മലയാളത്തിന്റെ പ്രിയസുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളുണർത്തി ഒരു ജൂലൈ അഞ്ച് കൂടി കടന്നു വരുന്നു.വർഷങ്ങൾ മുമ്പ് കോഴിക്കോടുണ്ടായിരുന്ന കുറെ നാളുകൾ ബഷീറിന്റെ വീട്ടിൽ പോകാനും അദ്ദേഹമില്ലായിരുന്നെങ്കിലും വീട്ടുകാരുമായി സൗഹൃദം പങ്കിടാനും കഴിഞ്ഞതിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബഷീറിന്റെ വീട്ടിൽ മാത്രമല്ല,അദ്ദേഹം വിവാഹിതനായ ശേഷം കുറെ നാൾ താമസിച്ചിരുന്ന ‘’ചന്ദ്രകാന്തം’’ എന്ന പൊറ്റക്കാടിന്റെ വീടും കാണാൻ പോയിരുന്നു.അന്ന് പുത്തൻ മണവാട്ടിയായ ഫാബിയുമൊന്നിച്ച് അവിടെ ചിലവഴിച്ച നാളുകളെക്കുറിച്ച് അയൽവാസിയായ ഒരു സുഹൃത്താണ് വിവരിച്ചു തന്നത്.
വയലാലിൽ വീടിന്റെ പഴമ തേടി ബേപ്പൂരെത്തിയപ്പോൾ അവിടെ ഉയർന്നു വരുന്ന പുതിയ വീടാണ് സ്വാഗതം ചെയ്തത്.അന്ന് പുതിയ വീടിന്റെ അവസാന ഘട്ട മിനുക്കു പണികൾ നടക്കുകയായിരുന്നു.
ഒരു മുറിയിൽ ബഷീർ ഉപയോഗിച്ചിരുന്ന ചാരു കസേര..’’സോജാ രാജകുമാരി ‘’ തുടങ്ങി സുൽത്താന്റെ പ്രിയഗാനങ്ങൾ ഒഴുകിയെത്തിയിരുന്ന ഗ്രാമഫോൺ..പുരസ്ക്കാരങ്ങളുടെയും ഷീൽഡുകളുടെയും നീണ്ടനിര.
അനീസിനും ബഷീറിന്റെ പേരക്കുട്ടികൾക്കും ഒപ്പം സുൽത്താന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിനു മുന്നിൽ നിന്ന് ഒരു ഫോട്ടോ എടുത്തിട്ട് ഞങ്ങൾ മകളുടെ വീടായ ‘’പ്രശാന്തി’’ലേക്ക് തിരിച്ചു.വീടു പണി നടക്കുന്നതിനാൽ തൊട്ടടുത്ത് തന്നെയുള്ള മകളുടെ വീടായ പ്രശാന്തിലാണ് അപ്പോൾ ഫാബി ബഷീർ താമസിച്ചിരുന്നത്.ബഷീറിന്റെ കഥകളിലൂടെ ചിരപരിചിതയായ ഫാബി ബഷീർ ഞങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചു.ഒട്ടനവധി പുരസ്ക്കാരങ്ങൾ നിറഞ്ഞ ഷെൽഫ്, ഗസലിന്റെ സംഗീത ധാര…
അതിനിടയിൽ അവർ ബഷീറിന്റെ ഓർമ്മകൾ പങ്കു വെച്ചു.
‘’മൂപ്പരുമായി തലയോലപ്പറമ്പിലെ കുടുംബവീട്ടിൽ താമസമാക്കാനായിരുന്നു ആദ്യ പ്ളാൻ.പിന്നെ മൂപ്പർ തന്നെ പറഞ്ഞു,അത് ശരിയാകില്ല.വീട് അനുജൻമാർക്ക് കൊടുത്തേക്കാം.നമുക്ക് വേറെ നോക്കാം.പിന്നെയാണ് ബേപ്പൂര് വന്നത്.’’ പിന്നെ വൈക്കം സുൽത്താൻ ബേപ്പൂർ സുൽത്താനായ കഥയ്ക്ക് കാലം സാക്ഷി. ’’പലരും ചോദിച്ചു പഴയ വീട് എന്തിന് പൊളിക്കണം..അങ്ങനെ തീരുമാനിച്ചപ്പോൾ വിമർശനങ്ങളുടെ കൂരമ്പുകളായിരുന്നു.
പക്ഷേ,
അനുദിനം ചിതൽ കാർന്നു തിന്നു കൊണ്ടിരുന്ന വീട് മാറ്റാതെ പറ്റില്ലെന്ന് എഞ്ചിനീയർ തീർത്തു പറഞ്ഞുപ്പോൾ പിന്നെ മറ്റ് മാർഗ്ഗമില്ലാതായി.’’
സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ചായയുമായി ബഷീറിന്റെ പ്രിയ മകൾ ഷാഹിനയെത്തി.പാലൊഴിച്ച ചായ കുടിക്കുമ്പോൾ ഓർത്തു,മുമ്പ് ഇവിടെ പാൽച്ചായക്ക് അല്ലായിരുന്നല്ലോ സ്ഥാനം..ബഷീറിന്റെ പ്രിയപ്പെട്ട സുലൈമാനിയായിരുന്നല്ലോ അന്നത്തെ താരം..സുൽത്താന്റെ രചനകളിലൂടെ ഓരോ മലയാളിക്കും സുപരിചതമായ സുലൈമാനി.
ബാപ്പയുടെ എഴുത്ത് രീതികൾ ഷാഹിനയാണ് വിവരിച്ചു തന്നത്.’’രാത്രിയായിരുന്നു എഴുത്ത്.രാവിലെ വരെ മുറിയിൽ വെളിച്ചം കാണും.നേരം വെളുക്കാറാകുമ്പോഴാണ് ഉറക്കം തുടങ്ങുന്നത്…ഉച്ചക്ക് പന്ത്രണ്ട് മണിവരെ നീളും ആ സുഖനിദ്ര.പിന്നെയാണ് ബാപ്പയുടെ ദിവസം തുടങ്ങുക.അപ്പോൾ ചായയോ ഭക്ഷണമോ ഒന്നും വേണ്ട.റവകൊണ്ട് ഉണ്ടാക്കിയ കുറുക്ക് പോലൊരു സാധനം.അതൊരു ഗ്ളാസ് കുടിക്കും.
രണ്ട് മണിക്ക് ശേഷമാണ് ഊണിന്റെകാര്യംആലോചിക്കുക.
മാങ്ക്കോസ്റ്റിൻ,ചാരുകസേര,
പിന്നെ സുലൈമാനി..
ഇതായിരുന്നു ബാപ്പയുടെ പ്രിയപ്പെട്ട കൂട്ടുകാർ.’’
‘’ആദ്യമൊക്കെ ഞാനും അനീസും എഴുതുമായിരുന്നു.പിന്നെ അത് നിർത്തി,മറ്റൊന്നും കൊണ്ടല്ല, എന്തെഴുതിയാലും ബാപ്പയുടെ സൃഷ്ടികളോടേ എല്ലാവരും താർതമ്യം ചെയ്യൂ.പിന്നെ ഒരു കുടുംബത്തിൽ ഒരു ജീനിയസ്സേ ഉണ്ടാകൂ എന്നാണല്ലോ പറയുന്നത്..’’
ഷാഹിന പറഞ്ഞു നിർത്തി.
ബഷീറിന്റെ വേർപാടിന് ശേഷം ഇരുപത്തെട്ട് വർഷങ്ങൾ പിന്നിടുന്നു,..
എങ്കിലും എത്ര വർഷങ്ങൾ കഴിഞ്ഞാലും മറക്കാൻ കഴിയുന്നതല്ലല്ലോ ആ ഓർമ്മകൾ..
ജീവിച്ചിരുന്നപ്പോൾ സുൽത്താന്റെ സാമ്രാജ്യത്തിൽ പോകണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല.എങ്കിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഫാത്തിമ ബീവി എന്ന ഫാബി ഇത്തയും മക്കളും നൽകിയ സ്നേഹം നിറഞ്ഞ സ്വീകരണം എന്നും മനസ്സിലുണ്ടാകും. [ഫാത്തിമയുടെ ‘ഫാ’’യും ബീവിയുടെ ‘’ബീ’’യും ചേർന്നാണല്ലോ ഫാബി എന്ന പേര് ഉടലെടുത്തത്].ഇപ്പോൾ ഫാബി ബഷീറും സുൽത്താന്റെ ലോകത്തേക്ക് മടങ്ങിയെങ്കിലും…