യാത്രയ്ക്കിടയിലെ സ്നേഹസ്പർശങ്ങൾ

shimla2882“ഓ, ഷുനിൽ ദാ”

ആ വിളി എനിക്കുള്ളതല്ലെന്നു കരുതി ഞാൻ പ്ലാറ്റ്ഫോമിലൂടെ തിരക്കിട്ടു നടന്നു.

ഷിംലയിൽ നിന്ന് ഏകദേശം അരമണിക്കൂർ നേരത്തെ ബസ്സുയാത്രയ്ക്കകലെയുള്ള കുഫ്രിയിൽപ്പോയി തിരികെ വന്നതായിരുന്നു ഞാൻ. ഉച്ച കഴിഞ്ഞിരുന്നു. രാവിലെ കഴിച്ചിരുന്ന വിനീതമായ പ്രാതൽ കുഫ്രിയിലെ മഞ്ഞു മൂടിയ കുന്നിൻ ചെരിവുകളിൽ ഉത്സാഹത്തോടെ ഓടി നടക്കുന്നതിനിടയിലെപ്പോഴോ ദഹിച്ചുപോയിരുന്നു. റെസ്റ്റോറന്റുകളുണ്ടായിരുന്നതു കുന്നിൻ മുകളിലായിരുന്നു. വിശപ്പിന്റെ കാര്യമോർമ്മ വന്നപ്പോഴേയ്ക്ക് കുന്നിൻ ചെരിവിലെ മഞ്ഞിലൂടെ അങ്ങു താഴേയ്ക്കിറങ്ങിപ്പോന്നുകഴിഞ്ഞിരുന്നു. മഞ്ഞിലോടിത്തളർന്ന കാലുകളുമായി വീണ്ടും കുന്നിൻ മുകളിലേയ്ക്കു കയറിച്ചെല്ലുക ബുദ്ധിമുട്ടായിത്തോന്നി.

തന്നെയുമല്ല, ടൂറിസ്റ്റുകൾ മാത്രം ചെന്നെത്തുന്ന കുഫ്രി പോലുള്ള സ്ഥലങ്ങളിലെ സ്റ്റാളുകളിലെ നിരക്കുകളെല്ലാം “ബ്ലേഡു” നിലവാരത്തിലുള്ളതായിരിയ്ക്കും. നിരക്കെത്ര ഉയർന്നതായാലും പ്രശ്നമില്ലാത്ത ടൂറിസ്റ്റുകളായിരിയ്ക്കും അവിടങ്ങളിൽ തിങ്ങിക്കൂടുന്നത്. കുഫ്രിയിലവർ ധാരാളമുണ്ടായിരുന്നു താനും. കുന്നിനുമുകളിലുള്ള റെസ്റ്റോറന്റുകൾക്കു മുന്നിലെ തിരക്ക്, താഴെ നിന്നുകൊണ്ടു തന്നെ ഞാൻ കണ്ടിരുന്നു. ഉത്തരേന്ത്യൻ പര്യടനത്തിന്റെ ചെലവു കഴിയുന്നത്ര കുറയ്ക്കണമെന്നു നിശ്ചയിച്ചിരുന്ന എനിയ്ക്കു നിരക്കുകൾ പ്രശ്നമായിരുന്നു. കുന്നു വീണ്ടും കയറിച്ചെന്ന് ‘ബ്ലേഡി’ൽ തല വച്ചുകൊടുക്കണമോയെന്നു സംശയിച്ചു നിൽക്കുന്നതിനിടയിൽ ഷിംലയ്ക്കുള്ള ബസ്സു കയറ്റം കയറി, വളവുകൾ തിരിഞ്ഞെത്തി. കുറഞ്ഞ നിരക്കിൽ, താരതമ്യേന മെച്ചപ്പെട്ട ആഹാരം ഷിംലയിൽക്കിട്ടും. ഓടിച്ചെന്നു ബസ്സിൽക്കയറി.

ഷിംലയിൽ മടങ്ങിയെത്തിയപ്പോഴേയ്ക്ക് വിശപ്പു കലശലായി. റെയിൽ‌വേസ്റ്റേഷനു സമീപം തന്നെ ബസ്സിറങ്ങി നേരേ പ്ലാറ്റ്ഫോമിലേയ്ക്കു നടന്നു. അക്കാലത്ത്, അതായത് എഴുപത്തൊമ്പതിൽ, റെയിൽ‌വേസ്റ്റേഷനുകളിലെ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾക്ക് രണ്ടു മൂന്നു ഗുണങ്ങളുണ്ടായിരുന്നു. ഒന്നാമത്, അവിടങ്ങളിലെ ആഹാരം ഉപദ്രവകാരിയായിരുന്നില്ല. രണ്ടാമത്, നിരക്കു കുറവായിരുന്നു. മൂന്നാമത്, അളവിൽ കുറവുണ്ടായിരുന്നുമില്ല. കേരളത്തിലെ ചില ഹോട്ടലുകളിലെ ഇഡ്ഡലിയുടെ കനം ഇടയ്ക്കിടെ കുറയുന്നതാണോർത്തു പോകുന്നത്. കാറ്റിൽപ്പറക്കുന്ന ഇഡ്ഡലിയായിരിയ്ക്കും പല ഹോട്ടലുകളിലും! അത്തരം കുഴപ്പങ്ങൾ അക്കാലത്തു സ്റ്റേഷനുകളിലെ വെജിറ്റേറിയൻ റെസ്റ്റോറന്റുകളിലുണ്ടായിരുന്നില്ല.

അങ്ങനെ, വെജിറ്റേറിയൻ റെസ്റ്റോറന്റ് അന്വേഷിച്ചുകൊണ്ട്, ഷിംല റെയിൽ‌വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ തിരക്കിട്ടു നടക്കുകയായിരുന്നു ഞാൻ. അപ്പോഴാണ്, “ഓ, ഷുനിൽ ദാ” എന്ന വിളി അകലെ നിന്നു കേട്ടത്.

ഷിംലയിലേയ്ക്കുള്ള എന്റെ പ്രഥമ സന്ദർശനമായിരുന്നു അത്. ഷിംലയിലുള്ള ആർക്കും എന്നെ പരിചയമില്ല. എനിയ്ക്കവരേയും. അതുകൊണ്ട്, “ഓ, ഷുനിൽ ദാ” എന്നുള്ള വിളി കേട്ടെങ്കിലും, അതു മറ്റേതെങ്കിലുമൊരു സുനിലിനുള്ളതായിരിയ്ക്കും എന്നു ഞാൻ തീർച്ചപ്പെടുത്തി, ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, വിശപ്പു മൂലമുള്ള ധൃതിയിൽ, മുന്നോട്ടു നടക്കുകയായിരുന്നു. അപ്പോഴാണ് ആരോ ഒരാൾ പുറകിൽ നിന്നോടിവന്ന് എന്റെ കൈയിൽക്കയറിപ്പിടിച്ചത്.

ഞാൻ തിരിഞ്ഞുനോക്കി. ഭൈട്ടി! ഇന്നലെ, കൽക്കയിൽ നിന്നു ഷിംലയ്ക്കുള്ള യാത്രയ്ക്കിടയിൽ എന്റെ മടിത്തട്ടു ചവിട്ടിമെതിച്ച ബംഗാളിക്കുട്ടികളിലൊരാൾ. അവന്റെ ഇളം മുഖത്തു വിരിഞ്ഞിരുന്ന മന്ദഹാസത്തിലെ പ്രകാശം എന്റെ ഉള്ളിലെവിടെയൊക്കെയോ സ്പർശിച്ചു.

ഭൈട്ടി പ്ലാറ്റ്ഫോമിലെ ഒരിടത്തേയ്ക്കു ചൂണ്ടിക്കാണിച്ചു. ബംഗാളിക്കൂട്ടം മുഴുവൻ അവിടെയുണ്ടായിരുന്നു. അവരിലെ മുതിർന്ന ഒരാളുടേതായിരുന്നു ആദ്യം കേട്ടിരുന്ന വിളി. അദ്ദേഹമെന്നെ മാടിവിളിച്ചുകൊണ്ട്, ഉറക്കെ ക്ഷണിച്ചു, “ഷുനിൽ ദാ, ആഷുൻ, ആഷുൻ”.

അല്പം മുമ്പു കേട്ട വിളിയും എനിയ്ക്കുള്ളതു തന്നെയായിരുന്നെന്ന് അപ്പോഴാണെനിയ്ക്കു മനസ്സിലായത്. ഭൈട്ടിയുടെ കൈ പിടിച്ചുകൊണ്ടു ഞാനവരുടെ അടുത്തേയ്ക്കു നടക്കുമ്പോളോർത്തു, ഇവരെന്നെ മറന്നിട്ടില്ലല്ലോ. ഒരു കുളിർമ്മയനുഭവപ്പെട്ടു.

പ്ലാറ്റ്ഫോമിൽ നിരത്തിയിട്ടിരുന്ന ചാക്കുകെട്ടുകളിലൊന്നിലേയ്ക്കു ചൂണ്ടിക്കൊണ്ട് കൂട്ടത്തിലെ മുതിർന്ന പുരുഷന്മാരിലൊരാൾ എന്നെ ഇരിയ്ക്കാൻ ക്ഷണിച്ചു. ‘സുരേന്ത’ എന്നാണു മറ്റുള്ളവർ അദ്ദേഹത്തെ ട്രെയിനിൽ വച്ചു വിളിയ്ക്കുന്നതു കേട്ടിരുന്നത്. ‘സുരേൻ ദാ’ എന്നായിരുന്നിരിയ്ക്കണം. സംഘത്തിലെ മറ്റംഗങ്ങൾ, വനിതകളുൾപ്പെടെ, എന്നെ നോക്കി സൌഹൃദഭാവത്തിൽ ചിരിച്ചു. അവർക്കറിയാവുന്ന മുറി ഹിന്ദിയിൽ കുശലപ്രശ്നം നടത്തി.

എന്റെ പേര് ഇവരെങ്ങനെ മനസ്സിലാക്കി! ഞാനത്ഭുതപ്പെട്ടു പോയി. “ആപ്കോ മേരാ നാം കൈസേ മാലൂം ഹോ ഗയാ?” ഞാൻ ചോദിച്ചു.

“ആപ്കേ ബാഗ് പർ ഥാ.” സുരേൻ ദാ വിശദീകരിച്ചു.

ഇംഗ്ലീഷിൽ, നല്ല വലിപ്പത്തിലായിരുന്നു, ഞാനെന്റെ പേരും മേൽ‌വിലാസവും എയർബാഗുകളിൽ എഴുതിവച്ചിരുന്നത്. ബാഗുകൾ യാത്രയുടെ കൂടുതൽ സമയവും ബംഗാളിക്കൂട്ടത്തിന്റെ സംരക്ഷണയിലുമായിരുന്നല്ലോ. സ്റ്റേഷനിൽ നിന്നു കുറച്ചകലെ, പതിമ്മൂന്നു രൂപ വാടകയ്ക്ക് തലേന്നു വൈകുന്നേരമെടുത്തിരുന്ന ഹോട്ടൽ മുറിയിൽ എയർബാഗുകൾ വച്ചു പൂട്ടിയ ശേഷമാണ് രാവിലേ തന്നെ കുഫ്രിയിലേയ്ക്കു പോകാൻ ഞാനിറങ്ങിയിരുന്നത്.

ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ അവരെന്റെ മുഖത്തെ ക്ഷീണം ശ്രദ്ധിച്ചിരുന്നിരിയ്ക്കണം. ഒരു ദീദി ഒരിലയിൽ ചൂടാറാത്ത ചപ്പാത്തിയും ദാളും കൊണ്ടു വന്നു. “ആപ് ഖായിയേ”.

സ്നേഹപൂർവ്വമുള്ള ആ ക്ഷണം നിരസിയ്ക്കാനെനിയ്ക്കായില്ല. നല്ല വിശപ്പു മൂലം വെജിറ്റേറിയൻ റെസ്റ്റോറന്റ് അന്വേഷിച്ചു നടക്കുകയുമായിരുന്നല്ലോ. തേടിയ വള്ളിതന്നെ കാലിൽച്ചുറ്റി! ആഹാരത്തിനു മുമ്പു കൈകഴുകണമെന്ന നിബന്ധനപോലും ഞാൻ മറന്നു. ചൂടൻ ചപ്പാത്തിയും ദാളും ആർത്തിയോടെ കഴിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ആരോ ക്ഷമാപണസ്വരത്തിൽ പറഞ്ഞു, “യേ ബച്ചോം നേ കൽ ആപ്കോ ബഹുത്ത് തംഗ് കിയാ ഥാ. വെരി സോറി.”

തലേന്നുച്ചയ്ക്കു കൽക്കയിൽ നിന്നു ഷിംലയ്ക്കുള്ള നാരോ ഗേജ് ട്രെയിനിൽ കയറിയപ്പോൾ കമ്പാർട്ടുമെന്റിൽ തീരെ തിരക്കുണ്ടായിരുന്നില്ല. ഹിമാലയത്തിൽപ്പെട്ട ശിവാലിക് പർവ്വതങ്ങൾക്കിടയിലൂടെയും നിരവധി തുരങ്കങ്ങൾക്കുള്ളിലൂടെയുമുള്ള ആ യാത്ര ശരിയ്ക്കാസ്വദിയ്ക്കണമെങ്കിൽ ജനലിനരികിൽത്തന്നെയിരിയ്ക്കണം. ഇച്ഛിച്ച പോലെ, ജനലരികിലുള്ളൊരു സീറ്റു തന്നെ കിട്ടി. സന്തോഷത്തോടെ ഇരിപ്പുറപ്പിച്ചു. എയർബാഗുകൾ രണ്ടും സീറ്റിനടിയിൽ, കാലുകൾ കൊണ്ടെപ്പോഴും പരിശോധിച്ചു തൃപ്തിപ്പെടാവുന്ന വിധത്തിൽ വച്ചു.

പക്ഷേ, ആ ശാന്തത നീണ്ടു നിന്നില്ല. ഒരു വലിയ ആൾക്കൂട്ടം കോലാഹലത്തോടെ വന്നു കയറി. വിവിധ വലിപ്പത്തിലുള്ള കുറേ ചാക്കുകെട്ടുകളുണ്ടായിരുന്നു അവരുടെ പക്കൽ. ബംഗാളിക്കുടുംബങ്ങളുടെ ഒരു സംഘമായിരുന്നു അത്. എന്റേതുൾപ്പെടെ, അടുത്തടുത്ത പല ക്യാബിനുകളും അവർ കൈയ്യടക്കി.

നമ്മുടെ കൊച്ചി-ചെന്നൈ-ഡൽഹി ബ്രോഡ്ഗേജ് ട്രെയിനുകളോടുന്നത് നാലേമുക്കാലടി വീതിയുള്ള പാളത്തിലാണ്. വീതി കൂടിയ പാളത്തിലോടുന്നതായതുകൊണ്ട് ആ ട്രെയിനുകളുടെ ബോഗികൾ വലുതാണ്; അവയ്ക്കുള്ളിൽ ഇടവും ധാരാളം. എന്നാൽ, കൽക്കയിൽ നിന്നു ഷിംലയ്ക്കുള്ള ട്രെയിനോടുന്ന പാളത്തിനു രണ്ടരയടി വീതി മാത്രമേയുള്ളു. കമ്പാർട്ടുമെന്റിനകത്ത് ഇടം തീരെക്കുറവ്. മീറ്റർ ഗേജ് ബോഗികളേക്കാൾ ഇടുങ്ങിയത്. രണ്ടടി വീതി മാത്രമുള്ള, സിലിഗുഡി–ഡാർജിലിംഗ് നാരോ ഗേജുമായി താരതമ്യം ചെയ്യുമ്പോൾ മാത്രം ഒരല്പം ഭേദം.

ചെറിയ ബോഗികളായിരുന്നതുകൊണ്ട് ഷിംല ട്രെയിനിൽ സീറ്റുകളുടെ മുകളിൽ ലഗ്ഗേജ് കാരിയറുണ്ടായിരുന്നില്ല. എല്ലാ സീറ്റുകളുടെ മുന്നിലും ഇടയിലും അടിയിലുമെല്ലാമുള്ള ഇടം മുഴുവൻ ബംഗാളിക്കൂട്ടം ചാക്കുകെട്ടുകൾകൊണ്ട്, അക്ഷരാർത്ഥത്തിൽ, കുത്തി നിറച്ചു. അവയിൽച്ചില കെട്ടുകൾ എന്റെ കാലുകളിന്മേൽ ചാരിയിരുന്നു. എനിയ്ക്ക് എഴുന്നേൽക്കുക പോയിട്ട്, കാലൊന്നനക്കാൻ പോലും വയ്യാതായി.

ബംഗാളിക്കൂട്ടത്തിൽ ചെറു കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെയുണ്ടായിരുന്നു. പകുതിയിലേറെയും വനിതകൾ. കുട്ടികളിൽച്ചിലർ എന്റേയും ജനലിന്റേയും ഇടയിൽ നുഴഞ്ഞു കയറി. നിമിഷങ്ങൾക്കകം ജനലരികിലുള്ള സീറ്റ് എനിയ്ക്കു നഷ്ടപ്പെട്ടു.

ചാക്കുകെട്ടുകളുടെ തള്ളിക്കയറ്റത്തിനിടയിൽ എന്റെ എയർബാഗുകൾക്കു സ്ഥാനചലനമുണ്ടായി. സീറ്റിനടിയിൽ ഭദ്രമായി വച്ചിരുന്ന ബാഗുകൾ അല്പം കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ അവിടെയുണ്ടായിരുന്നില്ല. പകരം അവിടേയും ചാക്കുകെട്ടുകൾ തന്നെ. എന്റെ പരിഭ്രമം കണ്ട് ബംഗാളിക്കൂട്ടത്തിലൊരാൾ എന്റെ തോളത്തു തോണ്ടി, നടുവിലുള്ള വഴിയ്ക്കപ്പുറത്തെ ജനലിനടുത്തുണ്ടായിരുന്ന ചാക്കുകെട്ടുകൾക്കു മുകളിലേയ്ക്കു ചൂണ്ടിക്കാണിച്ചു. എന്റെ ബാഗുകൾ രണ്ടും ചാക്കുകെട്ടുകളുടെ മുകളിൽ കയറിയിരിയ്ക്കുന്നു! വെണ്ടയ്ക്കാ അക്ഷരത്തിൽ അവയിലെഴുതിവച്ചിരുന്ന എന്റെ പേരും മേൽ‌വിലാസവും വ്യക്തമായി കാണുകയും ചെയ്യാം.

