മരണജാലകം

മരണത്തെക്കുറിച്ച് ഷോപ്പിങ്ങ്മാളിൽ വച്ച്
ആരോ പറയുന്നുണ്ടായിരുന്നു.
ബന്ധനസ്ഥരായ മേഘങ്ങൾ
പെർഗോളകളിൽ തൂങ്ങിക്കിടന്നു.
പെണ്‍കുട്ടികള്‍ വിവാഹിതരാകാതെതന്നെ
വിധവകളായ രാത്രിയായിരുന്നു അത്.

ഓർമകളിൽനിന്ന് പറന്നുപൊങ്ങിയ പട്ടങ്ങൾ
ആകാശനീലിമയിൽ സ്വതന്ത്രരായി.
അനാഥരായ പട്ടങ്ങളെന്ന് പാതിരാവ് പറഞ്ഞു.

ചിറകൊടിഞ്ഞ ഒരു പക്ഷി
മരക്കൊമ്പിലിരുന്ന് വെറുതെ പാടുന്നുണ്ടായിരുന്നു.

നിലാവിന്‍റെ ചേല മുള്ളിൽ കുരുങ്ങി.
സ്വപ്‌നങ്ങൾ ഡിലേറ്റു ചെയ്യാനുള്ള മന്ത്രം
കാമുകൻ  കാമുകിക്ക് പറഞ്ഞുകൊടുത്തു.
പുഴകൾ ഡിലേറ്റുചെയ്യുന്നത് എങ്ങിനെയെന്ന്
ഇതുകണ്ടുനിന്ന ആണ്‍കുട്ടി ചോദിച്ചു.

മരണം നിശബ്ദനായി അലഞ്ഞു നടന്നു:
നിമിഷങ്ങളുടെ പാളികൾക്കിടയിലൂടെ,
ഉറുമ്പുകളോട് സംസാരിച്ചുകൊണ്ട്.
ലിഫ്റ്റിൽ വച്ച് അവൻ ഒരു പെണ്ണിനെ ചുംബിച്ചു.

രാത്രിയിൽ ലിംഗാതീതനുമൊത്തു ശയിച്ചു.
മധ്യാഹ്നത്തിൽ ഒരു യുവാവിനെ കീഴടക്കി.

മരണത്തെക്കുറിച്ച് ഷോപ്പിങ്ങ്മാളിൽ വച്ച്
ആരോ പറയുന്നുണ്ടായിരുന്നു!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English