ശിരോലിഖിതങ്ങൾ

 

ശിരോലിഖിതങ്ങളോരോന്നുമേ നിയതി
തന്നതിനിഗൂഢമാം ചിത്രമെഴുത്തുകൾ
നിസ്വരീ മനുഷ്യജന്മങ്ങളെണ്ണിയാലൊടു-
ങ്ങാത്തയെണ്ണങ്ങൾ ചരിക്കുമീയറ്റമറ്റതാം
രഥ്യയിലെങ്ങുമാർക്കുമേ നിർദ്ധാരണശക്തി-
യോരാത്തതാം വിസ്മയ വിഭ്രമ സമസ്യകൾ.
ഓർക്കാപ്പുറമെത്തും ദശകളുമതിന്നപ-
ഹാരികളാം ഗ്രഹനവങ്ങളും കാലചക്ര-
ത്തിനനുസ്യൂതമാം ചകിതയാനവും
പിതൃപിതാമഹക്കാലടിപ്പാടുകളൊക്കെ
യുമാലേഖനം ചെയ്തുനദിയിലൊഴുക്കിയ
ചെമ്പുകുടത്തിലേകാന്തമായ് മോചനം
കാത്തലയുമെണ്ണങ്ങളാ ദിവ്യമലക്കുകൾ.
കടുവാഴ്വിനിരുണ്ടസൂക്തങ്ങളവ; വിറ-
യാർന്നലയുമൊരുനൂറ് നാഡീജോതിഷ-
വിശാരദരഴിക്കും തീവ്രവിഷാദങ്ങൾ.
എന്നേയുഴന്നയാദിമജനാവലിയു; മിന്നിൻ
കൂട്ടരുമൊന്നുപോലെയാ ജ്യാമിതിരേഖകൾ
യഥേഷ്ടം തിരിച്ചിട്ടൊരു ദീർഘശ്വാസമായ-
മരാൻ; നേരിൻ വീർപ്പായ്; യമരപദം നേടാൻ.
ഉണ്മയിലുണ്ടോയവനിയിലീനരരാശി-
തൻവിധി മുന്നമാലേഖനം ചെയ്ത ചിമി-
ഴായിരങ്ങൾ നിറയും ഗോളാന്തരസ്ഥലികൾ?
എന്നുമെന്നും നിറഞ്ഞ കുതൂഹല; മെന്നീ
വാഴ്വിന്റെ വിസ്മയത്താളിയോലകളായ്
ജനലക്ഷമെണ്ണുമാ മോഹകപദാവലി
ഉർവിയിലിന്നോളം വായിച്ചതാരുതാൻ ?
നരജന്മ സഞ്ചയമെരുങ്ങണം ചരിക്കണ-
മൊടുങ്ങണമെത്തുംപിടിയും തരിമ്പുമില്ലാ-
തലയണമീ വാഴ്വിന്റെ താക്കോൽക്കൂട്ടമെങ്ങോ
തുലഞ്ഞുപോയ്
തലതിരിച്ചിട്ടോരാച്ചിത്രത്താഴിന്റെ സൂക്ഷ്മ-
സുഷിരവുമെന്നേയടഞ്ഞുപോയ്.
വരുമത്രെയൊരുനാള; ന്നീലിഖിതത്തിൻ-
പ്പരപ്പുകളെണ്ണി പറയുമത്രെ തിര്യക്കുകളാം
മനീഷികളെമ്പാടുമെന്നേരവും!
അന്നീ നാൽക്കൂട്ടുപ്പെരുവഴിയവസാനിച്ചി
ട്ടൊറ്റരേഖയായ് സൗമ്യരാജവീഥിയായ്
നീളുമെല്ലാം തെളിഞ്ഞൊരാനിത്യജീവിതപ്പാത.
വിസ്മയങ്ങളെല്ലാമൊടുങ്ങിയ തപ്തസന്ധ്യ-
കളൊക്കെയകന്നയിടനാഴികൾ മാത്രമാകും.
അവസാനറീലാദ്യമോടിച്ച പഴയൊരു
ചലച്ചിത്രമായൊടുങ്ങുമോരോജീവനുമീ
ദൃശ്യപ്രപഞ്ചത്തിലന്നങ്ങനെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here