സമയം ഏഴുമണിയോട് അടുക്കുന്നു. ചുറ്റിലും ഇരുൾപടർന്ന് തുടങ്ങി. എത്രയും വേഗം ഹോസ്റ്റലിൽ തന്റെ മുറിയിൽ എത്തിച്ചേരണം. നടത്തതിന്റെ വേഗതകുറയുകയാണോ എന്ന് ഒരു സംശയം. സത്യത്തിൽ എന്റെ കാലുകളാണോ അതോ മനസാണോ തളർന്ന് തുടങ്ങിയിരിക്കുന്നത്. അതെ ശരീരത്തേക്കാൾ ഭാരം മനസ്സിന് തന്നെ. മനസ്സ് ഏതാണ്ട് പൂർണ്ണമായും ചത്തിരിക്കുന്നു. പിന്നെ ശരീരം ഒരു ദിവസത്തിന്റെ മുഴുവൻ അധ്വാനഭാരം പേറി നിലം പറ്റാൻ വെമ്പുന്നു. ഒന്ന് ആശ്വസിപ്പിക്കാനോ എന്തിന് ഒരു നല്ലവാക്ക് പറയാനോ ഒന്നിനും ഈ ലോകത്ത് തനിക്ക് ആരുമില്ല. നാട്ടിലും വീട്ടിലും ഞാൻ ഒരു അഹങ്കാരിയും തന്റെടിയും. അവൾ അനുഭവിക്കട്ടെ സ്വയം വരുത്തിവെച്ചതല്ലേ എന്നാവും എല്ലാവരും കരുതുന്നത്. എത്രകാലമായ് ഈ ഏകാന്തവാസം അനുഭവിക്കാൻ തുടങ്ങിയിട്ട്. ഇന്നേക്ക് മൂന്നുമാസം തികഞ്ഞിരിക്കുന്നു. എത്രപെട്ടന്നാണ് മൂന്നുമാസം കടന്നുപോയത്. ഇന്നലെയെന്ന പോലെ താൻ തനിച്ചായ് പോയ രാത്രിയുടെ ഓർമ്മകൾ കൺമുന്നിൽ മിന്നിമറയുകയാണ്.
അച്ഛനും അമ്മയും മൂന്നുപെൺമക്കളും ഉൾപ്പെടുന്ന സാധാരണയിൽ സാധാരണമായ കുടുംബം.
മക്കളിൽ നടുകഷ്ണം ആണ് ഞാൻ.
സാമ്പത്തികമായ് വളരെ പരുങ്ങലിലാണെങ്കിലും തരക്കേടില്ലാതെ പഠിക്കുമായിരുന്ന ഞാൻ എന്റെ ഉള്ളിലെ മോഹങ്ങൾ ഒരു നാളിൽ പൂവണിയുന്നത് സ്വപ്നം കണ്ടിരുന്നു. അത് എന്റെ സ്വാർത്ഥതകൊണ്ടാണോ (എന്ന് വെപ്പ്) അതോ വിവാഹബന്ധം വേർപ്പെടുത്തേണ്ടിവന്ന എന്നാൽ ഇനിയും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കാത്ത മൂത്തസഹോദരിയുടെ ജീവിതം എനിക്ക് മുന്നിൽ ഒരു പാഠമായ് അവശേഷിക്കുന്നത് കൊണ്ടോ? അത് എന്ത് തന്നെ ആയാലും, പലരുടെയും എതിർപ്പുകളെ അവഗണിച്ച് അച്ഛന്റെയും അമ്മയുടെയും കാൽക്കൽ കിടന്നു കരഞ്ഞ് ബിരുദാനന്തരബിരുദം വരെ പഠിച്ചു. ഇന്ന് വരെയുള്ള ജീവിതത്തിലെ ഏകസമ്പാദ്യവും അതുതന്നെ.
