അന്ധതയെ അതിജീവിച്ചു ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരൻ വേദ് മേത്ത (86) അന്തരിച്ചു.
പാർക്കിൻസൺ രോഗത്തെത്തുടർന്ന് ശനിയാഴ്ച സ്വന്തം വീട്ടിലായിരുന്നു അന്ത്യം. മേത്ത 33 വർഷം സേവനമനുഷ്ഠിച്ച ‘ന്യൂയോർക്കർ’ വാരികയാണ് മരണവിവരം പുറത്തുവിട്ടത്.
വിഭജനത്തിനുമുമ്പുള്ള ലഹോറിലെ ഒരു പഞ്ചാബികുടുംബത്തിൽ 1934-ലാണ് മേത്ത ജനിച്ചത്. മൂന്നാംവയസ്സിൽ മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട മേത്ത, പരിമിതികളെ മറികടന്ന് സാഹിത്യലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
1961-ൽ തന്റെ 26-ാം വയസ്സിൽ വാരികയിൽ ജോലിചെയ്തുതുടങ്ങി. വാക്കിങ് ദി ഇന്ത്യൻ സ്ട്രീറ്റ്സ് (1960), പോട്രെയിറ്റ് ഓഫ് ഇന്ത്യ (1970), മഹാത്മാഗാന്ധി ആൻഡ് ഹിസ് അപോസ്റ്റൽസ് (1977) എന്നിവയാണ് പ്രധാന കൃതികൾ.