എപ്പോഴാണ് ഒരാൾ അവനവനെക്കുറിച്ച് ഓർക്കുന്നത്?….
മുറിവുകൾ പൂക്കുന്ന ഓർമകൾ എന്ന പുസ്തകത്തിന് ഒരു വായന
അകമിടങ്ങളിൽ മുറിവേൽക്കുമ്പോൾ, ഈ കാണായതൊന്നുമല്ല ജീവിതമെന്നു തിരിച്ചറിയുമ്പോൾ, നടന്നു നടന്ന് ഒരുപാടു ദൂരമെത്തി പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ, ആത്മവിസ്ഫോടനത്താൽ പൊട്ടിച്ചിതറുമ്പോൾ ഒക്കെ ജീവിതത്തിന്റെ ഇരുൾശൂന്യതകൾക്കുമേൽ നിവർത്തിവെച്ച കയ്യൊപ്പുകളിലേക്കു നമ്മൾ എത്തിനോക്കുന്നു. അത്രമേൽ ഏകാകിയാണ് ഓരോ മനുഷ്യനും.
നടന്നു തീർത്ത വഴികൾ തിരിഞ്ഞൊന്നു നോക്കാൻപോലുമാകാത്തവിധം ജീവിതം പിന്നിൽ കനത്തു കിടക്കുന്നു. ഇരുളിന്റെ കരിമ്പൻ മറയിൽ തനിച്ചായി പോകുമ്പോൾ, ഒരൊച്ചയുമില്ലാതെ നിശ്ശബ്ദമായി നിലവിളിക്കുമ്പോൾ ഒന്നു ചേർത്ത് ആത്മാവിന്റെ അഗാധതയിലേക്ക് കൈപിടിച്ചു കൊണ്ടു പോകാമോ എന്നൊരു ചോദ്യം നെഞ്ചിലുണ്ട്.
ഞാനറിയാതെ എന്നെ തൊട്ടും തലോടിയും കടന്നു പോയ വെളിച്ചത്തിന്റെ തുണ്ടുകൾ ചുറ്റിലും ചിതറിക്കിടക്കുന്നുണ്ടെന്നറിയാം. ഇമ്പമേറിയ ജീവിതാകാശത്തിലേക്കു നോക്കി തനിച്ചു നിൽക്കുമ്പോൾ ഇലയുടെ നേർത്ത നിശ്വാസങ്ങളെ, നിഴലിനെ, നിലാവിനെ, മണ്ണടരിൽ ഒളിപ്പിച്ച വിസ്മയങ്ങളെയൊക്കെ അറിയാനാകുന്നുണ്ട്. കാലമേ, നീ തൊട്ടു തന്ന സ്നേഹത്തിന്റെ കണങ്ങളെ വാറ്റിയെടുത്ത് ഓരോ മനുഷ്യനും നെഞ്ചിലിരുന്നെരിയുന്നുണ്ട്.
ജീവിതത്തിന്റെ നിലച്ചുപോകാത്ത നീരൊഴുക്കാണ് ഓർമ്മകൾ. വാക്കുകൾക്കും സ്വപ്നങ്ങൾക്കും അപ്പുറമുള്ള മറ്റൊരു ലോകം. അനുഭവങ്ങളുടെ തീച്ചൂളകൾ ജീവിതത്തിന്റെ അടഞ്ഞ വാതിലുകളെ ഒന്നൊന്നായി തുറന്നിടുന്നു. മുറിവുകൾ മായാതെ സൂക്ഷിക്കാനുള്ള ഓർമ്മകളുടെ പുസ്തകം.
പ്രസാധകർ: നിയതം ബുക്ക്സ്
കടപ്പാട്: നിയതം