ജീവിതയാത്രയുടെ ആദിയിൽ
നടക്കുമ്പോൾ ഞാനൊറ്റയ്ക്കായിരുന്നില്ല
എന്നിരുവശവും ആരൊക്കെയോയുണ്ടായിരുന്നു
കൈപിടിച്ചു നടത്തുവാൻ
കാലിടറുമ്പോൾ ഒന്നു താങ്ങുവാൻ
നേർവഴി കാട്ടുവാൻ
മുന്നോട്ട് മുന്നോട്ടെന്നു പറഞ്ഞു
സ്നേഹ വാത്സല്യങ്ങളെന്നെ മുന്നോട്ട് നയിച്ചു
പുലരിയുടെ പൊന്നിൻകിരണങ്ങളും
എന്റെ യാത്രയ്ക്കാശംസയേകിയിരുന്നു
താരാട്ടുമൂളികൊണ്ട് താളത്തിലാടികൊണ്ട്
എൻ പിന്നിലായിയുണ്ടായിരുന്നു മന്ദമാരുതനും
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ
കൂടെ നില്ക്കുന്നവരോട് പറഞ്ഞിങ്ങനെ
“ഇനി നിങ്ങളിത്തിരി മാറിനില്ക്കുവിൻ
ഒറ്റയ്ക്കു നടക്കുവാൻ ഞാനൊന്ന് ശ്രമിക്കട്ടെ
പയ്യെ പയ്യെ തനിയെ നടന്നു ഞാൻ
സ്വപ്നങ്ങളും പ്രതീക്ഷകളുമെന്നെ മുന്നോട്ടു തളളികൊണ്ടിരുന്നു
അപ്പോഴുമൊരു ധൈര്യം കൂട്ടിനുണ്ടായിരുന്നു
മാറിനില്പുണ്ടല്ലോ കൂട്ടുവന്നവരെല്ലാം
കുറച്ചു ദൂരമങ്ങ് പിന്നിട്ടപ്പോൾ
തനിയെ നന്നായി നടക്കാമെന്നായപ്പോൾ
മാറിനില്ക്കുന്നവരോട് തെല്ലൊരൂറ്റത്തോടെ
പറഞ്ഞു ഞാൻ “പൊയ്ക്കൊൾവിൻ കൂട്ടരേ
ചിറകു മുളച്ചു വലിയവനായവൻ ഞാൻ
തനിയെ നടക്കാൻ പഠിച്ചവൻ ഞാൻ
തനിച്ചു ഞാൻ കാതങ്ങൾ പിന്നിടട്ടെ
നടന്നു നടന്നു മുന്നേറട്ടെ”
ആവേശത്തോടെ നടന്നു ഞാൻ
എന്തിനൊക്കെയോയുളള ത്വരയെന്നെ
അതിവേഗം മുന്നോട്ടു മുന്നോട്ടു നയിച്ചു
ഒത്തിരിയൊത്തിരി ദൂരം നടന്നു ഞാൻ
പലപല വഴികളിലൂടെയും നടന്നു
പലവട്ടം വഴിതെറ്റി തെറ്റിയ
വഴികളിലൂടെ തന്നെ പിന്നെയും നടന്നു
ഒത്തിരിയൊത്തിരി ദൂരം നടന്നു
ഒടുവിൽ ക്ഷീണിച്ചവശനായി
കാലുകൾ കഴച്ചു കാഴ്ച്ച മരവിച്ചു
ഇനിയൊരടി നടക്കാൻ മേലെന്നായി
എവിടെയാണ് വഴിതെറ്റിയതെന്നുപോലും ഓർമ്മയില്ലാതായി
തിരിച്ചുനടന്ന് യാത്ര തുടങ്ങിയടുത്തുതന്നെ തിരിച്ചെത്തി
തിരിച്ചറിവു തന്ന അറിവുമായി
വീണ്ടുമൊരു യാത്രകൂടി വഴിപിഴയ്ക്കാതെ
ചെയ്യണമെന്നെനിക്കുണ്ട് , നേർവഴി തേടണമെന്നുണ്ട്
പക്ഷേ അതിനാവില്ലെന്നറിയാമാകയാൽ
പിന്നെയും മുന്നോട്ടു തന്നെ നടക്കുന്നു ഞാൻ
എങ്ങോട്ടെന്നറിയാതെ, എന്തിനെന്നറിയാതെ
ഇപ്പോഴെന്നെ മുന്നോട്ടു തളളുന്നതെൻ നിസ്സഹായതയാണ്
യാത്ര തുടങ്ങുമ്പോൾ എനിക്കാശംസയേകിയ
സൂര്യന്റെ സ്വർണ്ണകിരണങ്ങളും
എന്നെയിവിടെ തനിച്ചാക്കീട്ടു
കടലിൻ മാറിൽ ചാഞ്ഞുകഴിഞ്ഞു
തനിച്ചു നടക്കാൻ പഠിച്ചെന്നൂറ്റം കൊണ്ടവൻ
ഞാൻ തനിച്ചിവിടെ നടക്കുന്നു
സ്വയം സൃഷ്ടിച്ച രാജ്യത്തു മഹാരാജനായവൻ
ഞാൻ ചുക്കിചുരുണ്ടു കൂനിക്കൂടി നടക്കുന്നു
തളരും കരമൊന്നു പിടിക്കുവാനാളില്ലാതെ
ശോഷിച്ച കാലുകൾക്കു താങ്ങില്ലാതെ
മനം പതറുമ്പോൾ , സുസ്മേരം
സ്നേഹവചനങ്ങൾ പൊഴിക്കുവാനാരുമില്ലാതെ
തനിച്ചു നടക്കാൻ പഠിച്ചെന്നൂറ്റം കൊണ്ടവൻ
ഞാൻ തനിച്ചിവിടെ നടക്കുന്നു
ജീവിതയാത്രയുടെ അന്തിയിൽ
നടക്കുമ്പോൾ ഞാനൊറ്റയ്ക്കാണ്
Click this button or press Ctrl+G to toggle between Malayalam and English