ചിരിച്ചു …പിന്നെ അനുസരണയോടെ വാനിനകത്തേക്കു കയറിയിരുന്നു …ആ പൂക്കളെ താലോലിച്ചു കൊണ്ട് …ആ വാൻ പോയ വഴിയിലെല്ലാം അയാൾ നോക്കിനിന്നു ,അവിടെയെല്ലാം വിളറിയ മഞ്ഞ നിറമാണെന് എന്ത് കൊണ്ടോ അയാൾക്ക് തോന്നി .കാലുകൾ നീട്ടി വലിച്ചു കൊണ്ട് അയാൾ അതിവേഗം പാഞ്ഞു .അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക്  ……………………………………

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English