ട്രെയിൻ യാത്രയ്ക്കിടയിൽ പണവും ടിക്കറ്റും എപ്പോഴും എന്നോടൊപ്പം തന്നെ, എന്നു വച്ചാൽ, എന്റെ ശരീരത്തിൽത്തന്നെ, ഉണ്ടാകും. അവ ബാഗുകളിൽ വയ്ക്കാറില്ല. ലഗ്ഗേജ് മുഴുവനും നഷ്ടപ്പെട്ടാൽപ്പോലും സുരക്ഷിതമായി വീട്ടിൽ മടങ്ങിയെത്താൻ പണവും ടിക്കറ്റും മതിയാകും. ഈ രണ്ട് എയർബാഗുകളിലും വിലപ്പെട്ടതൊന്നുമുണ്ടായിരുന്നില്ല. അവ നഷ്ടപ്പെട്ടാൽ അല്പം ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്നതൊഴികെ, ഗുരുതരപ്രശ്നങ്ങൾക്കൊന്നും അതിടവരുത്തുകയില്ല.

ഒരു ബാഗിൽ എന്റെ വിനീതനായ ക്യാമറയുണ്ടായിരുന്നു: ആഗ്ഫാ ക്ലിക് ത്രീ. ബ്ലാക്ക് ആന്റ് വൈറ്റ്. ലോഡു ചെയ്ത ക്യാമറ. ഷൂട്ടു ചെയ്തതും ചെയ്യാത്തതുമായ ഏതാനും റോൾ ഫിലിമുകളും ബാഗിലുണ്ടായിരുന്നു. ട്രെയിൻ ചലിയ്ക്കാൻ തുടങ്ങുമ്പോൾ ബാഗിൽ നിന്നു ക്യാമറ പുറത്തെടുത്ത് ഇടയ്ക്കിടെ ക്ലിക്കു ചെയ്യാനായിരുന്നു പ്ലാൻ. ഞാനോരോ മിനിറ്റിലും തല തിരിച്ച്, എയർബാഗുകളുടെ നേരേ നോക്കിക്കൊണ്ടിരുന്നു. ബാഗുകളെപ്പറ്റിയുള്ള എന്റെ വേവലാതി കണ്ട്, ബംഗാളിക്കൂട്ടത്തിലെ ഒരു വനിത എന്റെ ബാഗുകൾ തൊട്ട് “ഇവ ഇവിടെ സുരക്ഷിതം, ഒട്ടും ഭയപ്പെടേണ്ട” എന്നാംഗ്യം കാണിച്ചു. ബാഗുകൾ സുരക്ഷിതമായിരിയ്ക്കുന്നതു തന്നെ വലിയ ആശ്വാസം. യാത്രയ്ക്കിടയിലെ ഫോട്ടോഷൂട്ടു ഞാൻ വേണ്ടെന്നും വച്ചു.

തമിഴരാണ് ഏറ്റവുമധികം വർത്തമാനം പറയുന്ന ജനത എന്നാണു ഞാൻ അതുവരെ കരുതിയിരുന്നത്. ചെന്നൈയിൽ താമസിച്ചിരുന്ന കാലത്തു രൂപം കൊണ്ട തോന്നലായിരുന്നു അത്. ഷിംലയ്ക്കുള്ള അന്നത്തെയാ യാത്രയോടെ സംസാരത്തിന്റെ കാര്യത്തിൽ ബംഗാളികളുടെ മുന്നിൽ തമിഴർ ഒന്നുമല്ലെന്നു തോന്നിപ്പോയി. കുട്ടികളും മുതിർന്നവരുമെല്ലാം ഒരേ പോലെ സംഭാഷണപ്രിയരായിരുന്നു. വനിതകളായിരുന്നു കൂടുതൽ വാചാലർ. ആറു മണിക്കൂർ യാത്രയ്ക്കിടയിൽ ഒരാളെങ്കിലും അല്പനേരമെങ്കിലും നിശ്ശബ്ദമായി ഇരുന്നില്ല. പത്തിരുപതുപേർ ഒരേ സമയം വർത്തമാനം പറഞ്ഞാലെങ്ങനെയുണ്ടാകും! അതും വ്യത്യസ്ത ക്യാബിനുകളിലിരുന്നവർ തമ്മിൽ, അന്യരുടെ ശിരസ്സുകൾക്കു മുകളിലൂടെ, ഉച്ചത്തിൽ!

നിന്നു തിരിയാനനുവദിയ്ക്കാത്ത വിധം കുത്തിനിറച്ചിരിയ്ക്കുന്ന ചാക്കുകെട്ടുകളും, തിക്കിത്തിരക്കുന്ന കുട്ടികളും, സദാ ചിലച്ചുകൊണ്ടിരിയ്ക്കുന്ന മുതിർന്നവരും! ഒരു സാധാരണ ട്രെയിൻ യാത്ര അസഹ്യമായിത്തീരാൻ ഇവ ധാരാളം. പക്ഷേ, കൽക്കയിൽ നിന്നു ഷിംലയിലേയ്ക്കുള്ള ട്രെയിൻ‌യാത്ര മറ്റു യാത്രകളെപ്പോലുള്ളതല്ല. കൽക്ക വിട്ടതോടെ പുറത്തെ പ്രകൃതിദൃശ്യങ്ങളുടെ മാസ്മരികതയിൽ മറ്റുള്ളവരോടൊപ്പം ഞാനും മയങ്ങിപ്പോയി. കിലോമീറ്ററുകൾ കഴിയുന്തോറും നാമുയർന്നുയർന്നു പോകുന്നതു അനുഭൂതിയുണർത്തുന്നൊരു കാര്യമാണ്. ചക്രവാളം ക്രമേണ വിസ്തൃതമാകുകയും, ലോകം മുഴുവനും സ്ലോമോഷനിൽ ദൃശ്യമാകുകയും ചെയ്യുന്ന പ്രതീതി. അന്തരീക്ഷം സുഖശീതളമാവുകയും ചെയ്യുന്നു.

