കൂട്ടക്ഷരങ്ങൾ

ഫേസ്‌ ബുക്കിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഴുതിയ എഴുപതിൽപ്പരം കുറിപ്പുകളും ചിത്രങ്ങളും ചേർത്ത്‌ ഗ്രീൻ ബുക്സ്‌ പ്രസിദ്ധീകരിച്ച പുതിയ പുസ്തകം “കൂട്ടക്ഷരങ്ങൾ” ഗ്രീൻ ബുക്ക്സ് പുറത്തിറക്കി

പുസ്തകം സമർപ്പിച്ചിട്ടുള്ളത്‌ ഫേസ്ബുക്ക്‌ കൂട്ടാളികൾക്ക്‌ ആണ് എന്ന് എഴുത്തുകാരൻ പറയുന്നു

ആമുഖം വായിക്കാം:

കൂട്ട്‌; ഈ അക്ഷരങ്ങൾ

ഏതൊരെഴുത്തും ഒരർത്ഥത്തിൽ ഒരു കൂടു തേടലാണ്; ഒരു കൂട്ട്‌ കൂടലാണ്. മലയാളത്തിൽ വസിക്കുന്ന ഇടത്തിനു കൂടെന്നും ഒപ്പം വസിക്കുന്നയാൾക്ക്‌ കൂട്ട്‌ എന്നും ഒരക്ഷരത്തിന്റെ ഇരട്ടിപ്പിലൂടെ മാത്രം സാധിച്ചെടുത്ത രണ്ടു വാക്കുകളുടെയും സ്രഷ്ടാക്കൾക്കു നമസ്കാരം. കൂടിനും കൂട്ടിനും തമ്മിൽ, അവ നൽകുന്ന സാന്ത്വനങ്ങൾക്കുതമ്മിൽ വലിയ ഭേദമില്ലെന്ന ധ്വനിയാണല്ലോ അതിൽ മുഴങ്ങുന്നത്‌! മനുഷ്യന്റെ കൂടായ വീട്ടിനുള്ളിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം നാമിപ്പോൾ നമ്മുടെ സൈബർ ഇടങ്ങളിൽ കഴിയുന്നു. ഒറ്റയ്കൊറ്റയ്ക്ക്‌ നമ്മുടെ മുറികളിൽ ഇരുന്നുകൊണ്ടുതന്നെ നാമൊരു ആഗോള ആൾക്കൂട്ടമായി ഒത്തുചേരുന്നു.

