മുരണ്ടു വലിക്കുന്ന എയർ കണ്ടിഷൻറെ ഒച്ചയിൽ ,പുതപ്പിനടിയിൽ വാട്സ് അപ്പിന്റ ലോകത്തേക്ക് കടന്നു കവിത …ഇന്നത്തെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാവട്ടെ…നീലവരകളുടെയും സ്മൈലികളുടെയും ലോകം വളരെ എളുപ്പം അവൾക്കിഷ്ട്ടമായി …മണി അഞ്ചാകുന്നതേയുള്ളു ….അമ്മു സുഖകരമായ ഉറക്കത്തിലാണ് …അവളുടെ ദിവസം തുടങ്ങുന്നതിന് ഇനിയും മണിക്കുറുകൾ ബാക്കിയുണ്ട് …വെക്കേഷൻ ആയതുകൊണ്ട് തന്നെ ഉച്ചയായാലേ ഉണരുന്നതിനെ കുറിച്ചാലോചിക്കു …കുറച്ചു നേരത്തെ എഴുന്നേറ്റുകൂടേ എന്നൊരിക്കൽ മോളോട് ചോദിച്ചപ്പോൾ അവൾ ചോദിച്ചത് ,എന്നിട്ടെന്തിനാണ്’ എന്നാണ് ..
അതും ശരിയാണ് …പകലുകൾ ഉറങ്ങി ,രാത്രികൾ ആഘോഷമാക്കുന്ന ഈ മരുഭുമിയിൽ താനെന്തിനാണ് ചട്ടം പഠിപ്പിക്കാൻ നില്കുന്നത് …എവിടെ പഠിച്ചു വളരുന്ന അവർക്ക് എല്ലാം അറിയാം …സത്യത്തിൽ അമ്മയുടെ ആവശ്യം തന്നെ ഇല്ലെന്ന് തോന്നിപ്പോകാറുണ്ട് ..എല്ലാം തനിയെ ചെയ്യുന്നു .തനിയെ തീരുമാനിക്കുന്നു ….’അമ്മ മാത്രം വഴിമുടക്കിയാകുന്നു ”…ഷോർട് ഇട്ടു പുറത്തു പോകേണ്ടെന്നു പറഞ്ഞപ്പോൾ രവി ചോദിച്ചത് ,ആർക്കു വേണ്ടിയാണ് നീയിപ്പോളും നാട്ടിലെ ആ ഗ്രാമത്തിൽ നിൽക്കുന്നതെന്ന് ”’…പതിനാറുകാരിയുടെ അമ്മയാവാനുള്ള ശ്രമം അവിടെ അവസാനിപ്പിച്ചു..അച്ഛനും മകൾക്കും ഇടയിലെ ഒരു സമാന്തര രേഖയാണ് താനെന്ന് പലപ്പോളും തോന്നിയിട്ടുണ്ട് ….രവിയുടെയും ഇഷ്ടങ്ങൾ പലതാണ് ..വൈകിയെത്തുന്ന രാത്രികളിൽ മുഖത്തു നോക്കി, മാസാവസാന മീറ്റിംഗിന്റ് വിശേഷങ്ങൾ പറയുമ്പോൾ ,മഞ്ഞിച്ച വിളറിയ മുഖമുള്ള ആ ഫിലിപ്പീൻ കാരിയുടെ ഓർമ്മവരുന്നത് പതിവായിരിക്കുന്ന …കള്ളമാണ് പറയുന്നതെന്നു കേൾക്കുന്നയാൾക്കും പറയുന്നയാൾക്കും ഒരുപോലെ അറിയുമ്പോൾ തോന്നുന്ന വികാരമെന്താണ് ……അപ്പോളും ഒരു മടിയുമില്ലാതെ തന്നിലേക്ക് പടരാൻ രവിക്ക് തോന്നും …ആദ്യദിവസം തൊട്ടു സ്നേഹിക്കുന്ന പോലെ കടിച്ചു കുടയും ….വേദനിപ്പിക്കും ….പിന്നെ ഒടുക്കം ദീർഘമായി ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട് പറയും’ ,നിന്നെ എനിക്കൊരുപാട് ഇഷ്ടമാണ് ” എന്ന്..അപ്പോളെല്ലാം കൂറകൾ ഇഴയുന്ന പോലെയാണ് തോന്നുക .കഴുത്തിലും മാറിലും അടിവയറ്റിലെ ചൂടിലും തീറ്റ തേടി അങ്ങിങ്ങായി പായുന്ന കൂറകൾ…
ഒരിക്കലെങ്കിലും രവിയോട് പറയണം ,ഇരയെ സ്നേഹിച്ച ഒരു വേട്ടക്കാരനും ഉണ്ടായിട്ടില്ല എന്ന് ….ഭർത്താവിനും മകൾക്കും ഒപ്പം സുഖമായി വിദേശത്തു ജീവിക്കുന്ന മകളെക്കുറിച്ച ,അമ്പലത്തിലെ പരിചയക്കാരോട് മേനി പറയാൻ അമ്മയ്ക്കൊരവസരം …അതിനപ്പുറം ഒന്നും തന്നെ തൻറെ ജീവിതത്തിൽ ബാക്കിയായിട്ടില്ലെന്ന സത്യം ഭയത്തോടെയാണെങ്കിലും ഓർത്തു …..