കൽക്കയ്ക്കും ഷിംലയ്ക്കുമിടയിൽ നിരവധി തുരങ്കങ്ങളുണ്ട്. തുരങ്കത്തോടടുക്കുമ്പോൾ കമ്പാർട്ടുമെന്റിലെ ലൈറ്റുകൾ തെളിയുന്നു. അതോടെ ബംഗാളിക്കൂട്ടം ഉദ്വേഗഭരിതരാകുന്നു. ആദ്യത്തെ ഏതാനും തുരങ്കങ്ങളെ അവർ, പ്രായഭേദമെന്യേ, ആഹ്ലാദാരവത്തോടെ എതിരേറ്റു. ആദ്യത്തെ തുരങ്കം കഴിഞ്ഞപ്പോൾ, എന്റെ മടിയിലുമുണ്ട് ഒരു കുട്ടി! അത് ഈ ഭൈട്ടിയായിരുന്നു.

നൂറിലേറെ ടണലുകളാണു വഴിയിലുണ്ടായിരുന്നത്. തുരങ്കങ്ങളെത്തിയപ്പോളൊക്കെ ജനലിനടുത്തിരുന്ന മുതിർന്ന കുട്ടികളുടെ ശിരസ്സിനു മുകളിലൂടെ അവ കാണാനായി ഭൈട്ടി എന്റെ മടിത്തട്ടു ചവിട്ടിമെതിച്ചു. ഭൈട്ടി ഇറങ്ങിപ്പോയപ്പോഴൊക്കെ മറ്റേതെങ്കിലും കുട്ടി അവർക്കായി സംവരണം ചെയ്യപ്പെട്ട ഇരിപ്പിടമെന്ന പോലെ, അധികാരപൂർവ്വം, എന്റെ മടിയിൽ കയറിയിരുന്നു.

കുറേയേറെ ടണലുകൾ കഴിഞ്ഞ്, ജനത്തിന്റെ ആകാംക്ഷ കുറഞ്ഞപ്പോൾ ഭൈട്ടി എന്റെ മടിയിലിരുന്ന് ഉറക്കം പിടിച്ചു. അന്ന് അവിവാഹിതനായിരുന്ന എന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങിയ ആദ്യത്തെ കുട്ടി ഭൈട്ടിയെന്ന, ഒരു മുൻപരിചയവുമില്ലാത്ത, ഈ ബാംഗാളിക്കുട്ടിയായിരുന്നു. അവനെന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്നതു കണ്ട് വനിതകൾ പരസ്പരം, “ദേഖ്, ഭൈട്ടി സോ ഗയാ” എന്നു പറയുന്നുണ്ടായിരുന്നു.

ഞാനന്നു ശിശുപ്രിയനായിരുന്നില്ല. കുട്ടികളും ചാക്കുകളും കോലാഹലവും; ഞാൻ പ്രതിഷേധിച്ചില്ലെങ്കിലും, എനിയ്ക്ക് അലോസരം തോന്നിയിരുന്നു. ഇടയ്ക്കെങ്കിലും ആ അലോസരമെന്റെ മുഖത്തു പ്രതിഫലിച്ചു കാണണം. ഞാൻ നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരുന്ന ‘പീഡനം’ കുറേക്കഴിഞ്ഞപ്പോളെങ്കിലും ബംഗാളിക്കൂട്ടത്തിലെ ചില വനിതകളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഭൈട്ടിയേയും മറ്റു കുട്ടികളേയും കർക്കശമായി ശാസിച്ചു. എന്നാൽ, കുട്ടികളാ ശാസന ശ്രദ്ധിച്ചതു പോലുമില്ല.

കുട്ടികൾ ചാക്കുകെട്ടുകളുടെ മുകളിലൂടെ കുതികുത്തി മറിയുകയും, വീതികുറഞ്ഞ ഇടനാഴിയിലൂടെ അപകടകരമാം വിധം അങ്ങോട്ടുമിങ്ങോട്ടുമോടുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടികളുടെ നേരേയുള്ള ശകാരവർഷം ഇടയ്ക്കിടെ നടന്നെങ്കിലും, അതൊരിയ്ക്കലും ശാരീരികപീഡനത്തിലേയ്ക്കെത്തിയില്ല. ബംഗാളിക്കൂട്ടത്തിലെ മുതിർന്ന പുരുഷന്മാരുടെ ക്ഷമാശക്തി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവർ അക്ഷോഭ്യരായിരുന്നു.

ട്രെയിൻ ഷിംലയിലെത്തിയപ്പോൾ ഇരുട്ടാകാറായിരുന്നു. ഷിംലയിലെ താമസത്തിനായി കുറഞ്ഞ നിരക്കുള്ളൊരു ഹോട്ടൽമുറി കണ്ടു പിടിയ്ക്കേണ്ടിയിരുന്നതുകൊണ്ട്, ട്രെയിൻ ഷിംലയിലെത്തിയ ഉടൻ, ബംഗാളിക്കൂട്ടം ചാക്കുകെട്ടുകളുമായി ഇറങ്ങാനൊരുങ്ങുന്നതിനു മുമ്പു തന്നെ ഞാൻ ബാഗുകളുമെടുത്തു ചാടിയിറങ്ങി സ്ഥലം വിട്ടിരുന്നു.

പിന്നീടിപ്പോഴാണു ബംഗാളിക്കൂട്ടത്തെ കാണുന്നത്. അവരെ വീണ്ടും കണ്ടുമുട്ടുമെന്നു തീരെക്കരുതിയിരുന്നതല്ല.

