ലോകം അവസാനിക്കുന്നില്ല / അജയ് പി. മങ്ങാട്ട്

28577367_1848424381897989_4929481407053230569_n
പ്രശസ്ത നിരൂപകനായ അജയ് പി മങ്ങാട്ടിന്റെ പുതിയ പുസ്തകമാണ് ലോകം അവസാനിക്കുന്നില്ല. വായനക്കരനായ ഒരാളുടെ ലോകം എങ്ങനെയാണ് ശ്വസിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് ഈ പുസ്തകമെന്ന് നോവലിസ്റ്റും ലേഖകനുമായ പ്രദീപ് ഭാസ്‌ക്കർ പറയുന്നു. വായനയെ ധ്യാനമായി കാണുന്ന ഒരാൾക്ക് മാത്രം എഴുതാൻ കഴിയുന്ന പുസ്തകമെന്നാണ് ഈ പുസ്തകത്തെ പ്രദീപ് ഭാസ്‌ക്കർ വിശേഷിപ്പിക്കുന്നത്. ലേഖനമെഴുത്തുകാരന്റെ കർക്കശമായ ഭാഷയല്ല ഈ കുറിപ്പുകൾക്ക് പകരം ആൻഡ് സുഹൃത്തുക്കളുടെ സൗഹൃദ സംഭാഷണത്തിന്റെ സ്വരമാണെന്ന് പ്രദീപ് ഭാസ്‌ക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 

പുസ്തകങ്ങൾ, എഴുത്തുകാർ, കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ എന്നിവയെല്ലാം ഒരു ശ്രദ്ധാലുവായ വായനക്കാരന്റെ ജീവിതത്തെ ഏതൊക്കെ തരത്തിൽ സ്വാധീനിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യും എന്നതിന്റെ നേർക്കാഴ്ച്ചയാണ് ‘ലോകം അവസാനിക്കുന്നില്ല’.

വായന എല്ലാ അർത്ഥത്തിലും ഒരു ധ്യാനമാണ്. അപ്പോൾ ആയിരിക്കുന്ന അവസ്ഥയെയും, അപ്പോൾ ഉള്ള ഇടത്തെയും, ശരീരത്തെയും, എന്തിനേറെ അവനവനെത്തന്നെയും പൂർണ്ണമായും മറന്നുള്ള ഏകാഗ്രതയുടെ ഉത്തുംഗഹിമാചലമാണ് നല്ല വായന. വായന ഒരു യാത്രയുമാണ്. കാണാത്ത മനുഷ്യരുടെ ഇടയിലൂടെ, കാണാത്ത ഇടങ്ങളിലൂടെ, ആ മനുഷ്യരുടെയും ആ ദേശങ്ങളുടെയും സങ്കടങ്ങളിലും, സന്തോഷങ്ങളിലും, ആവലാതികളിലും, ആശങ്കകളിലും, ആത്മസംഘർഷങ്ങളിലും അലിഞ്ഞ്, അവരിലൊരാളായി നടത്തുന്ന അത്ഭുതയാത്രയാണത്. ധ്യാനത്തിനായാലും, യാത്രക്കായാലും നയിക്കാൻ ഒരാൾ വേണം. നയിക്കുന്നവൻ / വൾ ഗുരുവാണ്. ഇവിടെ, പുസ്തകങ്ങൾ, എഴുത്തുകാർ, കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ എന്നിങ്ങനെയാണ് ഗുരുക്കന്മാർ. അവർ തന്റെ ചിന്തകളെയും, കാഴ്ച്ചപ്പാടുകളെയും, അതുവരെയുള്ള ജീവിതത്തെത്തന്നെയും എങ്ങനെ പ്രകോപിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്തു എന്നതിന്റെ വിവരണങ്ങളാണ് ഇതിലെ ഓരോ അദ്ധ്യായവും.

യഥാർത്ഥത്തിൽ ലേഖനമെഴുത്തിന്റെ സാമ്പ്രദായിക രീതിയിലല്ല ഇതിലെ കുറിപ്പുകൾ. കർക്കശക്കാരനായ ഒരു താർക്കികന്റെയോ, തലനാരിഴ കീറി പരിശോധിക്കുന്ന നിരൂപകന്റെയോ ശബ്ദം നിങ്ങൾക്കിവിടെ കേൾക്കാനാകില്ല. ഒരു തടാകക്കരയിൽ കാലുകൾ താഴേക്ക് ഊർത്തിയിട്ട്, ചുറ്റുമുള്ള കാഴ്ചകളെ തരിമ്പു പോലും ശ്രദ്ധിക്കാതെ, പരസ്പരം തോളോടു തോൾ ചേർന്നിരിക്കുന്ന രണ്ടു സുഹൃത്തുക്കൾ നടത്തുന്ന സ്നേഹസംഭാഷണങ്ങളാണവ.അയാൾ എന്നോടാണ് സംസാരിക്കുന്നത്.
അതയാളുടെ ജീവിതമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here