അവസാനവർഷ പരീക്ഷയും കഴിഞ്ഞ് കോളേജിനോടും കൂട്ടുകാരോടും യാത്രപറഞ്ഞ് വീട്ടിലെത്തിയ ദിവസം തന്നെ എന്നെ കാത്തിരുന്നത് ഒരു വിവാഹാലോചനയാണ്. അമ്മാവനാണ് ആലോചനയുടെ മുഖ്യസൂത്രധാരൻ. ഞാൻ വീട്ടിലെത്തിയ അതെ ദിവസം തന്നെ അമ്മാവനും വീട്ടിലെത്തി. ഇത്രയൊക്കെ പഠിച്ചില്ലേ അത് തന്നെ ധാരാളം എന്നാണ് അമ്മാവന്റെ അഭിപ്രായം. നാട്ടിൽ നിന്റെ ഒപ്പം പ്രായമുള്ള പെൺപിള്ളേരെല്ലാം രണ്ട്പെറ്റു എന്ന മട്ടിൽ എന്നെ കണ്ടപ്പോൾ ഒരു ഇരുത്തിനോട്ടവും. എന്നിട്ട് ഇറങ്ങാൻ നേരം അമ്മയോടായി അവജ്ഞകലർന്ന ഭാവത്തിൽ നിനക്ക് പെമ്പിള്ളേർ ഒന്നല്ല മൂന്നാ ഓർത്തോണം എന്നൊരു താക്കിതും നൽകി. മൂത്തമകളെ പറ്റി ഓർക്കാഞ്ഞിട്ടാണോ, ഇളയമകളെ പറ്റി ഓർത്തിട്ടാണോ എന്ന് അറിയില്ല. അച്ഛനും അമ്മയും നടുവിലുള്ള എന്റെ കാര്യത്തിൽ എന്തായാലും ഒരു തീരുമാനത്തിലെത്തി. കഴുത്തിലൊരു താലിയും നെറ്റിയിൽ കുങ്കുമം കൊണ്ടൊരു അതിർവരമ്പും.പയ്യൻ മുൻപ് ഒരിക്കൽ എന്നെ കണ്ടിട്ടുള്ളതിഞ്ഞാൽ പിന്നീടങ്ങോട്ട് കാര്യങ്ങൾ ശടപടേന്നായ്. ജോലി ലഭിച്ചതിന് ശേഷം വിവാഹം എന്ന എന്റെ അഭിപ്രായത്തെ കാറ്റിൽ പറതികൊണ്ട്, എന്റെ എതിർപ്പുകളോന്നും തന്നെ മുഖവിലക്കെടുക്കാതെ അച്ഛനും അമ്മയും എന്റെ കഴുത്തിലൊരു കയറിടാനൊരുങ്ങി. ഉത്സാഹകമ്മിറ്റിക്ക് മുന്നിൽ കൊടി പിടിച്ച് അമ്മാവനും. പിറ്റേദിവസം രാവിലെ പേരിനൊരു പെണ്ണ് കാണൽ ചടങ്ങും തീരുമാനമായി.
അന്ന് രാത്രി എനിക്ക് മാത്രം കാളരാത്രി. ഒന്നുകിൽ വിധിക്ക് മുമ്പിൽ മൗനമായ് തലകുനിക്കുക. അല്ലെങ്കിൽ ധീരമായ് പോരാടുക. ഒരു പോളപോലും കണ്ണടയ്ക്കാൻ സാധിക്കാതെ തലയിണയിൽ മുഖം അമർത്തി കരയുമ്പോൾ പ്യൂപ്പയുടെ കവചം ഭേദിച്ച് വാനിൽ പറന്നുയരുന്ന വർണ്ണശലഭങ്ങളെ ഞാൻ എന്നിൽ കണ്ടു. പിറ്റേന്ന് രാവിലെ ഒന്നുരണ്ടു വസ്ത്രങ്ങളും ഒരു ബാഗിലാക്കി ഞാൻ അച്ഛന്റെയും അമ്മയുടെയും മുന്നിലെത്തി. ഒരു വാക്കുപോലും ഉരിയാടാതെ അച്ഛന്റെ കണ്ണിരും അമ്മയുടെ ശാപവാക്കുകളും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് ശൂന്യതയുടെ പരപ്പിലേക്ക് ഞാൻ നടന്നകന്നു. അപ്പോഴും കൂരമ്പുപോൽ കാതിൽ തറക്കുന്നുണ്ടായിരുന്നു “നീ ഒരു കാലത്തും ഗുണം പിടിക്കില്ലെടി കുരുത്തം കെട്ടവളെ” എന്ന അമ്മയുടെ ശാപവാക്കുകൾ. കിട്ടാവുന്നതിൽ വെച്ച് ഏറ്റവും പ്രചോദനം നൽകിയ വാക്കുകൾ. ഇനി ഒരു തിരിച്ചു വരവ് വിജയിച്ചു കാണിക്കാനേ ഉണ്ടാവൂ എന്ന നിച്ഛയദാർഢ്യത്തോടെ ഞാൻ ചെന്നെത്തിയത് തലസ്ഥാന നഗരിയിലാണ്. സുഹൃത്തിനോട് തിരിച്ചു നൽകാം എന്ന വ്യവസ്‌ഥയിൽ കടം ഒപ്പിച്ച രൂപ ഒരുമാസത്തെ ഹോസ്റ്റൽ ഫീസ് അടച്ചു. പിന്നെയങ്ങോട്ട് ഒരു ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചിലുകളായിരുന്നു. ഒടുവിൽ കിട്ടിയത് നഗരത്തിലെ ഒരു ടെക്സ്റ്റൈൽസിൽ സെയിൽസ് ഗേൾ ആയി ജോലി. വിശപ്പിന് കൈയിലുള്ള സർട്ടിഫിക്കറ്റിനേക്കാൾ കനം ഉണ്ടെന്ന് തിരിച്ചറിവ് ഉള്ളതിനാൽ കുറച്ചു നാൾ അവിടെ കഴിഞ്ഞു കൂടാമെന്ന് കരുതി. അന്ന് മുതൽ ജീവിതത്തോട് വാശി ഇരട്ടിയായ് വർധിച്ചു. അവിടുന്ന് എന്റെ യോഗ്യതക്കനുസരിച്ച് കുറേക്കൂടി മെച്ചപ്പെട്ട ഒരു ജോലിക്കായ് ശ്രമവും തുടങ്ങി. ചാരി ഇട്ടിരുന്ന ഹോസ്റ്റൽ ഗെയ്റ്റിൽ നെറ്റി ചെന്നിടിച്ചപ്പോഴാണ് ചിന്തകൾക്ക് തിരശീല വീണത്. ഓർമ്മകൾ അങ്ങനെയാണ് അവക്ക് ഒരു അന്തവും ഇല്ല കുന്തവും ഇല്ല എന്ന് പറയുന്നത് എത്ര സത്യമാണ്. ചിലപ്പോഴവ തലച്ചോറിനുള്ളിൽ യുദ്ധം തന്നെ നടത്തുന്നുണ്ടോ എന്ന് തോന്നിപ്പോകും.
നടുവിന് വല്ലാത്ത വേദന. ഒറ്റ നില്പിൽ ഒരു ദിവസം അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ ക്ഷീണം. ഹാവൂ… ഇനിയൊന്നു കുളിക്കണം. ഇന്ന് രാത്രിയോട് കൂടി മൂന്നുമാസമായ് കെട്ടിയാടിയ ഒരു വേഷം അഴിഞ്ഞുവിഴുകയാണ്. നാളെ മുതൽ പുതിയ ഒരു തുടക്കമാണ് ആഗ്രഹിച്ചതുപോലെ ഒരു ഹയർസെക്കണ്ടറി അദ്ധ്യാപികയായി. താൽക്കാലിക നിയമനമാണ്. എന്നിരുന്നാലും ഈ അവസ്ഥയിൽ അതൊരു പ്രത്യാശയാണ് ഏകുന്നത്. കണ്മുന്നിൽ കാണുന്ന എല്ലാ കുട്ടികൾക്കും ഇനിയങ്ങോട്ട് വെളിച്ചമേകണം. തളർന്ന് പോയ ഓരോ കുട്ടിയിലും ഓരോ കനൽ ഉണ്ടാവും, തീർച്ച. അത് ഊതി പെരുപ്പിക്കണം. തീയായ് ആളികത്തിക്കണം. വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അവസാനവാക്ക് ഒന്നുമല്ല. എന്നിരുന്നാൽകൂടി വിദ്യാഭ്യാസം കൊണ്ട് ജീവിതത്തെ ഒരു പരിധിവരെ മാറ്റിമറിക്കാനായേക്കുമെന്ന് ഒരു കുട്ടിയേയെങ്കിലും പ്രത്യേകിച്ചു ഒരു പെൺകുട്ടിയേ ബോധവൽകരിക്കാനായാൽ എന്റെ ജീവിതം ധന്യമായി തീരും.
Click this button or press Ctrl+G to toggle between Malayalam and English