എന്റെ ജനത എന്ത് കൊണ്ടു സ്വയം തീകൊളുത്തി സമരം ചെയ്യുന്നു

 

 

 

കൊടുംമഴയ്ക്കൊപ്പം

മൊബൈലിലെ
മങ്ങിയ ബ്രൈറ്റ്നസിൽ
ഇളംചൂടിലെരിയുന്ന സൂര്യനെപ്പോലെ
പടിഞ്ഞാറേക്ക് ചെരിയുന്നു
പൊളിഞ്ഞ വീട് പോലൊരു തടവറ.

തകർന്ന വീടുകളുള്ള ഗ്രാമങ്ങളാണ്
ഏറ്റവും കൂടുതൽ തീപ്പെട്ടിയുരക്കുന്നത്
മൃദുലഭാഗങ്ങളിൽ കനലു വീഴ്ത്തുന്നത്.
അതായത്; അവർക്ക്
പൊള്ളുന്നതായിരുന്നു ഭേദം,
പൊള്ളിക്കുന്നതിനേക്കാൾ.
കരുവാളിപ്പിന്റെ നിറമുള്ള
ഇരുട്ടിലെ ഉണർവ്വായിരുന്നു
അവർക്ക് മരണത്തിനറുതി.
പെട്ടന്നുപെട്ടന്ന് കരയുന്നതവർ
കുറച്ചു കൊണ്ടു വന്നു.
കടുംനിറങ്ങളിൽ ഇഴചേർന്നു.

ഉറക്കത്തിൽ ഞാൻ ചെന്ന്
വാതിൽ തുറക്കുന്നു
ഇരുമ്പാണി വീഴുന്നു.
വീട് ഇരുമ്പഴികളില്ലാത്ത
പൊളിയാറായ തടവറയായിരുന്നു
സ്വപ്നത്തിന്റെ അറയ്ക്ക്
കറുത്ത വാതിൽ.
പുറത്ത് ഇല്ലട്ടക്കരിയുടെ
കൂമ്പാരത്തിനിടയിൽ
നക്ഷത്രങ്ങളുടെ വരവേൽപ്പ്
അവർ എന്റെ നേർക്ക് ഒഴിഞ്ഞ
അരിപ്പാത്രം നീട്ടുന്നു
വറ്റിയ മണ്ണെണ്ണക്കുപ്പിയിൽ
പറ്റിപ്പിടിച്ച പത നുരക്കുന്നു
കടുംനീലയിൽ.

എന്റേത് കരുത്തുള്ള ഗ്രാമമല്ല,
എന്റെ നിലയും വിലയും കരുത്തുള്ളതല്ല.
ഞാൻ ഹതാശയായി
പെട്ടന്ന്പെട്ടെന്നു വിയർക്കുന്നു.
പെയ്യാത്ത മേഘങ്ങൾക്ക് ചൂടുള്ള
വിഷാദത്തിന്റെ കനമായിരുന്നു.

കൊതിക്കുന്നതെല്ലാം
അകലത്തുള്ള അനന്തത
എന്റെ മുറിവുകളിൽ സമുദ്രത്തിന്റെ മദജലത്തിൽ നിന്ന് കുറുക്കിയ
ഉപ്പ് നിറയ്ക്കുന്നു.
പൊളിയാറായ വീടുകൾ മുഷിപ്പനാണ്
മരിച്ച കുട്ടികൾ വിരാജിക്കുന്ന
ഗർഭപാത്രം .

വീട് കുറ്റവാളികളില്ലാത്ത തടവറയായിരുന്നു…
മുന്നിലെ മുