ഹരിതസുന്ദര വയനാടൻ കാഴ്ച്ചകൾ..

പല യാത്രകളിലും .വയനാട് വഴി കടന്നു പോകുമ്പോൾ,വാഹനത്തിലിരുന്നു വയനാടിന്റെ ഭംഗി ആസ്വദിക്കുമ്പോൾ ഓർത്തിടുണ്ട് എന്നെങ്കിലും ആ പ്രകൃതി ഭംഗിയിലേക്ക് ഒന്ന് ഊളിയിട്ടിറങ്ങണമെന്ന്. അങ്ങനെയാണ് രണ്ടു ദിവസം അവധി കിട്ടിയപ്പൊൾ ഇത്തവണ വയനാട്ടിലേക്ക് തന്നെയാകാം യാത്രയെന്ന് വെച്ചത്. നല്ല ചൂടുള്ള സമയത്താണ് ആലപ്പുഴയിൽ നിന്ന് കുടുംബസമേതം യാത്ര തിരിച്ചതെങ്കിലും വയനാടൻ മണ്ണിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ തണുപ്പിന്റെ സ്പർശം പൊതിഞ്ഞു..യഥാർത്ഥത്തിൽ കടുത്ത ചൂടിൽ നിന്നും ഒരു രക്ഷ തേടൽ കൂടിയായിരുന്നല്ലോ ഈ യാത്ര..
കോഴിക്കോടിറങ്ങി സി.എം.മഖാം സന്ദർശനമൊക്കെ കഴിഞ്ഞ് വയനാടെത്തുമ്പോൾ സന്ധ്യയായി. ഹോട്ടലിൽ മുറിയെടുത്ത് വിശ്രമത്തിനും കുളിക്കും ശേഷം കഴിഞ്ഞ് വയനാടൻ തിരക്കുകളിലൂടെ ഒരോട്ട പ്രദക്ഷണം നടത്താൻ മാത്രമേ അന്ന് കഴിഞ്ഞുള്ളു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയമായതിനാൽ തലങ്ങും വിലങ്ങും പായുന്ന പ്രചരണ വാഹനങ്ങൾ..ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജായതിനാൽ ബസ്സിന്റെ തിരക്കുകളും കാണാം. ലോഡ്ജിന് എതിർ വശമുള്ള വലിയ വസ്ത്രശാലയിൽ ഒരു സന്ദർശനം നടത്തിക്കഴിഞ്ഞപ്പോൾ രാത്രി ഭക്ഷണത്തിനുള്ള സമയമായി. അടുത്തു തന്നെയുള്ള ഹോട്ടലിൽ കയറി. പലപ്പോഴും യാത്രകളിൽ നമുക്ക് പ്രശ്നമാകാറുള്ളത് ഭക്ഷണത്തിന്റെ കാര്യമാണല്ലോ?എന്നാൽ ഈ യാത്രയിൽ അതുണ്ടാകില്ലെന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി. അത്രയും രുചികരമായ ഭക്ഷണമായിരുന്നു. സാധാരണ കോഴിക്കോട് തങ്ങുമ്പോഴാണ് ഭക്ഷണ വൈവിദ്ധ്യങ്ങളിലൂടെ ഒരു സഞ്ചാരത്തിന് അവസരം കിട്ടുന്നത്. വയനാടിലും അതിനവസരമുണ്ടായപ്പോൾ സന്തോഷമായി.
രാവിലെ സൂചിപ്പാറ സന്ദർശനത്തോടെ തുടങ്ങാം എന്ന് തീരുമാനിച്ചു. മേപ്പാടിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം. 100 മുതൽ 300 അടി വരെ മുകളിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. അങ്ങനെ സൂചിപ്പാറയെപ്പറ്റി വായിച്ചറിഞ്ഞത് നേരിട്ടറിയാൻ എത്തിയപ്പോൾ നിർഭാഗ്യമെന്ന് പറയട്ടെ കൽപ്പറ്റയിൽ നിന്നും ഇരുപത്തിരണ്ട് കിലോ മീറ്റർ സഞ്ചരിച്ച് അവിടെ ബസ്സിറങ്ങി തിരക്കിയപ്പോഴാണ് അറിയുന്നത് സൂചിപ്പാറ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന്..ഞങ്ങളുടെ നിരാശ എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ല. വന്ന സ്ഥിതിയ്ക്ക് അവിടെ ഹരിതഭംഗിയിൽ തേയിലത്തോട്ടങ്ങളൊക്കെ നോക്കി കണ്ട് കുറെ ചിത്രങ്ങളുമെടുത്തു. ഞങ്ങൾ പോയ വണ്ടി തന്നെ തിരിച്ചു വരണം ഇനി കൽപ്പറ്റയിലേക്ക് പോകാൻ..
