മഞ്ഞുതുള്ളി
കാലിൽ തട്ടി വിളിക്കുന്നു.
ഉണരുക പുൽക്കൊടീ
യാത്രാ വാഹനത്തിന്റെ
മണിമുഴക്കം
ദൂരെ നിന്നു കേൾക്കുന്നു.
നിശായാമങ്ങളിലെ
മങ്ങിയ സ്വപ്നങ്ങൾ
ചിറക് വെച്ച് പറക്കാൻ
ഒരുക്കമായി.
വിരഹത്തിന്റെ
വരണ്ട കാലം
വിടചൊല്ലിപ്പിരിഞ്ഞു.
തളർന്ന കാലുകൾ
വേച്ച് വേച്ച്
നടക്കാൻ തുടങ്ങുക.
മുമ്പേ ഗമിച്ചവർ
പ്രണയിനികളുമായ്
സംഗമിച്ചത്
നീ അറിഞ്ഞില്ലേ?
നിന്നെയും കാത്ത്
നിന്റെ പ്രണയിനി
അസ്വസ്ഥയായിരിക്കുന്നു.
ഉണരുക പുൽക്കൊടീ,
കാണിക്കവഞ്ചികൾ
കടലിലിറക്കുക.
പങ്കായ മെടുത്ത്
തുഴയാൻ
കാലം തിരക്കുകൂട്ടുന്നു.
യാത്രയുടെ
പുലരിയിലേക്കായ്
കൺതുറക്കുക.