വീട്ടുമുറ്റത്തൊരു ബഹളം
കോളാമ്പി പടർപ്പിന്റെ ചോട്ടിൽ
വീട്ടുപക്ഷികളുടെ കലഹം.
കൊക്കിലൊരു കുരുവി
കൊരുത്തൊരു കൊഴുത്ത
ഞാഞ്ഞൂളിന്റെ വിഹിതം
ചൊല്ലി കലപില ചില.
അന്നദാതാവാണ് നാഥൻ
നാട്ടിലും കാട്ടിലും,
അവന്റെ വാക്കിനാണ് വില
നാവുള്ള നാളു വരെയും.
കാഴ്ചയുടെ രസച്ചരട്
മുറുക്കിയുടുത്ത് ഞാൻ
കർത്താവിന്റെ നീതിയറിയാ-
നുമ്മറത്തങ്ങിരുന്നു പോയി.
അങ്ങനെ ചർച്ച തുടങ്ങി
പിന്നെ കൂട്ടം പിളർന്നു
അത്യുത്തമ ശിഷ്യരുണർന്നു
പിറകെ സമവായം പിറന്നു.
*
കാടുമുഴക്കി’യൊരമ്മക്കിളിയിൽ
കാണി ഞാനൊന്നല്ലെന്ന ബോധം
അപ്പുറം ദേവതാരുക്കൊമ്പിൽ
അല്പമിട കണ്ണു തട്ടിയ നേരം.
നല്ലൊരു തല്ല് കണ്ടിട്ടെത്ര നാളാ-
യെന്നു കൊതിച്ചെന്റെ നെഞ്ചും
തനിക്കായൊരു പോരെന്ന-
തിനഹം കൊണ്ട് ഞാഞ്ഞൂളും.
ശാന്തി തീരം തേടുന്ന കാറ്റിനെ
മുറിച്ച് കുതിച്ചൊന്നാം വരവിൽ
ശാലിനി, ശ്രിത ശിങ്കിടികൾക്കൊരു
മുന്നറിയിപ്പ് കൊടുത്തു മടങ്ങി.
പലവഴി പിരിയും പറവകളൊറ്റിയ,
തോൽക്കില്ലെന്നൊരു താറുമുടുത്ത്
പോരിനിറങ്ങിയ, നാഥന്റെ തീർപ്പിൽ
തോറ്റം തുള്ളി, ഞാനും ഞാഞ്ഞൂളും.
പൂമണം വീശുന്ന പോർക്കളത്തിൽ
പൂവൊന്നു നുള്ളുന്ന ലാഘവത്തിൽ
ഇരട്ടവാലാട്ടി കിളിയമ്മ മറഞ്ഞുപോയി
ചുണ്ടിലെ പല്ലക്കിൽ മണ്ണിരയുമായി.
തിരികെ ക്ഷേമം തിരക്കി വന്നവർക്ക്
ത്യാഗത്തിന്റെ കവിത പാടിയില്ല
കർത്താവ്, ചേർന്ന് നിന്നവരോട്
തോറ്റമ്പിയ പോരിന്റെ പൊരുള് ചൊല്ലി.
കൂടുവിട്ട് ഇര തേടിയിറങ്ങണം
കൂടെ പറക്കാനാരുമില്ലെങ്കിലും
മരിച്ചു മണ്ണിന് വളമാകും വരെ
ജീവിച്ചു തന്നെ പഠിക്കണം പാരിൽ.