ഒരു വഴി ഇരുവഴിയായി പിരിഞ്ഞിടത്ത് ഇരുട്ടിന്റെ ആത്മൻ മടങ്ങാനുള്ള പ്രലോഭനത്തെ അതിജീവിച്ച് ഇരുവഴിക്കു നടുവിലെ കാട്ടിലേക്ക് കടന്നു.
യാത്ര സുഖകരമാക്കുവാൻ ആത്മൻ ഭാരം ലഘൂകരിച്ചിരുന്നു. പെട്ടിയും കിടക്കയോടുമൊപ്പം മനോശരീരത്തെയും വീട്ടിൽ ഉപേക്ഷിച്ചിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും കാൽപ്പാടുകൾ പിന്തുടർന്ന് ആത്മൻ ഒരു പൊയ്കക്കരികെയെത്തി.
വനമദ്ധ്യത്തിലുള്ള ആ പൊയ്ക ഒരു യക്ഷന്റെ വകയായിരുന്നു. ദാഹിച്ചു വലഞ്ഞ ആത്മൻ പൊയ്കയിലെ വെള്ളം കുടിക്കാൻ മുതിർന്നതും യക്ഷൻ വിലക്കി :
” വെള്ളം ഇവിടെ സൗജന്യമല്ല. കുടിക്കാൻ വരട്ടെ; ആദ്യം എന്റെ ചോദ്യത്തിനു ഉത്തരം പറയുക.”
“അങ്ങ് ചോദിച്ചാലും.”
“ആത്മാവിനു മരണമില്ലെന്നറിഞ്ഞിട്ടും താനെന്തിനാ ഈ കടുംകൈ ചെയ്തത്?”
‘തുറക്കാനാകാത്ത ലൈറ്റ് ആന്റ് സൌണ്ട് കട, വട്ടിപ്പലിശയ്ക്കെടുത്ത കടം, വൈറസ്സിന്റെ നവതരംഗ ഭീഷണി ……. ശൂന്യതയിൽ തെളിയുന്ന വാക്കുകൾക്ക് ശബ്ദത്തിൽ പുനർജ്ജനിക്കാൻ കഴിയുന്നില്ല.
ജീവിക്കാനുള്ള ദാഹവുമായി ആത്മൻ പോക്കുവരവില്ലാത്ത പാതയിലൂടെ
ആത്മഹത്യ ചെയ്ത വീട്ടിലേക്കു തിരിച്ചു നടന്നു.