ഉച്ചവെയിലിൽ
കത്തുന്ന വിശപ്പുമായി കുടിലിലെത്തി അലൂമിനിയ പിഞ്ഞാണത്തിനു മുന്നിൽ ഇരുന്നു. റേഷനരിയുടെ ദുർഗന്ധം നാസാരന്ധ്രങ്ങളെ സുഗന്ധ പൂരിതമാക്കി. ചൂടുള്ള ചോറിനു മുകളിൽ വൈൽഡ് കൊളക്കേഷ്യ സ്റ്റെമ്മിൻ്റെ കറിയഭിഷേകത്തിൽ തൊടുത്തുവിട്ട രൂക്ഷ നോട്ടത്തെ, പച്ചപ്പിൽ കത്തുന്ന മറുനോട്ടം കൊണ്ട് അമ്മ മുനയൊടിച്ചു. പിന്നെ ഒന്നും മിണ്ടാതെ റേഷനരിച്ചോറും കൊളക്കേഷ്യ സ്റ്റെമ്മും കൂട്ടിക്കുഴച്ച പച്ചയിൽ നരച്ച മൃഷ്ടാന്നം മൂക്കുമുട്ടെക്കഴിച്ചു.
ഊണു കഴിഞ്ഞെഴുന്നേറ്റ് ചാണകം മെഴുകിയ ഇറയത്തൊരു മൂലയിൽ പാ വിരിച്ചു കിടന്നു. തൊണ്ടയ്ക്കു നല്ല ചൊറിച്ചിലുണ്ട്. മടിച്ചു നിന്ന മയക്കത്തെ ചൊറിച്ചിൽ കഴുത്തു ഞെരിക്കുമ്പോൾ അയൽപക്കത്തെ ടൈഗർ ഓരിയിടാൻ തുടങ്ങി. ആ പട്ടിയുടെ വീട്ടിലും കൊളക്കേഷ്യയായിരുന്നു കറി, ഉറപ്പ്. അസമയത്ത് അവൻ തൊണ്ട കീറുന്നത് ഒരാശ്വാസത്തിനു വേണ്ടിയാണ്! ഒടുവിൽ തൊണ്ടയിലെ ചൊറിച്ചിലിൽ ഭ്രാന്തിളകി അവനൊപ്പം ഞാനും ഓരിയിടാൻ തുടങ്ങി.