വിളമ്പിത്തരുന്നതു മുഴുവൻ മടികൂടാതെ തിന്നുന്നവരെ ബംഗാളിവനിതകൾക്കും ഇഷ്ടമായിരുന്നിരിയ്ക്കണം. എന്റെ ആർത്തി കണ്ട്, ചൂടൻ ചപ്പാത്തിയും ദാളും അവർ വീണ്ടും വിളമ്പിത്തന്നു. ആഴ്ചകൾക്കു മുമ്പ് ടൂറിനിറങ്ങിപ്പുറപ്പെട്ട ശേഷം ആദ്യമായി ആഹാരം കഴിച്ചു തൃപ്തിയടഞ്ഞു.

ആഹാരം കഴിയ്ക്കുന്നതിനിടയിൽ അവരെപ്പറ്റി പല കാര്യങ്ങളും ഞാൻ മനസ്സിലാക്കി.

പശ്ചിമബംഗാളിലെ ബർദ്ധമാനിലും (ബർദ്വാൻ) ബാണ്ടെലിലും (ബാൻഡെൽ) ഉള്ള റെയിൽ‌വേ ജീവനക്കാരുടേതായിരുന്നു, ആ ബംഗാളിക്കുടുംബങ്ങൾ. അവർക്കു ട്രെയിൻ യാത്ര ഏകദേശം പൂർണ്ണമായിത്തന്നെ സൌജന്യമായിരുന്നു. പോകുന്നിടത്തൊക്കെ അവർ അരിയും പലവ്യഞ്ജനങ്ങളും സ്റ്റൌവ്വും മണ്ണെണ്ണയുമെല്ലാം കൊണ്ടുനടന്നു. ട്രെയിനുകളിൽ മണ്ണെണ്ണ നിരോധിതമാണെന്നായിരുന്നു എന്റെ അറിവ്. റെയിൽ‌വേ ജീവനക്കാരായിരുന്നതുകൊണ്ടാകാം, അവർക്ക് അത്തരം തടസ്സങ്ങളൊന്നുമുണ്ടാകാഞ്ഞത്. പ്ലാറ്റ്ഫോമിൽ കത്തിക്കൊണ്ടിരുന്ന മണ്ണെണ്ണ സ്റ്റൌവ്വിനു മുകളിൽ ചപ്പാത്തികൾ തുടരെത്തുടരെ, അനായാസം ഉണ്ടായിക്കൊണ്ടിരുന്നു.

ചെന്നിറങ്ങുന്ന റെയിൽ‌വേസ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ സൌകര്യമുള്ളൊരിടത്തു ചാക്കുകെട്ടുകളിറക്കിവച്ച്, അവിടെ താത്കാലികവാസം തുടങ്ങുന്നത് അവരുടെ പതിവായിരുന്നു. പാചകത്തിന്റെ ചുമതല വഹിയ്ക്കുന്ന ഏതാനും പേർ പാചകം നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ മറ്റുള്ളവർ സ്ഥലങ്ങൾ ചുറ്റിനടന്നു കാണാൻ പോകുന്നു. അവർ മടങ്ങിവരുമ്പോഴേയ്ക്ക് ആഹാരം റെഡി! രാത്രി എല്ലാവരും പ്ലാറ്റ്ഫോമിൽത്തന്നെ പായ് വിരിച്ചു കിടന്നുറങ്ങും. ഇത്തരത്തിൽ ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് അവരെന്നോടു പറഞ്ഞു.

അല്പം മുമ്പു ഞാൻ കുഫ്രിയിൽ നിന്നു ഷിംലയിലേയ്ക്ക് മടങ്ങിവന്നത് തെല്ലൊരു മ്ലാനതയോടെയായിരുന്നു. കുഫ്രിയിലെ മഞ്ഞിൽ സകലരും കുട്ടികളെപ്പോലെ ഓടിച്ചാടി നടന്ന് ആഹ്ലാദിച്ചിരുന്നു. ഞാനും അല്പമൊക്കെ ഓടിനടന്നു. പക്ഷേ, തനിച്ചായിരുന്നതുകൊണ്ടു പെട്ടെന്നു തളർന്നു. അത്തരം സന്ദർശനങ്ങൾ ശരിയ്ക്കും ആഹ്ലാദകരമാകണമെങ്കിൽ ആരെങ്കിലുമൊക്കെ കൂടെയുണ്ടാകണം. സംഘം ചേർന്നുള്ള യാത്രയാണ് അത്തരം സ്ഥലങ്ങളിൽ ഏറ്റവും രസകരം. അന്യർ സംഘം ചേർന്ന് ആഘോഷിച്ചു തിമിർക്കുന്നതു കണ്ടപ്പോൾ “ആൾക്കൂട്ടത്തിൽ തനിയേ” എന്ന വിഷാദം എനിയ്ക്കുണ്ടായി.

ഷിംല റെയിൽ‌വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചു കിട്ടിയ ബംഗാളിക്കൂട്ടത്തിന്റെ സ്നേഹോഷ്മളമായ സൽക്കാരം എന്റെ മ്ലാനത മുഴുവനകറ്റി. അവർ തന്ന ചപ്പാത്തിയുടേയും ദാളിന്റേയും രുചി ഇന്നും നാവിലുണ്ട്. അവരുടെ “ഷുനിൽ ദാ” എന്ന വിളി കാതുകളിൽ മുഴങ്ങുകയും ചെയ്യുന്നു. ഭൈട്ടിയുടെ പ്രകാശിയ്ക്കുന്ന മുഖവും മറക്കാനാവില്ല.

ട്രെയിനിൽ നിന്നു ഞാനിറങ്ങിപ്പോന്ന ശേഷവും അവരെന്നെ ഓർത്തിരിയ്ക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. അവരെന്നെ ഓർത്തിരിയ്ക്കുകയും, വിളിച്ചുവരുത്തി സൽക്കരിയ്ക്കുകയും ചെയ്തെന്നു മാത്രമല്ല, ഞാനെന്നെങ്കിലും പശ്ചിമബംഗാൾ സന്ദർശിയ്ക്കുകയാണെങ്കിൽ, അന്നു ബർദ്ധമാനിൽച്ചെന്ന് അവരുടെ ആതിഥ്യം സ്വീകരിച്ചോളാമെന്ന് എന്നെക്കൊണ്ടു സമ്മതിപ്പിയ്ക്കുകയും ചെയ്തു.