ചില രേഖകൾ അങ്ങനെയാണ് ..ഒരേ ദിശയിൽ പോയാലും ഒരിക്കലും കൂട്ടിമുട്ടില്ല …സ്കൂളിലെ ഇടനേരങ്ങളിൽ എപ്പോളും മിസ്സിസ് ഷെറിൻ പറയുന്ന പരാതിയാണ് ,,ഈ സ്കൂളിൽ ലിപ്സ്റ്റിക് ഇടാത്ത ഒരേയൊരു ചുണ്ടുകൾ മിസ്സിസ് കവിതയുടേതാണെന് …അതുകൊണ്ട് അതിന് ആവശ്യക്കാരേറെ ഉണ്ടാകും …കാരണം കാൻസർ വരില്ലല്ലോ എന്ന് …മുടി ബോബ് ചെയ്ത മുട്ടറ്റമുള്ള മിഡിയിട്ട് അതി പുരാതനമായ തമാശ പറഞ്ഞു ,സ്റ്റാഫ്റൂമിലെ ബഹളത്തിൽ സ്വയം പൊട്ടിച്ചിരിക്കുന്നത് കാണുമ്പോൾ നാട്ടിലെ പാർത്തിയമ്മയെയാണ് ഓര്മ വരിക ….എന്തുകൊണ്ടോ താനും ആ ചിരികളിൽ പങ്കു ചേരാറുണ്ട് …ലിപ്സ്റ്റിക് ഇടാത്ത ചുണ്ടുകൾ വില്പനയ്ക് എന്ന് പരസ്യമിട്ടാലോ എന്നുപോലും തോന്നാറുണ്ട് ..പക്ഷെ എല്ലാം മിസിസ്സ് ഷെറിന്റ ജീർണിച്ച തമാശ പോലെ എവിടെയെങ്കിലും ചെന്നവസാനിക്കാറാണ് പതിവ് …അരണ്ട നീല വെളിച്ചത്തിൽ സ്ക്രോൾ ചെയ്തു പോകുമ്പോൾ അപ്രതീക്ഷിതമായാണ് ആ മെസ്സേജ് കണ്ടത്…
ഒരിക്കലും നോക്കാറില്ലാത്ത കോളേജ് ഗ്രൂപ്പിൽ …ചിരിക്കുന്ന ഒരു മുഖവും വാർത്തയും ..പത്രത്തിലെ കട്ടിങ് ആണ്…ലോറിയുമായി കാർ കൂട്ടിയിടിച്ച കോളേജ് അധ്യാപകൻ മരണപ്പെട്ടു …ചിരിക്കുന്ന ആ മുഖത്തിനു താഴെ പേരും വയസും ..നാലോ അഞ്ചോ വട്ടം നോക്കി ..അത് തന്നെയാണെന്ന് ഉറപ്പു വരുത്തി …എന്തുകൊണ്ടോ വിഷമം ഒന്നും തോന്നിയില്ല …പഴയ കാമുകൻ മരിച്ച വാർത്ത കണ്ടാൽ ഭർത്താവും പതിനാറു വയസുള്ള മകളും ഉള്ള നാല്പത്തിയഞ്ചുകാരി കരയുമോ?? അറിയില്ല ..ഇത് ആദ്യത്ത അനുഭവമാണല്ലോ …ചിലപ്പോ കരയുമായിരിക്കും…അഴിഞ്ഞു ചിതറിക്കിടക്കുന്ന മുടി വാരിക്കെട്ടി പുറത്തേക്കിറങ്ങി …രവിയുടെ ഉറക്കെയുള്ള കൂർക്കം വലി ഭ്രാന്തുപിടിപ്പിക്കുന്നു …തൊട്ടപ്പുറത്തെ മുറിയിൽ അമ്മു ഉറങ്ങുന്നുണ്ട് ..ഹാളിൽ ഇരിക്കാൻ വയ്യ ..എങ്ങോട്ടാണ് പോകേണ്ടത് …തണുപ്പുകാലം ആയതുകൊണ്ട് ഒട്ടും വെളിച്ചമില്ല ..ബാൽക്കണിയിലെ തണുപ്പിലേക്കിറങ്ങാൻ തോന്നിയില്ല ..എയർകണ്ടീഷന്റെ മുരൾച്ചയുടെ ലോകമാണ് അവിടെ .