കറുത്ത ഹാസ്യവും ചരിത്ര ബോധവും നിറഞ്ഞു നിൽക്കുന്ന കവിതകളാണ് കെ ആർ ടോണിയുടേത് ക്രാഫ്റ്റിലും വിഷയ സ്വീകരണത്തിലും കവി നടത്തുന്ന നിരന്തര പരീക്ഷങ്ങൾ ടോണിക്ക് മലയാള കവിതയിൽ ശക്തമായ ഒരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട് .
കെ.ആര്‍. ടോണി രചിച്ച നാലു ദീര്‍ഘകവിതകളുടെ സമാഹാരമാണ് യക്ഷിയും മറ്റും. ആദ്യകവിതയായ കുറുക്കന്‍കുന്ന് വീണപൂവിന്റെ വസന്തതിലക വൃത്തവിധിപ്രകാരം തീര്‍ത്ത ഒരാക്ഷേപഹാസ്യ കാവ്യമാണ്. പുതിയ കാലത്തില്‍ പഴയ മഹാകാവ്യലക്ഷണങ്ങളൊപ്പിച്ചാല്‍ നായകനും സ്ഥലകാലാദികളും എത്രമാത്രം ആക്ഷേപഹാസ്യാത്മകമാകുമെന്നും രാഷ്ട്രീയഹാസ്യാത്മകമാകുമെന്നും ഈ കവിത വ്യക്തമാക്കുന്നു. രണ്ടാം കാവ്യമായ യക്ഷി ആഗോളീകരണകാലത്തും ഫ്യൂഡല്‍പ്പേടികള്‍ എങ്ങനെ കമ്പോളീകരിക്കപ്പെടാം എന്നതിന് ഒരുദാഹരണം നല്കുന്നു. പൊറുതികേടുകളുടെ നടുവില്‍നിന്നുകൊണ്ട് സഭാപ്രവേശം തുള്ളുകയാണ് മൂന്നു വൃദ്ധകള്‍ എന്ന കാവ്യം. തിരുസഭയും പള്ളിയും അച്ചനും കപ്യാരും മൂന്നു വൃദ്ധകളും കുരങ്ങുകളിക്കാരനും ചേര്‍ന്നുതുള്ളുന്ന ഒരു ഉച്ചാടനത്തുള്ളല്‍. നാലാം കാവ്യമായ വാഴക്കുല ബഹുപാഠലീലയുടെ കേളീരംഗമാണ്. തോന്നുംപടി ഐതിഹ്യമാലയും വാഴക്കുലയും ചന്ദ്രന്റെ ചിരിയും കുചേലവൃത്തവും പിന്നെയും കുറെ പാഠശകലങ്ങളും ഏറിവന്ന് ആട്ടമാടുന്ന ഒരു തെരുവരങ്ങ്. നിരാസത്തിന്റെ രാഷ്ട്രീയമുനയില്‍നിന്നുകൊണ്ടുള്ള ചോരചിന്തിക്കുന്ന ആത്മ നടനമാണ് ടോണിയുടെ ഈ കവിതകള്‍.