ജീവിതംകൊണ്ട് എഴുതുന്നത്

 

 

കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എൻ. പ്രഭാകരൻമാഷ്ക്ക് വേണ്ടി ( അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിയാതിരുന്നതു കൊണ്ട്) അദ്ദേഹത്തിന്റെ മകൻ ഏറ്റുവാങ്ങിയത്. ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തെ പറ്റി ചില കാര്യങ്ങൾ പറയാൻ ആഗ്രഹം തോന്നുന്നു. എഴുത്തുകൊണ്ടും സൗഹൃദം കൊണ്ടും എന്റെ ഹൃദയം കീഴടക്കിയ ഒരാളാണ് പ്രഭാകരൻ മാഷ്. ഇങ്ങനെ എന്റെ ഹൃദയം കീഴടക്കിയിട്ടുള്ളവർ വളരെക്കുറച്ചേ ലോകത്തുള്ളു.

എൻ. പ്രഭാകരൻ മാഷ് സമീപകാലത്ത് എഴുതിയ ഗ്ലോറിയ എന്ന കഥയും ഫേസ്ബുക്കിൽ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന സംസാരം എന്ന പരമ്പരയും ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം തെളിച്ചു കാണിച്ചുതരുന്നുണ്ട്. ജീവിതത്തോട് അത്രമേൽ ചേർന്നുനിൽക്കുന്ന ഒരാളാണ് അദ്ദേഹം എന്നാണ് എന്റെ അനുഭവം. എഴുത്തും ജീവിതവും തമ്മിൽ വളരെയേറെ പൊരുത്തപ്പെടുത്തി കൊണ്ടുപോകുന്ന ഒരാളായാണ് എന്നും പ്രഭാകരൻ മാഷെ ഞാൻ കണ്ടിട്ടുള്ളത്. എന്നും പച്ചമണ്ണിൽ നടക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ പല ഓർമ്മകളും ആ നിലയിൽ ഉള്ളതാണ്.

പല രീതികളിൽ പ്രഭാകരൻ മാഷ് എന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്നു. ഞാൻ തലശ്ശേരിയിൽ എത്തുന്നതിനു മുമ്പേതന്നെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ പ്രഭാകരൻ മാഷ് എന്റെ മനസ്സിൽ സ്ഥാനം നേടിയിരുന്നു. എം. എൻ. വിജയൻ മാഷ് റിട്ടയർ ചെയ്ത സന്ദർഭത്തിൽ അദ്ദേഹം എഴുതിയ നന്മയുടെ മാമരം എന്ന ലേഖനം തന്നെയാണ് അതിന് ഒരു പ്രധാനകാരണം. അഞ്ചാറ് വർഷം കഴിഞ്ഞാണ് ഞാൻ തലശ്ശേരിയിൽ/മാഹിയിൽ എത്തുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകയായിരുന്നു എന്റെ ഭാര്യ പാർവതി. ആ നിലയിൽ ബ്രെണ്ണൻ കോളേജിൽ എത്തുമ്പോഴെല്ലാം മാഷെ കാണും. പിന്നീട് ഞങ്ങൾ ധർമ്മടത്തു തന്നെ താമസം തുടങ്ങിയപ്പോൾ ആ അടുപ്പം കൂടുതൽ ദൃഢമായി മാറി. എഴുത്തുകാരൻ എന്ന നിലയിൽ എന്നെ മാഷ് വളരെയേറെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാനും പാർവതിയും ബ്രണ്ണൻ കോളേജ് ക്വാർട്ടേഴ്സിൽ താമസിക്കാൻ എത്തുമ്പോൾ തൊട്ടടുത്ത ഒരു ക്വാർട്ടേഴ്സില്‍ മാഷും കുടുംബവും ഉണ്ട്. അക്കാലത്ത് ഞാനും മാഷും കൂടുതൽ സംസാരിച്ചിട്ടുള്ളത് സാഹിത്യവിഷയമൊന്നുമല്ല, നിത്യജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന ചില വിഷയങ്ങളാണ്. വീടുവയ്ക്കാൻ മാഷ് വാങ്ങിയ സ്ഥലത്തോട് ചേർന്നു തന്നെയാണ് ഞാനും സ്ഥലം വാങ്ങിയത്. വീടുനിർമ്മാണവുമായി ബന്ധപ്പെട്ട പല സംശയങ്ങളും ബദ്ധപ്പാടുകളും ഞങ്ങൾ ഒന്നിച്ചുതന്നെയാണ് പങ്കുവച്ചിട്ടുള്ളത്. ഒരു വർഷത്തോളം അതുതന്നെയായിരുന്നു ഞങ്ങളുടെ പ്രധാനസംഭാഷണവിഷയവും. പിന്നീട് ഒമ്പതു വർഷം ഞങ്ങൾ അയൽക്കാരായി ജീവിച്ചു. ഞങ്ങളുടെ സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒക്കെ മാഷ് ഹൃദയപൂർവ്വം പങ്കുചേർന്നു. അദ്ദേഹത്തിന്റെ മക്കൾ ചാരുവും നിഖിലും ഞങ്ങളുടെ വാൽസല്യഭാജനങ്ങൾ ആയിരുന്നു. ഞങ്ങളുടെ മകൾ അമ്മുവിന് എന്തു സ്വാതന്ത്ര്യവും കാണിക്കാനുള്ള ഒരു ആളായിരുന്നു പ്രഭാകരൻ മാമൻ. മാഷാകട്ടെ തന്റെ വലിപ്പമെല്ലാം മാറ്റിവച്ച് മോളുടെ ആ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ കരുതൽ പുലർത്തുന്ന ഒരാളാണ് പ്രഭാകരൻ മാഷ്. അത്തരം നിരവധി അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടെങ്കിലും അതൊന്നും ഇവിടെ വിവരിക്കുന്നില്ല.

