വാക്ക് വെറും ചാക്കാക്കുന്നവരെ കാണുമ്പോൾ
വെറും വാക്കിനാൽ വാരിക്കൂട്ടുന്നത് കാണുമ്പോൾ
ഓർത്തു പോകുന്നു മൗനത്തിൻ സ്വർണഖനി
വാക്കു വെറും ചാക്കായി മാറുന്നു
വാരിയതൊക്കെ പള്ളയിലൊതുക്കുന്നു
മൗനം മൗനിയായ് പുഞ്ചിരി തൂകുന്നു
വാക്ക് വെറും വാക്കായി
നാഴികയ്ക്ക് നാല്പതു വട്ടം
മാറി മറഞ്ഞു, മാറ്റിപ്പറഞ്ഞു
മറുകണ്ടം ചാടി, വട്ടം തിരിഞ്ഞു
നട്ടം തിരിഞ്ഞു, നട്ടെട്ടും തിരിഞ്ഞു
നടയാകുന്നത്, വികടയാകുന്നത് കാണുമ്പോൾ
വാക്കിനോളം ചൂഷണം എന്തിനെങ്കിലുമുണ്ടോ
എന്ന് സംശയിച്ചു വാനിലേക്ക് നോക്കേണ്ടിവരുന്നു
മൗനം വിജയസ്മിതമായി കൈകെട്ടി
കാൽപ്പിണച്ച് …..
വാക്കുകൾ എഴുതാപ്പുറങ്ങളായ് മാറ്റി
വായന നടത്തി,
കീറിമുറിച്ചു വൈദ്യനും തോൽക്കും വാക്‌ചികിത്സയും കാണുമ്പോൾ
വാക്കിനോളം വഴുതി മാറുന്നതെന്തെന്ന ചിന്തകൾ
ഭരണമേൽക്കുന്നു മനസ്സിന്റെ
ചുണ്ടുകൾ പണിമുടക്കുന്നു
നാവത് നാൾക്കവലയിലെ പോലെ
തല്ലിയലയ്ക്കാതെ
വാ ഗുഹാമുഖത്തിനുള്ളിൽ
എനിക്ക് സുഖസുഷുപ്തി എന്ന മട്ടിൽ…
എന്നാൽ…
വാക്കിനാൽ പൂക്കും പുഞ്ചിരി കാണുമ്പോൾ
വാക്കിലാശ്വാസമായ് പച്ചപിടിക്കും ജീവിതം കാണുമ്പോൾ
വാക്കിതിനല്ലേ ശെരിയുപയോഗം എന്നൊരാശ്വാസം….