കഥാകൃത്തും നോവലിസ്റ്റുമായ കരുണാകരന്റെ കവിത സമാഹാരം. 30 വർഷത്തിനുള്ളിൽ എഴുതിയ കവിതകൾ ആണ് ഈ പുസ്തകത്തിലുള്ളത്. ഗ്രീൻ ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകത്തെപ്പറ്റി ഫേസ്ബുക്കിൽ എഴുത്തുകാരൻ പങ്കുവെച്ച കുറിപ്പ്
“യക്ഷിയും സൈക്കിള്‍ യാത്രക്കാരനും”, എന്റെ ആദ്യ കവിതാസമാഹാരമാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടക്ക് എഴുതിയതും സൂക്ഷിച്ചതും. ഒറ്റയ്ക്കും വെറുതെയും ഇരിക്കുന്ന ഒരാളെ ഇപ്പോള്‍ എനിക്ക് സങ്കല്‍പ്പിക്കാനാകും. അയാളെ ഞാന്‍ കണ്ടുമുട്ടുന്നത് പക്ഷെ പലയിടങ്ങളിലും വെച്ചാണ്. ഞാന്‍ പാര്‍ത്ത പട്ടണങ്ങളില്‍, യാത്ര ചെയ്ത വണ്ടികളില്‍.. മൌനം ശീലമാക്കിയ ഒരാളെപ്പോലെ. കവിത എഴുതിയതൊക്കെ ആ മൌനത്തിലോ ശീലത്തിലോ ആണ്. ഇങ്ങനെയൊരു കവിതാസമാഹാരത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഗ്രീന്‍ ബുക്സിന്റെ കൃഷ്ണദാസിനോട്നന്ദി. സ്നേഹ ലതയ്ക്കും. ഈ കവിതകള്‍ വായിക്കുകയും ഇതിനൊരു ആമുഖം എഴുതിത്തരുകയും ചെയ്ത അജയ് പി മങ്ങാട്ടിനു നന്ദി. കവിതകള്‍ക്കൊപ്പം പോയി, ഒരു മറുകുറി തന്ന അനിത തമ്പിക്കും നന്ദി പറയുന്നു. സച്ചു തോമസിന്, ആ വായനക്ക്, തിരിച്ചുവരവുകള്‍ക്ക്. ബിന്ദുവിനും നന്ദി പറയുന്നു, എഴുത്തിനെപ്പറ്റിയും ചിത്രങ്ങളെപ്പറ്റിയും പറയുന്ന നീണ്ട ഇരിപ്പുകള്‍ക്ക്. കല്യാണിക്കും നന്ദി പറയുന്നു. അച്ഛന്‍റെ കവിത നോക്കട്ടെ എന്ന് കവിയായിത്തന്നെ എന്നെ നേരിട്ട നേരങ്ങളും നല്ല ഓര്‍മ്മയാണ്. പിന്നെ, കവിതകൊണ്ട് എന്നെ മോഹിപ്പിച്ച എല്ലവര്‍ക്കും നന്ദി.
അഥവാ,
“ഒരു കുടം വെള്ളത്തില്‍
മുങ്ങി കിടക്കുന്നു
പൂതമാവാന്‍ ഒരു
ചെറു കാറ്റ്” കരുണാകരന്‍