ഒരുമ്പെട്ടോളേ…

 

 

പിറക്കണ മുന്നേന് തന്നെ
നെന്നെയൊക്ക കെട്ടിപ്പൂട്ടി
വലിച്ചെറിഞ്ഞേക്കാനല്ലെന്ന്…

ചില ഒരുമ്പെട്ടോളുകള്
അതിന്റെ ചാവി തേടി പോകും.
അശ്ലീലം കൊണ്ട് കീറി
ഒടലൊക്കെ മുറിവേറ്റ്
പാതിയ്ക്ക് കെതയ്ക്കും.

ഇനിയില്ലെന്ന് കോഷ്ടിക്കണോന്റെ
മോന്തയ്ക്ക് ചവിട്ടി
ഞങ്ങളവിടെ വച്ചങ്ങ്
നിർത്തിപോരില്ലയോ, യെന്ന്
തൊട്ടതിനെക്കാളും
വേഗത്തില് കേറിക്കളയും

കൊമ്പന്മാര് ആണ്ടോണ്ടിരിക്കണ
കാട് കേറി ഓന്റെ
ചൂര് തട്ടി
അവളുമാര് വിയർക്കും.
കാട് മുഴുക്കെ അപ്പൊ
കാട്ടാറു മണക്കും.

ഒരുമ്പെട്ടോളെ…
നക്ഷത്രങ്ങളും
ഗ്രഹങ്ങളും
സഞ്ചാരപഥവുമൊക്കെ
നെന്റെയൊക്കെ –
ക്കൂടിതന്നെയാടീ-
യെന്ന് പലവട്ടം
വെളിച്ചപ്പെട്ടതല്ലേടീ…

ഒറഞ് ഒറഞ്
തുള്ളിക്കൊണ്ട് പരന്ന
മീശക്കൊമ്പന്മാരെ ; മസ്തകത്തി –
ലടിച്ചിട്ട് ഒപ്പം ചത്താലു-
മെടീ ;

ഒരുമ്പെട്ടോളെ…
യീ വിളി തെന്നെയൊള്ളോട്ടോ
അഹങ്കരിച്ച് ചുമക്കേണ്ടതും.

ഇന്നലെ കുഞ്ഞുമൂസാക്കേടെ
ബീവി അറ്റാക്ക് വന്ന്
ചത്തത് ചുമ്മാതൊന്നുമല്ല,
ആകാശം കേറി മാങ്ങ
പറിച്ചോണ്ട്യണെന്നോ
അല്ലെന്നോ?

വെടി വെടിയെന്ന്. വെടിപ്പായിട്ട് വിളി കേക്കണ
നാരായണന്റെ പൊഞ്ചാതിക്ക്
കൈ കഴപ്പ് തീർക്കാനൊക്കെ –
യൊരാള് വേണ്ടാഞ്ഞിട്ടല്ലലോ?

ഒരുമ്പെട്ടോളെ…
മാനത്തേക്ക് മിഴിച്ച്
നിക്കാതെ മൂത്രസഞ്ചി
കഴുകാനും വീട് തെളിച്ച്
ഇല്ലാണ്ടാക്കാനും
ഇരുന്നു വെടിപ്പായിട്ട്
കൊമ്പത്തിരിക്കളയും…

ഒരുമ്പെട്ടോളെ…
വെറ്റില മുറുക്കി
തുപ്പിക്കൊള്ളാ
ഇടവഴി നടവഴിക്കിടത്തൂടൊക്കെ
മൂത്രോഴിച്ച്
അടയാളപ്പെടുത്തിയേക്ക്..

ഒരുമ്പെട്ടോളെ…
വെയിലേക്കം കേറുമ്പം
ചുരുണ്ട് ചുരുണ്ട്
അവർടെ ഉള്ളിക്കെന്ന്
വലിഞ്ഞോണ്ട്…
കറിക്കലോം അടുപ്പിടവുമൊക്കെ
ഓന്റെ മീശരോമങ്ങളും
മണക്കെട്ടേടീ..

ഒരുമ്പെട്ടോളെ…
ഇയ്യൊക്കെ കള്ള് കുടിച്ചിട്ടെന്താ?
കെടെന്ന് പെടുക്കാനും
തെറി വിളിക്കാനും
കൂടെ കെടക്കണോർടെ
നെഞ്ച് ചവിട്ടിപ്പൊളിക്കാനോ
അറിയ്യാ?
കുടിച്ചേന്ന് കപ്പി വച്ചിട്ട്
പൊതുവഴീല് ബോധം കെടാനോ
ഇണ്ടാ?

ഒരുമ്പെട്ടോളെ…
പലയെണ്ണത്തെ –
യാടിയ കഥ (മീശ മുറുക്കാതെ)
മുടിയൊതുക്കി
ചവച്ചങ് കളയേടീ…
ചുറ്റും കേട്ടു കിടക്കണ
ശവങ്ങളൊക്കെ
പൂക്കട്ടെ ! ട്ടോ.

ഒരുമ്പെട്ടോളെ…
മേലും മനസ്സും
മാംസം കേറി
പോറിയവളെ….
തെറി കേറ്റി
പൊള്ളിയവളെ…
നെന്റെ ഒറ്റക്കുത്തിന്ന്
ചത്ത് മരവിപ്പിച്ചേക്കണല്ലേടീ,
ഓന്റെ ശ്വാസം
കൊണ്ട് ഒരുവളുടെ
മേല് പോറാണ്ടിരിക്കണല്ലാ !

ഒരുമ്പെട്ടോളെ…
മല കേറി മല കേറി
പോവുമ്പോള്
വിട്ടു കളഞ്ഞതൊക്കെ
തിരിച്ച് പിടിക്കാണ്ട്
ചത്തു പോയാ
നെന്റെ മുടി തൊട്ട്
മൊല വരെ
മുഴുത്ത തെറികളെന്ന്
എഴുതിത്തേച്ച്, വിടർത്തി വിടർത്തി
അന്നെയൊക്കെ
ഇല്ലാണ്ടാക്കിക്കളയുമല്ലോടീ,

ഒരുമ്പെട്ടോളെ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here