ഇത്രയും തണുപ്പിലും എസി ഇട്ടു കിടന്നുറങ്ങുന്നവർ എവിടെ മാത്രമേ കാണു …രവിയും അമ്മുവും അങ്ങനെ തന്നെയാണ് …ചുരിദാറിനു മുകളിലൂടെ കട്ടിയുള്ള ഒരു ഷാൾ എടുത്തു പുതച്ചു ,കിച്ചണിലെ ഇരുട്ടിലേക്ക് കയറി …കുറച്ചു സമയം വിൻഡോയിലൂടെ നോക്കി നിന്നു..ഇപ്പോൾ കുറേശെ വെളിച്ചം കാണാം …ആ വെളിച്ചത്തിൽ വ്യക്തമായി കാണാം അവറ്റകളെ …എത്ര കൊന്നാലും മരുന്നടിച്ചാലും തീരാത്ത അത്രയും ഉണ്ട് അവറ്റകൾ ..ഒരിക്കലും അവസാനിക്കാത്ത ജന്മമങ്ങൾ ..സിങ്കിലെ ബാക്കിവന്ന പാത്രങ്ങളിലും ഗ്യാസ്സ്റ്റോവിലും ഒരു പേടിയുമില്ലാതെയാണ് നടപ്പ് ..കൈകൾ നീണ്ട വായ തുറന്ന് …അറപ്പോടെ ലൈറ്റിന്റ സ്വിച് അമർത്തി ,,അപ്പോളാണ് ബാക്കി ഉള്ളവയെ കണ്ടത് ..നിലത്തും ചുമരിലും എല്ലാം ഉണ്ട് ..ഇത്രയൊക്കെ നേരത്തെയും ഉണ്ടായിരുന്നോ ..ആദ്യമായാണ് ഇങ്ങനെ കാണുന്നതെന്ന് തോന്നി ”’…..എന്ത് ചെയ്യണം …ഇതിനെയെല്ലാം ”’..ഇതിനെ കാണുമ്പോൾ പലപ്പോളും ഓര്മ വരിക രവിയെ ആണ് ..അല്ലെങ്കിൽ ആ കറുത്ത തടിച്ച വലിയ അട്ടകളെ ..
ഉണങ്ങിയ യൂക്കാലി ഇലകൾ തിന്നു വീർത്ത അവിടവിടെ ഇഴയുന്ന ആ അട്ടകളെ എന്നും പേടിയായിരുന്നു ..ക്യാമ്പസ്സിലെ ഓർമ്മകൾ എന്നും തുടങ്ങുന്നത് ആ അട്ടകളിൽ നിന്നാണ് ….നിലത്തോ വഴികളിൽ എവിടെയെങ്കിലും അവറ്റകൾ ഉണ്ടോ എന്ന് പേടിച്ച നടന്നിരുന്ന ഓർമ്മകൾ ….മൂർത്തിയുടെ കൂടെയാണ് മിക്കവാറും ക്ലാസ് കഴിഞ്ഞാൽ പോകുന്നത് ..ഉച്ച വരെയുള്ള ക്ലാസും പിന്നെ ലൈബ്രറിയും ..അതാണ് ക്യാമ്പസ്സിലെ രീതി …വായിച്ചു സ്വയം പഠിക്കാനുള്ള സമയം ..ക്ലാസ്സിലെ തമാശകളും ചിരികളും കഴിഞ്ഞാൽ പിന്നെ ലൈബ്രറിയിലേക്കാണ് …വായിച്ചതും ഇനി വായിക്കാൻ പോകുന്നതിനെ കുറിച്ചുമെല്ലാം തമിഴ് ചുവയുള്ള മലയാളത്തിൽ പറയുന്നത് കേൾക്കാൻ രസമാണ് …കന്യാകുമാരിക്കാരൻ ആയ കൃഷ്ണമൂർത്തി എന്ന മൂർത്തിക്ക് അട്ടകളെ ഒട്ടും പേടിയുണ്ടായിരുന്നില്ല ,അറപ്പും …എല്ലാം കഴിഞ്ഞ ക്യാന്റീനിലെ രണ്ടു രൂപ ചായയും രണ്ടുരൂപ കായ ബജ്ജിയും ..