
കഥയുടെ തമ്പുരാനെന്നു വിളിക്കാവുന്ന മുതിര്‍ന്നയൊരു എഴുത്തുകാരൻ ഇക്കഴിഞ്ഞയിടെ തന്റെയൊരു കഥയെ ചൊല്ലി വലിയ വിലപേശൽ നടത്തിയതും ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാവ് പാർട്ടിയിലെ ചില സ്ഥാനമാനങ്ങളെ ചൊല്ലി മറ്റു ചിലരുമായി ഘോരഘോരം വഴക്കിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരണപ്പെട്ടതും നമ്മിൽ കൗതുകമുണ്ടാക്കി.
സമ്പാദ്യവ്യഗ്രരാണിന്നു നമ്മൾ. നാടോടി സമ്പാദിച്ചില്ല. സമൂഹ ജീവിതമല്ലേ സമ്പാദ്യത്തെക്കുറിച്ചുള്ള ചിന്തകളും കൊണ്ടുവന്നത്?. നാളേക്കും ക്ഷാമകാലത്തേക്കും വാർധക്യത്തിലേക്കുമുള്ള കരുതൽ. എത്ര സമ്പാദിക്കണം? അതേക്കുറിച്ചു ആർക്കും അത്ര നിശ്ചയമുണ്ടായിരുന്നില്ല. ആറടിമണ്ണു മതിയെന്ന് ടോൾസ്റ്റോയ് പറഞ്ഞതു ആരും മുഖവിലക്കെടുത്തില്ല. മരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വമായിരിക്കണം എത്ര സമ്പാദിക്കണം എന്നതിനെകുറിച്ചുള്ള ധാരണകളെയും അനിശ്ചിതമാക്കിയത് . കൂടുതൽ സമ്പാദിക്കുന്നവൻ കൂടുതൽ കേമനെന്നാണ് നാം പൊതുവിൽ പഠിച്ചത്. അങ്ങനെ നാം അളവും അതിരുമില്ലാതെ സമ്പാദിച്ചു തുടങ്ങി.
സമൂഹജീവിതം നമുക്ക് വിശ്രമവേളകൾ തന്നു. അപ്പോൾ നമ്മൾ പാട്ടുപാടി, കൂത്തടിച്ചു. പ്രമാണികൾക്കാണ് അത്തരം സമയങ്ങൾ കൂടുതൽ കിട്ടിയതു. അവരെ രസിപ്പിക്കാനായി കലാകാരൻ ഉണ്ടായി. അയാൾ പ്രമാണിയുടെ ആശ്രിതനായി. തനിക്കു ഇഷ്ടപ്പെട്ട കലാകാരന് പ്രമാണി പട്ടും വളയും പാരിതോഷികങ്ങളും കൂടുതൽ നൽകി. അങ്ങനെ കിട്ടാത്ത ശുഷ്‌കജീവിയായ കലാകാരൻ തന്റെ വിഷമങ്ങൾ പറയാൻ കലയിൽ ഒരു ഗൂഢഭാഷയുണ്ടാക്കി. പ്രത്യക്ഷത്തിൽ ഒളിയുന്ന അപ്രത്യക്ഷം. അതു പലപ്പോഴും പ്രമാണിക്കും വ്യവസ്ഥക്കുമെതിരെയള്ള പ്രതിഷേധങ്ങൾ തന്നെയായിരുന്നു. വ്യവസ്ഥക്കെതിരെ പറയുന്ന കലാകാരൻ മാറ്റത്തിന്റെയും മാർഗദർശനത്തിന്റെയും വക്താവായി.(വിപണനതന്ത്രമെന്ന നിലയിൽ ഇടയ്ക്കെപ്പോഴോ കലാകാരൻ സ്വയമെടുത്തണിഞ്ഞ ഒരു കുപ്പായമായിരിക്കാമത്..) പ്രത്യക്ഷത്തിൽ ഒളിക്കുന്ന അപ്രത്യക്ഷമാണ് നല്ലകലയെന്നും നമ്മുക്കിടയിൽ ഒരു ധാരണയുമുണ്ടായി.
അപ്പൻ ക്രമമാണ് നമ്മുടെ വ്യവസ്ഥ. വ്യവസ്ഥാബന്ധിത സമൂഹത്തിന്റെ തുടക്കം മുതലുള്ളൊരു ഗോത്രാചാരം. പള്ളിയായാലും പള്ളിക്കൂടമായാലും പഞ്ചായത്തായാലും പാര്‍ലമെന്റായാലും അപ്പൻ തന്നെ മുഖ്യകർമ്മി. ക്രമം കൊണ്ടുവരാനുള്ളോരു ഏർപ്പാട്. അപ്പന് മാത്രം അരിയാഹാരമെന്നും അപ്പന് അടുപ്പിലും തൂറാമെന്നും കേട്ടു വളര്‍ന്നു നാം. അപ്പനായാൽ കിട്ടുന്ന അധിക തുംഗപദവികളെക്കുറിച്ചു എല്ലാവരും നമ്മോടു പറഞ്ഞു. അതെക്കുറിച്ചു സ്വപ്നം കാണാൻ പരിശീലിപ്പിക്കുന്നതായി നമ്മുടെ വിദ്യാഭ്യാസം. പ്രഥമസ്ഥാനീയനാകാനും നോട്ടം കിട്ടുന്നിടത്തു നിൽക്കാനും — നോട്ടം കിട്ടുന്നിടത്തു നിന്നാലെ നേട്ടം കിട്ടൂ — അതു നമ്മെ ഉപദേശിച്ചു. നമ്മോടൊപ്പം ഒരേ ബെഞ്ചിലിരുന്ന കലാകാരനും മറ്റൊന്നായിരിക്കില്ലല്ലോ പഠിച്ചിട്ടുണ്ടാവുക?
അതിനകം നിഗൂഢഭാഷയിൽ മാത്രം പറഞ്ഞു ശീലിച്ച, സമ്പാദ്യത്തിൽ അതിജാഗ്രത കാണിച്ചു തുടങ്ങിയിരുന്ന കലാകാരൻ അപ്പനാകാനുള്ള പരിശീലനവും കൂടി കഴിഞ്ഞപ്പോൾ നേരെ ചൊവ്വേ ഒന്നും പറയാതായി; ചുറ്റും നടക്കുന്നതൊന്നും കാണാതെയും കേൾക്കാതെയുമായി; മഹാമൗനിയായി; തന്റെ മഹാസൃഷ്ടികൾക്കു കണക്കു പറഞ്ഞു കാശു വാങ്ങാനൊഴികെ ഒന്നും മിണ്ടാതായി.