പെണ്ണിടമെത്രമേൽധന്യം
പാരിൽ പാഴ്ക്കിനാവല്ലവൾ സത്യം.
പാതിരാനേരത്തുപോലും
നറുംപാലേകിപ്പോറ്റിയ പുണ്യം
ഇതിഹാസമേതിലും കാണാം
നിറശക്തിസ്വരൂപമാം സ്ത്രീത്വം
ഇരുതലവാൾമൂർച്ചയേറും
വാക്ശരമായവൾ മാറും
ഇന്നോളമുലകിൽ വിരിഞ്ഞ
സർവ്വസുഗന്ധവും
പെണ്ണോളമുണ്ടോ
ഉള്ളിലഗ്നിയായ്കത്തിയെരിയെ
ഉള്ളതുവെച്ച് വിളമ്പും
ഉണ്ണാതുറങ്ങാതെ കാക്കും
ഉണ്ണിയാർച്ചയായ് ഉള്ളം തിളയ്ക്കും
പെണ്ണിവളില്ലാതെയുണ്ടോ
പേരിന് പോലുമീ ലോകം
പേറാത്ത ഭാരമൊന്നുണ്ടോ
ഇത്തിരി സ്നേഹത്തിൻ മുന്നിൽ
കാമിനിയായ് വന്നു നിന്നാൽ
കാലവും പൊൻതേരിലേറും
കാത്തിരിപ്പിൻ റാണിയാവും
കാത്തുവയ്ക്കും കണ്ണിനുള്ളിൽ
പ്രേയസിയായവൾ വന്നാൽ
പ്രേതക്കാട്ടിലുംകൈകോർത്തു നിൽക്കും
പൊന്നിലും പൊന്നായ് തിളങ്ങും
പൊൻവിളക്കായി തെളിയും
പുത്രിയായ് ഒട്ടൊന്നു നിൽക്കെ
പൂത്തൊരാകാശമായ് നിറയും
കൺമുന്നിൽ മാമരമാകും
കൊടുംവേനലിൽ ശീതളഛായയുമേകും
പെങ്ങളൊരുസ്വത്താണ് മർത്യാ
അവളില്ലെങ്കിലില്ല സുകൃതം
കൂടെനടന്നു ചിണുങ്ങും
കൂടെപ്പിറപ്പായി മിന്നും
പുത്രന്റെ പെണ്ണായി നിൽക്കെ
സ്വർഗ്ഗം കൊതിച്ചവൾ കൊഞ്ചും
സ്വന്തമൊന്നൊരു പദം
ചൊൽകെ
താക്കോൽക്കൂട്ടമായ് കിതയ്ക്കും
അമ്മയായ് പെണ്ണവൾ പെയ്യും
വരുംതലമുറവന്ദിച്ചുനിൽക്കെ
മുത്തശ്ശിക്കൈ കൊണ്ടും ഊട്ടും
മരണത്തിൽ പോലും മറക്കാക്കഥ കാതിൽ തേനും ചൊരിയും
വായ്മൊഴി പോലും വരമായ്
മനവാതിൽക്കൽ നിന്ന് ചിരിക്കും
ഝാൻസിയായ്, മസ്താനിയായി
തെരേസയായ്
നാദിറയായ്
നങ്ങേലിയായ്
ജാനുവായ്
നിന്നുജ്വലിച്ചോൾ
സുഗതയായ്, ബാലാമണിയായ്, മാധവിക്കുട്ടിയായ്
ചൊല്ലും ഇതാണിതാണെന്റെ വീഥി.
എന്നിട്ടുമെന്നിട്ടുമെന്തേ
കൊടും പീഢയാലവളെ
മുറിക്കും മാനസം നിങ്ങൾ വഹിപ്പൂ
മാറാത്ത വ്യാധി പോലെന്തേ ദ്രോഹങ്ങൾ അവൾക്കായൊരുക്കി
മാറണംമാറണം ലോകം
പെണ്ണവൾ കേണാലുലകം
രണ്ടായ് പിളർന്നങ്ങു മാറും
അവളെയുമേറ്റി മറയും
മൗനമായ് പ്രപഞ്ചം പിരിയും
പിന്നെ മൗനവുമില്ലാതെയാവും
കാക്കണംകാവലാളല്ലോ
അവൾ, നിറനിലാവിന്റെ
കാതര മുത്തം.