മിക്ക ദിവസത്തിന്റെയും അവസാനം അങ്ങനെയാണ് ….അവിടെ നിന്ന് ഹോസ്റ്റൽ വരെ …കൂടെയുള്ള ആ നടത്തങ്ങളിൽ ഒരിക്കൽ പോലും പ്രണയമാണെന്ന് മൂർത്തി പറഞ്ഞിട്ടില്ല …താൻ ചോദിച്ചിട്ടുമില്ല …പക്ഷെ പരസ്പരം അകലമിട്ട് ക്യാമ്പസിനുള്ളിലെ റോഡിൽ നടക്കുമ്പോളും ക്ലാസ് മുറികളിൽ പരസ്പരം നിശബ്ദമായി നോക്കുമ്പോളും അറിയാമായിരുന്നു ആ മൗനങ്ങളിൽ എന്താണെന്ന് ..എന്തുകൊണ്ടോ ആ ഉത്തരങ്ങളുടെ ചോദ്യങ്ങൾ തേടി പരസ്പരം പോയില്ല ..കാരണങ്ങളും ഉണ്ടാക്കിയില്ല …ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ഇത്രയും വർഷങ്ങൾ ഓർക്കാൻ സാധിച്ചത് …..ഇതിനപ്പുറം ഒരു നാല്പത്തിയഞ്ചുകാരിക്ക് പഴയ പ്രണയത്തെ ഓർക്കാൻ സാധിക്കുമോ ….അറിയില്ല ..മനസ്സിൽ എവിടെയും സങ്കടത്തിന്റ നിഴൽ പോലുമില്ല ..ഈ അടുക്കളയ്ക്കപ്പുറം രവിയും അമ്മുവും എസി യുടെ മുരളലും മാത്രമാണ് …മനസിന്റ സമനില പോലും തെറ്റുന്നില്ല ..കരച്ചിൽ വരുന്നില്ല …ഏറ്റവും ശാന്തമായ അവസ്ഥ …ഏറ്റവും ബുദ്ധിമുട്ടുള്ളതും
….പൊട്ടിത്തെറിക്കാനോ അലറിക്കരയാനോ കഴിഞ്ഞിരുന്നെങ്കിൽ താനൊരിക്കലും ഇവിടെ കഴിയുമായിരുന്നില്ല എന്ന് പലപ്പോളും ഓർക്കാറുണ്ട് …എന്ത് ചെയ്യണം ”’പുലരാൻ ഇനിയും ഉണ്ട് സമയം …കൂറകൾ അവരുടെ ജോലി തുടരുകയാണ് …ഒരു ഭയവുമില്ലാതെ …താനൊരാൾ അവിടെ നിൽക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കുന്നില്ല ..അവൾ മൂർച്ചയുള്ള ചെറിയ കത്തി എടുത്തു …..അവിടെ നിലത്തേക്കിരുന്നു …അതിന്റ കൂർത്ത മുന കൊണ്ട് നിലത്തേക്ക് കുത്താൻ തുടങ്ങി …ഓരോ കുത്തിലും മുനയിൽ കൂറകൾ നിറഞ്ഞു ..ഒന്ന്,രണ്ട്,മൂന്ന്,നാല് ,അഞ്ചു ,ആറ്…..കണക്ക് നീണ്ടു തുടങ്ങി ..എണ്ണിയാലൊടുങ്ങാത്ത അത്രയും നീണ്ടു ,,,,,മരവിച്ച ശാന്തത ദേഷ്യത്തിന് വഴിമാറികൊടുത്തു …ഒച്ചയില്ലാതെ അവൾ അലറി കരഞ്ഞു …കണ്ണുകളിൽ ചോരയുടെ നിറമുള്ള കണ്ണീർ പൊടിഞ്ഞു ,,,,അപ്പോളേക്കും അവിടം നിറഞ്ഞിരുന്നു …ചത്ത ,കൊന്ന കൂറകളെക്കൊണ്ട്………………………..