കൊടും ക്രൂരതകളെത്ര ചെയ്തു നീ
എന്നിട്ടുമീപാവം ക്ഷമിച്ചില്ലേയിത്രനാൾ
സംഹരിക്കാനുറച്ചു വന്ന ഞാൻ
നിന്റെ കണ്ണീരിൽ കരളലിഞ്ഞു മടങ്ങിയില്ലേ
വീതി വിസ്താരത്തോടെ പരന്നൊഴുകിയ
എന്നെ നീ ഞെരിച്ചമർത്തിയില്ലേ
ശ്വാസത്തിനായുളളയെൻ പിടപ്പ്
അന്നു നീ കണ്ടുവോ
നിശ്ശബ്ദം കണ്ണീരെത്ര കുടിച്ചു ഞാൻ
അതു നീ കേട്ടുവോ
എന്റെ വഴികളൊക്കെയും പകുത്തെടുത്തു
രമ്യ ഹർമ്യങ്ങൾ തീർത്തു നീ
എന്നിലെയൊടുവിലെ മൺതരിയും
പൊതിഞ്ഞെടുത്തു നീ
ഓളങ്ങളിളകിയയെൻ നെഞ്ചകം
നിൻ നഖക്ഷതങ്ങളാൽ നീറിയതെത്രയോ
നിന്നേകാന്തതയിലെന്നും കൂട്ടായിരുന്നവൾ ഞാൻ
നിന്റെ പാട്ടിനീണം പകർന്നതും ഞാൻ
നിന്റെ കാലടികൾക്കായി ഞാൻ കാതോർത്തിരിക്കേ
മതിയേറിയവൻ മർത്ത്യൻ നീയെൻ
മാറിലേക്കെറിഞ്ഞതോ നിന്നുച്ഛിഷ്ടവുമമേദ്യവും
കരഞ്ഞുകലങ്ങി കദനങ്ങളാലെൻ
കരൾക്കുടം തിങ്ങവേ , ദുഃഖം കനലായി
കത്തിയുയർന്നു കരകവിഞ്ഞപ്പോൾ
ഇന്നു നീ കരയുന്നു
കണ്ണീരെത്ര തന്നെയെന്നെ കുടിപ്പിച്ചവനാണെങ്കിലും
നിൻ കരച്ചിലെൻ കരളലിയിക്കുന്നു
സംഹരിക്കാനുറച്ചു വന്ന ഞാൻ
അതിനാകാതെ മടങ്ങുന്നിതാ
എന്റെ വഴികൾ കടമെടുത്തു
നീ കെട്ടിയ കൊട്ടാരങ്ങൾ
തകര്‍ന്നു വീഴുമ്പോൾ കേഴുന്ന നീ
ഒന്നോർക്കുക സോദരാ
ശേഷിക്കുന്ന നിന്റെയീ ജീവനും
എന്റെ കനിവൊന്നു മാത്രം
(കുറിപ്പ് : പുഴകളെ സംരക്ഷിക്കാൻ ഇനിയെങ്കിലും നാം ഒറ്റകെട്ടായി
മുന്നിട്ടിറങ്ങണം . പ്രകൃതിയെ കരയിച്ചുകൊണ്ടുളള ഷോപ്പിങ് മാളുകളും
റിസോർട്ടുകളും നമുക്ക് വേണ്ട എന്നു മലയാളികൾ ഒരേ മനസ്സോടെ
പറയണം)