പല കാര്യങ്ങളിലും, വിശേഷിച്ചും നിലപാടുകളിൽ, വലിയ കരുത്തുള്ള മനുഷ്യനാണ് പ്രഭാകരൻ മാഷ്. അങ്ങനെയുള്ള പ്രഭാകരൻ മാഷുടെ ഉള്ളിൽ വളരെ സോഫ്റ്റ് ആയ ഒരു മനുഷ്യൻ ഉണ്ടെന്ന് ചില അവസരങ്ങളിൽ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഒരു സന്ദർഭം പറയാം. പ്രൊഫസർ എം. എൻ. വിജയൻ മാഷ് മരിച്ച സന്ദർഭം. ആ വാർത്ത കേട്ട ഉടനെ ഒരു ടെമ്പോ പിടിച്ച് കൊടുങ്ങല്ലൂർക്ക് പുറപ്പെട്ടു. ഞാൻ തന്നെയാണ് വണ്ടിയൊക്കെ ഏർപ്പാടാക്കിയത്. വിജയൻ മാഷെ എപ്പോഴും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പ്രഭാകരൻ മാഷും ബ്രണ്ണൻ കോളേജിലെ രവീന്ദ്രൻ മാഷും അവരുടെ കുടുംബവും മാഹി കോളേജിൽ എന്റെ സഹപ്രവർത്തകനായിരുന്ന സുഹൃത്ത് ശ്രീഷും ഒന്നിച്ചാണ് ഞാനും കുടുംബവും കൊടുങ്ങല്ലൂർക്ക് പോയത്. ഞങ്ങൾ എത്തുമ്പോഴേക്കും രാത്രിയായി. അങ്ങേയറ്റം വികാരവിവശരായിരുന്നു ഇവരെല്ലാവരും. ഗേറ്റിൽ വണ്ടി നിർത്തി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പ്രഭാകരൻ മാഷ് പറഞ്ഞു “നിങ്ങൾ നടന്നോ.ഞാൻ പിറകെ വരാം”. മാഷ് പെട്ടെന്ന് അല്പം നീങ്ങി നിന്ന് ഇരുട്ടിലേക്ക് നോക്കി കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരയുന്നതാണ് പിന്നെ കാണുന്നത്. പല മാനങ്ങൾ ഉള്ള ഒരു കരച്ചിലായിരുന്നു അത്. മഹത്വത്തെ തൊടുന്ന ഒരു കരച്ചിൽ ആയാണ് ഞാൻ അതിനെ മനസ്സിലാക്കുന്നത്.

നിലപാടുകളിൽ വെള്ളം ചേർക്കാതെ ഇപ്പോഴും മാഷ് എഴുതുന്നു. എഴുത്തിനെപ്പറ്റി ഇത്രമേൽ കൃത്യമായ ബോധ്യമുള്ള എഴുത്തുകാർ വളരെ വളരെ കുറവാണ്. അതുകൊണ്ടുതന്നെ മാഷുടെ ഓരോ എഴുത്തും വന്നു തൊടുന്നത് ജീവിതത്തെത്തന്നെയാണ്. ഇനിയും മാഷ് ധാരാളം എഴുതട്ടെ.

എൻ. പ്രഭാകരന് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകുന്നതിലൂടെ ആദരിക്കപ്പെടുന്നത് അദ്ദേഹം മാത്രമല്ല, അക്കാദമി കൂടിയാണ്.

 

(C)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English