ഏ ടി എമ്മുകളില്ലാതിരുന്നൊരു കാലത്ത്, രണ്ടായിരത്തഞ്ഞൂറു രൂപയും കൊണ്ട് അമ്പത്തഞ്ചു ദിവസത്തെ ഉത്തരേന്ത്യൻ പര്യടനത്തിനിറങ്ങിയതായിരുന്നു ഞാൻ. നൂറ്റിമുപ്പതു രൂപയ്ക്ക് അയ്യായിരത്തഞ്ഞൂറു കിലോമീറ്റർ സഞ്ചരിയ്ക്കാവുന്നൊരു സർക്യുലർ ടൂർ ടിക്കറ്റു തരാൻ ആസ്സാമിലെ നോർത്തീസ്റ്റ് ഫ്രോണ്ടിയർ റെയിൽ‌വേ തയ്യാറായതായിരുന്നു, എന്റെ യാത്രയ്ക്കുണ്ടായ മുഖ്യ പ്രചോദനം. ബംഗാളിക്കൂട്ടവുമായുള്ള കണ്ടുമുട്ടൽ ചെലവു വീണ്ടും ചുരുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. രാത്രിയുറക്കത്തിനു മാത്രമായി റെയിൽ‌വേ സ്റ്റേഷനിലോ ഹോട്ടലിലോ മുറിയെടുക്കുന്ന പതിവു ഞാൻ നിറുത്തി. പകരം പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങാൻ തുടങ്ങി.

പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നതു നിയമവിരുദ്ധമായിരുന്നെങ്കിലും, അക്കാലത്തു ബഹുശതമാളുകൾ പ്ലാറ്റ്ഫോമിൽക്കിടന്നുറങ്ങിയിരുന്നു. ഞാനും അക്കൂട്ടത്തിലൊരാളായി. ഉത്തരേന്ത്യയിലെ ഏതാണ്ട് ഒരു ഡസൻ സ്റ്റേഷനുകളിലെങ്കിലും രാത്രി പ്ലാറ്റ്ഫോമിൽ നിലത്തു ഷീറ്റു വിരിച്ചു ഞാൻ സസുഖം കിടന്നുറങ്ങി. ഉണരുമ്പോഴേയ്ക്ക് എയർബാഗുകൾ രണ്ടും അപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന എന്റെ ഭീതി അസ്ഥാനത്തായി. തോക്കുധാരികളായ “ഡാക്കു”കളെ നേരിട്ടുകണ്ടതു ഗ്വാളിയോറിൽ വച്ചായിരുന്നു. അവിടത്തെ സ്റ്റേഷനിൽപ്പോലും എന്റെ ബാഗുകൾ സുരക്ഷിതമായിരുന്നു.

ഷിംലയിൽ നിന്നു ഞാൻ കറങ്ങിത്തിരിഞ്ഞ്, ഒരു പ്രഭാതത്തിൽ അമൃത്‌സറിലെത്തി. സുവർണ്ണക്ഷേത്രത്തിന്റെ മുന്നിൽ ഞാൻ കുറേ നേരം പരുങ്ങി നിന്നു. ‘ഞാൻ ഹിന്ദുവാണ്, എനിയ്ക്കകത്തു കയറാമോ’ എന്ന ചോദ്യത്തിനു കിട്ടിയ മറുപടി, “ബെൽറ്റും ക്യാമറാക്കവറും കൌണ്ടറിലേൽപ്പിച്ചിട്ടു ധൈര്യമായി കയറിക്കോളൂ” എന്നായിരുന്നു. ഞാൻ വീണ്ടും ചോദിച്ചു: ‘ക്ഷേത്രത്തിനകത്തെ ആചാരങ്ങളൊന്നും എനിയ്ക്കറിയില്ലല്ലോ, ഞാനെന്തു ചെയ്യും?’ സുവർണ്ണക്ഷേത്രത്തിന്റെ ഓഫീസിൽ നിന്ന് ഒരു സർദാർജി പുറത്തു വന്ന്, എന്നെ തടാകമദ്ധ്യത്തിലുള്ള, സിക്കുകാരുടെ പുണ്യഗ്രന്ഥമായ ‘ഗുരു ഗ്രന്ഥാസാഹിബ്ബ്’ ഇരിയ്ക്കുന്ന, സ്വർണ്ണം പൂശിയ ഹർമന്ദിർ സാഹിബ്ബിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. പിന്നീടു ഞാൻ ക്ഷേത്രത്തിനുള്ളിൽ ധൈര്യത്തോടെ ചുറ്റിനടക്കുകയും, കാഴ്ചകൾ കണ്ടും, ഉച്ചഭാഷിണിയിലൂടെ ഒഴുകിയിരുന്ന പഞ്ചാബി പ്രാർത്ഥനാഗാനം കേട്ടും രണ്ടു മണിക്കൂറോളം ചുവരും ചാരിയിരിയ്ക്കുകയും ചെയ്തു. പ്രാർത്ഥനയുടെ അർത്ഥം മനസ്സിലായില്ലെങ്കിലും, ആ സമയത്തനുഭവപ്പെട്ട ശാന്തി ഇന്ത്യയിലെ മറ്റൊരു ആരാധനാലയം സന്ദർശിച്ചപ്പോഴും എനിയ്ക്കനുഭവപ്പെട്ടിട്ടില്ല.

ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങി, ജാലിയൻ‌വാലാബാഗു കണ്ടു കഴിഞ്ഞ്, ആദ്യം വന്ന സിറ്റിബസ്സിൽക്കയറി. ടിക്കറ്റെടുക്കുന്ന സമയത്ത് ‘യേ ഗാഡി ജഹാം തക് ജായെഗി, വഹാം തക് കാ ടിക്കറ്റ് ദീജിയേ’ എന്നു പറഞ്ഞപ്പോൾ, ടിക്കറ്റു തരുന്നതിനിടയിൽ കണ്ടക്ടർ, സർദാർജി, ചോദിച്ചു, ‘ഖൂ‌മ്നേ ആയേ ഹെ ക്യാ?’

അമൃത്‌സർ നഗരത്തെ അർദ്ധപ്രദക്ഷിണം വയ്ക്കുന്നൊരു റൂട്ടായിരുന്നു, ആ ബസ്സിന്റേത്. ചരിത്രപ്രാധാന്യമുള്ള നിരവധിയിടങ്ങൾ അമൃത്‌സറിലുണ്ട്. അവയിൽപ്പലതിന്റേയും സമീപത്തുകൂടിയായിരുന്നു ബസ്സിന്റെ യാത്ര. സാവകാശം കിട്ടിയപ്പോഴൊക്കെ കണ്ടക്ടർ വന്ന് അവയെന്തെല്ലാമെന്നും അവയുടെ പ്രാധാന്യമെന്തെന്നും വിശദീകരിച്ചു തന്നു. അതിനിടയിൽ സ്വന്തം ജോലി നിർവഹിയ്ക്കുകയും ചെയ്തു. വാസ്തവത്തിൽ, ഒരു ടൂറിസ്റ്റു ഗൈഡിന്റെ യാന്ത്രികമായ വിവരണത്തേക്കാൾ രസകരമായിരുന്നു, കണ്ടക്ടറുടെ വിശദീകരണം. സമീപത്തിരുന്നിരുന്ന ചില യാത്രക്കാരും അവർക്കറിയാവുന്ന കുറേക്കാര്യങ്ങൾ പറഞ്ഞു തന്നു. സർദാർജിമാർ നർമ്മബോധമുള്ളവരാണ്. ഞാൻ ചിരിച്ചുരസിച്ച ആ യാത്രയിൽ ഒരന്യനാട്ടിലാണെന്നു തോന്നിയതേയില്ല.

നഗരത്തിലൊരിടത്തു ട്രിപ്പവസാനിച്ചപ്പോൾ രണ്ടു മണി കഴിഞ്ഞിരുന്നു. ഞാനൂണു കഴിച്ചിട്ടില്ലെന്നറിയാമായിരുന്ന കണ്ടക്ടർ എന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. നല്ല ഭക്ഷണം എവിടെക്കിട്ടുമെന്നറിയാതിരുന്നതുകൊണ്ടു ഞാൻ കണ്ടക്ടറുടേയും ഡ്രൈവറുടേയും കൂടെച്ചെന്നു. ചില തെരുവുകൾ കടന്ന് ഞങ്ങളൊരു ചെറു ഹോട്ടലിലെത്തി. ഒരു ധാബാ. കയറിച്ചെല്ലുന്നിടത്തു തന്നെ ചൂളയ്ക്കകത്തുള്ള കനലിൽ ചപ്പാത്തി വേവിച്ചെടുക്കുന്നു. ‘തന്തൂരി’ച്ചപ്പാത്തി. മുമ്പു തന്തൂരിച്ചപ്പാത്തി കഴിച്ചിട്ടുണ്ടെങ്കിലും, ഞാനാദ്യമായാണ് അതു തയ്യാറാക്കുന്നതു കാണുന്നത്. കൌതുകകരമായിരുന്നു, ആ കാഴ്ച. പച്ചക്കറിക്കറികളും തൈരും കൂട്ടി ഞാൻ തന്തൂരിച്ചപ്പാത്തി കഴിച്ചു. ആഹാരം കഴിഞ്ഞിറങ്ങിയപ്പോൾ പണം കൊടുക്കാൻ കണ്ടക്ടറെന്നെ അനുവദിച്ചില്ല. “ആപ് ഹമാരാ മെഹ്‌മാൻ ഹെ”, സർദാർജിമാരായ കണ്ടക്ടറും ഡ്രൈവറും പറഞ്ഞു.

വാഗാ അതിർത്തി കടന്നു പാകിസ്ഥാനിലേയ്ക്ക് പോകുന്ന ട്രെയിൻ അക്കാലത്താരംഭിച്ചിരുന്നത് അടാരിയിൽ നിന്നായിരുന്നു. അമൃത്‌സറിൽ നിന്ന് എനിയ്ക്കു പോകേണ്ടിയിരുന്നത് അടാരിയിലേയ്ക്കായിരുന്നു. കണ്ടക്ടർ അടാരിയിലേയ്ക്കുള്ള ബസ്സു കണ്ടുപിടിച്ച്, അതിലെന്നെ കയറ്റി വിടുകയും ചെയ്തു.

സർദാർജിമാർ അങ്ങനെയെനിയ്ക്കു പ്രിയപ്പെട്ടവരായി; അവരിലൂടെ അമൃത്‌സറും പഞ്ചാബും.

കൃത്യം ഒരു വർഷം കഴിഞ്ഞ്, സുവർണ്ണക്ഷേത്രവും അമൃത്‌സറും പുകയാൻ തുടങ്ങിയിരിയ്ക്കുന്നെന്ന വാർത്ത വന്നപ്പോൾ അതെനിയ്ക്കു വിശ്വസിയ്ക്കാനായില്ല. നാലു കൊല്ലത്തിനു ശേഷം നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽപ്പെട്ടു നൂറു കണക്കിനു സർദാർജിമാർ കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോൾ, അന്യനായ എന്നെ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ, സ്നേഹപൂർവ്വം സൽക്കരിച്ച സർദാർജി കണ്ടക്ടറും ഡ്രൈവറും സുഖമായിരിയ്ക്കുന്നുണ്ടാകണേയെന്നു ഞാൻ മനസ്സുകൊണ്ടാശിച്ചു.

ഭിന്ദ്രൻ വാലയും സത്‌വന്ത് സിങ്ങും ബിയാന്ത് സിങ്ങുമൊക്കെ പഞ്ചാബികളുടെ ഇടയിലുണ്ടായിരുന്നിരിയ്ക്കാം. എന്നിരുന്നാലും സർദാർജിയെന്നു കേൾക്കുമ്പോൾ ഞാനിന്നും ഓർക്കുന്നത് അമൃത്‌സറിലെ സാധാരണക്കാരുടെ പ്രതിനിധികളായിരുന്ന, ഞാൻ പേരുപോലും ചോദിയ്ക്കാൻ മറന്ന, ആ കണ്ടക്ടറേയും ഡ്രൈവറേയും അവരുടെ വാക്കുകളേയുമാണ്:

“ആപ് ഹമാരാ മെഹ്‌മാൻ ഹെ.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English