സായാഹ്നസൂര്യന്റെ അകമ്പടിയായി നാടുവിട്ട് നാടുതേടിയലയുന്ന പക്ഷികൾ വിണ്ണിന്റെ മറുകുകളായി മായുന്ന കൗതുകക്കാഴ്ചയ്‌ക്കൊപ്പം, ഇന്നും എന്റെ പ്രതീക്ഷകൾ പടിഞ്ഞാറെ കനലാഴിയിൽ എരിഞ്ഞമരാൻ പോവുകയാണ്. ആഗ്രഹങ്ങളെയെല്ലാം പകൽക്കിനാവാക്കി മാറ്റിനിർത്താൻ എപ്പോഴാണ് ഞാൻ പഠിച്ചത്?
ഈ ജനലഴികൾക്കപ്പുറം സൗമ്യമായ പകലുകളിൽ ചെറുകിളികൾ ആവേശത്തോടെ പുതിയ ചില്ലകൾ തേടി പറക്കുന്നത് കാണുമ്പോൾ കാലമിത്രകഴിഞ്ഞിട്ടും ഉള്ളം വിങ്ങാറുണ്ട്!
‘എന്തിനാണ് ഞാൻ എന്നെ മറന്നുകളഞ്ഞത്,ഈ ത്യാഗങ്ങളെല്ലാം എനിക്കെന്താണ് നേടിത്തന്നത്, പരിഹാസമോ, അവഗണനയോ, വിദ്വേഷമോ, അങ്ങനെ പലതും നേടിക്കഴിഞ്ഞു.’
‘ ചിലത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നപ്പോൾ..അല്ല,ഞാനത് അറിഞ്ഞുകൊണ്ട് ചെയ്തതാണ്.എന്റെ ആഗ്രഹങ്ങൾ, അവയ്‌ക്കു ചിറകുമുളക്കാൻ ഞാനുൾപ്പെടെ ആരും അനുവദിച്ചില്ല… ‘
ആ ക്രൂരതയ്ക്ക് ശേഷം ഈ അടുത്ത നാളുകളിലാണ് പശ്ചാത്താപത്തിന്റെ കനൽ എന്നിൽ എരിഞ്ഞുതുടങ്ങിയത്. അത് കണ്ണീരുകൊണ്ട് കെടുത്തണോ , പ്രാണവായുകൊണ്ട് ജ്വലിപ്പിക്കണോ? ഞാനെന്റെ നിസ്സഹായയായ മനസ്സിനെ ഉറ്റുനോക്കി.എത്രകാലം ഇതിനുത്തരം തേടും..
“ഓ, എന്നാലിപ്പോൾ ചായയ്ക്ക് സമയമായിരിക്കുന്നു” ഞാൻ ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു.
Click this button or press Ctrl+G to toggle between Malayalam and English