പോരായ്മകൾ എന്നതു പോലെ തീർച്ചയായും ഈ കൂട്ടുചേരലിന് തികവുകളുമുണ്ട്‌. ഏകാന്തതയെ മറികടക്കുവാൻ സഹായിക്കുന്നു എന്നതാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌ ഇതിനെക്കുറിച്ചുപറയാവുന്ന ആദ്യഗുണം. എന്താ അയാൾക്ക്‌ തൊട്ടുമുന്നിൽ കാണുന്ന മറ്റൊരാളോട്‌ നേരെ ചൊവ്വേ എതിർമ്മുട്ടി ഏകാന്തത ശമിപ്പിച്ചുകൂടാ എന്ന ചോദ്യം വരാം. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ആത്മസുഹൃത്തിനോട്‌ തന്റെ ഹ്ലാദവിഷാദങ്ങൾ പറയുന്നതിനേക്കാൾ, തന്റെ ഹ്ലാദവിഷാദങ്ങളെ തെരഞ്ഞെടുത്ത്‌ ആത്മസുഹൃത്തായി തീരാൻ ക്ഷണിക്കുന്ന, വിപരീത ദിശയിൽ പ്രവർത്തിക്കുന്ന ഒന്നാണ് ഫേസ്‌ ബുക്ക്‌ എന്നു പറയാം. ലൈക്കും കമന്റുമൊക്കെ എത്ര വ്യാജമെന്നു കരുതുന്ന ഒരാൾക്കുപോലും അതിൽ എഴുതപ്പെട്ട കാര്യങ്ങൾ കുറേ പേർ വായിച്ചിട്ടുണ്ടാകുമെന്ന കാര്യം നിഷേധിക്കാനാവില്ല.
സ്വയംവരത്തിനു ചമഞ്ഞു നിൽക്കുന്ന വധുവിനെപ്പോലെയാണ് അവിടെ ഓരോ പോസ്റ്റും. അത്‌ സാഹിത്യമോ സംഗീതമോ രാഷ്ട്രീയമോ വ്യക്തിജീവിതമോ എന്തുമാകട്ടെ, കൃത്യം ഫ്രീക്ക്വൻസിയുള്ള ഒരു മറുകൂക്കലെങ്കിലും-കുയിലിനെന്ന പോലെ-ലഭിക്കാതിരിക്കുകയില്ല. (തീർച്ചയായും ഒരു പാട്‌ കുറുക്കൻ കൂക്കലുകളും). സിനിമയും നാടകവും തമ്മിലുള്ള പ്രധാന വ്യത്യാസമായി അഭിനേതാക്കൾ പറയാറുള്ളത്‌ പേപ്പറിലെഴുതുന്നതും സൈബറിൽ എഴുതുന്നതും തമ്മിലുള്ള അന്തരമായും പറയാം: ഇവിടെ പ്രതികരണം തൽസമയമെന്നോണം കിട്ടുന്നു.
കഥയും കവിതയും ഓർമ്മക്കുറിപ്പുകളും നോവലുമൊക്കെയായി പലതും എഴുതിയതിൽപ്പിന്നെയാണ് ഞാൻ ഫേസ്ബുക്ക്‌ , ഗൂഗിൾ പ്ലസ്‌, വാട്ട്സ്‌ ആപ്പ്‌ തുടങ്ങിയ നവ മാധ്യമ നഭസ്സിലേക്ക്‌ വരുന്നത്‌. ആദ്യമാദ്യം വെറും കുശലങ്ങൾക്കപ്പുറം പോകാതിരുന്ന ഞാൻ പിന്നെപ്പിന്നെ ഉടൻപ്രതികരണങ്ങൾ ആവശ്യമെന്നു തോന്നിയ ചില പൊതുവിഷയങ്ങളെക്കുറിച്ചും എഴുതി. പലതിനും ലക്ഷങ്ങളുടെ ‘റീച്ചും’ പതിനായിരങ്ങളുടെ ‘ലൈക്കും’ കിട്ടി. ചിലതൊക്കെ അവഗണനയുടെ കുപ്പയിൽ വീണു. ചില പോസ്റ്റുകൾ എനിക്ക്‌ ആജീവനാന്ത സുഹൃത്തുക്കളെ സമ്മാനിച്ചപ്പോൾ ചിലവ ബദ്ധവൈരികളെ തന്നു. രണ്ടും ഞാൻ ഒരേ ആത്മാർത്ഥതയോടെ സ്വീകരിച്ചു.
ഇപ്പോഴിങ്ങനെ ആ കുറിപ്പുകളൊക്കെ ഒരു പുസ്തകമായി ഇറങ്ങുന്നതിന് ഗ്രീൻ ബുക്സിലെ സനിതയുടെ ഉത്സാഹമാണ് കാരണമെന്നു പറയട്ടെ. ഒരെഴുത്തുകാരന്റെ ഒരക്ഷരം പോലും പാഴല്ലെന്ന ഒരു തിരിച്ചറിവ്‌ ഈ ഉത്സാഹത്തിനു പിന്നിലുണ്ടെന്ന് ഊഹിക്കുമ്പോൾ തന്നെ ഒരു സന്തോഷം.

സൈബറിടങ്ങൾക്ക്‌ മറ്റ്‌ എന്തെല്ലാം മികവുണ്ടെങ്കിലും ഒരു കുറവ്‌ നിശ്ചയമായും ഉണ്ട്‌: അത്‌ അവ സൃഷ്ടിക്കുന്ന ഒരു മിഥ്യാപ്രതീതി തന്നെ. ബിറ്റ്‌ കോയിൻ പോലെ അവിടെ സ്നേഹം പോലും ഒരു അദൃശ്യത പ്രദർശിപ്പിക്കുന്നു. പുസ്തകത്തിലാവട്ടെ വെറുപ്പുപോലും തൊട്ടു നോക്കാവുന്ന യാഥാർത്ഥ്യമായി തോന്നും. അതു കൊണ്ട്‌ സൈബറിടങ്ങളുടെ മിഥ്യയിൽ നിന്ന് പുസ്തകത്തിന്റെ തഥ്യയിലേക്ക്‌ പറിച്ചുനടപ്പെടുന്ന ഈ അക്ഷരങ്ങളോട്‌ എനിക്ക്‌ പ്രത്യേകം പ്രതിപത്തിയുണ്ട്‌.
കൂടും കൂട്ടൂം തേടിയ അക്ഷരങ്ങളാകയാൽ ഇതിനു കൂട്ടക്ഷരങ്ങൾ എന്നു പേർ. സ്നേഹം കൊണ്ട്‌ നിങ്ങളീ ഭൂമിയിൽ ചേർത്തുകെട്ടിയിട്ടുള്ള ഒരു അക്ഷരപ്രാണനെ ദ്യോതിപ്പിക്കാൻ മറ്റൊരു കൂട്ടുപദവും തേടേണ്ടതില്ല.

സ്വന്തം
സുഭാഷ്‌ ചന്ദ്രൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here