വീണ്ടും തിരിച്ച് കൽപ്പറ്റയിലേക്ക്. അടുത്തുള്ള സ്ഥലം ബാണാസുര സാഗർ അണക്കെട്ടാണ്. വെള്ളിയാഴ്ച്ചയായതിനാൽ ജുമുആ സമയാകുന്നതിനാൽ ഞാനും മകനും ബസ്സ്റ്റാന്റിനടുത്തുള്ള പള്ളിയിൽ നിന്ന് നമസ്ക്കരിച്ച് എല്ലാവരും ഭക്ഷണവും കഴിച്ച് നേരേ ബാണാസുര സാഗറിലേക്ക്..മണ്ണു കൊണ്ട് നിർമ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണ് ബാണാസുര സാഗർ. കൽപ്പറ്റയിൽ നിന്നും 21 കി.മി.അകലെ പടിഞ്ഞാറത്തറ ഗ്രാമത്തിലാണ് ഈ ഡാം നിലകൊള്ളുന്നത്. കബനി നദിയുടെ പോഷക നദിയായ പനമരം പുഴയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന 1979 ൽ നിർമ്മിച്ച ഈ അണക്കെട്ടിന്റെ പ്രധാന ഉദ്ദേശം കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്ക് [കക്കയം ഡാം]ജലമെത്തിക്കുകയെന്നതാണ്..അതോടൊപ്പം പ്രദേശത്തെ ജലസേചന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു..വിശാലമായ ഡാമിന്റെ ചുറ്റും കറങ്ങി ഡാമിന്റെ ഗാംഭീര്യവും ഒപ്പം സൗന്ദര്യവും ആസ്വദിച്ചു.

സന്ധ്യയാകാൻ തുടങ്ങിയപ്പോൾ തിരിച്ച് പോകാനുള്ള തയ്യാറെടുപ്പായി.ഡാമിന്റെ വിശാലതയിൽ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് നടന്നു പോകാം.കവാടത്തിൽ നിന്നും അകത്തെ പ്രവേശന കവാടം വരെ വാഹന സൗകർയവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ കീഴിലാണ് ഈ ഡാം. അവിടെ നിന്നും ബസ് സ്റ്റോപ്പിലേക്ക് കുറച്ചു ദൂരമുണ്ട്. പുറത്തുള്ള കടകളിൽ ചെറിയ ഷോപ്പിംഗ് കഴിഞ്ഞ് ഓട്ടോയിൽ ഞങ്ങൾ ഡാമിനോട് യാത്ര പറഞ്ഞു. കൽപ്പറ്റയിലേക്കുള്ള ബസ്സിൽ കയറുമ്പോൾ തന്നെ മഴ ചാറാൻ തുടങ്ങി. തണുപ്പുമുണ്ടായിരുന്നു. വയനാടൻ സൗന്ദര്യവും ആസ്വദിച്ചു കൊണ്ടുള്ള ആ യാത്ര ഹൃദ്യമായ അനുഭവമായിരുന്നു. നാട്ടിലെ ചൂടിൽ നിന്ന് പെട്ടെന്ന് തണുപ്പിലേക്ക് ഒരു മാറ്റം ഏറ്റവും ആശ്വാസപ്രദവുമായിരുന്നു.
പിറ്റേന്ന് സുൽത്താൻ ബത്തേരി ബസ്സിൽ കയറി എടയ്ക്കൽ ഗുഹയിലേക്ക് യാത്ര തിരിച്ചു. പൂക്കോട് തടാകം,കുറുവ ദ്വീപ് ഉൾപ്പെടെ പല സ്ഥലങ്ങളും ഇനിയും കാണാനുണ്ടെങ്കിലും വൈകിട്ട് തിരിച്ചു പോകേണ്ടതിനാൽ ഏതെങ്കിലും ഒരു സ്ഥലത്തേ പോകാൻ കഴിയുമായിരുന്നുള്ളു. ചർച്ചകൾക്കൊടുവിൽ എടയ്ക്കൽ ഗുഹയിലേക്കെന്ന് തന്നെ തീർച്ചപ്പെടുത്തി. പിന്നീട് ഗുഹയിലേക്കുള്ള കയറ്റം കയറി വിഷമിച്ചപ്പോൾ വേറെ എവിടെയെങ്കിലും പോയാൽ മതിയായിരുന്നു എന്നും തോന്നാതിരുന്നില്ല.
സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിൽ അമ്പുകുത്തി മലയിലെ പ്രകൃതി ജന്യമായ രണ്ട് ഗുഹകളാണ് എടയ്ക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത് നെൻമേനി പഞ്ചായത്തിൽ അമ്പലവയലിലാണ് അമ്പുകുത്തി മല സ്ഥിതി ചെയ്യുന്നത്. ചെറുശിലായുഗ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന ശിലാലിഖിതങ്ങളാണ് ഇവ. 1894ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസെറ്റാണ് എടയ്ക്കൽ ഗുഹകളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.
ഇത്രയും ദൂരം നടന്നു കയറിയപ്പോൾ ആകെ കുഴഞ്ഞു എന്ന് പറഞ്ഞാൽ അക്ഷരാർഥത്തിൽശരിയാണ്. ഓട്ടോയിൽ വന്നിറങ്ങുമ്പോൾ ഡ്രൈവർ പറഞ്ഞത്,നേരെ അങ്ങ് കയറിയാൽ മതി,.ഗുഹയിലെത്താം എന്നാണ്..സത്യത്തിൽ വളരെ അടുത്താണെന്ന ധാരണയിലാണ് യാത്ര തുടങ്ങിയത്.ഇടയ്ക്ക് കടകളുള്ളത് വളരെ ആശ്വാസമായി. കുരങ്ങൻമാരെയും ഇടയ്ക്ക് കണ്ടു മുട്ടാം. അങ്ങോട്ട് കയറുന്നവരുടെ നിര ഒരു വശത്ത്,തിരിച്ചിറങ്ങുന്നവരുടെ നിര മറ്റൊരു വശത്ത്…ഇടയ്ക്ക് ഷോപ്പിങ്ങും വെള്ളം കുടിയുമായി ഒരു വിധം ഞങ്ങൾ മുകളിലെത്തി.അവിടെ രേഖപ്പെടുത്തപ്പെട്ട ശിലാ ലിഖിതങ്ങൾ വിശദമായി തന്നെ കണ്ടു..കുറെ നേരം അവിടെയിരുന്ന് ക്ഷീണം മാറിയതിന് ശേഷമാണ് തിരികെ യാത്ര തിരിച്ചത്. ഇറക്കമായത് കൊണ്ട് തിരിച്ചുള്ള യാത്ര അത്ര പ്രശ്നമുണ്ടാക്കിയില്ല.
എല്ലാം കഴിഞ്ഞ് തിരികെ മുറിയിൽ ചെന്ന് പിന്നെ വിശ്രമിക്കാനുള്ള നേരമേ ഉണ്ടായിരുന്നുള്ളു. വൈകുന്നേരം തിരിച്ചു പോകാനുള്ളതിനാൽ മറ്റുള്ള സ്ഥലങ്ങൾ അടുത്ത പ്രാവശ്യമാകട്ടെ എന്ന് തീരുമാനിച്ചു. രാത്രി സുൽത്താൻ ബത്തേരിയിൽ നിന്നുള്ള തിരുവനന്തപുരം ലൈറ്റ്നിംഗ് എക്സ്പ്രസ്സിന് കൽപ്പറ്റയിൽ നിന്ന് തിരികെ ആലപ്പുഴയ്ക്ക് പുറപ്പെടുമ്പോൾ കണ്ടതിനെക്കാൾ മനോഹരമായ ഇനിയും കാണാനുള്ള വയനാടൻ കാഴ്ച്ചകളായിരുന്നു മനസ്സിൽ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം ജി.ആര്‍.ഇന്ദുഗോപന്
Next articleകെ.എം.മാത്യു ബാലസാഹിത്യ പുരസ്‌കാരം ഹാരിസ് നെന്മേനിക്ക്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English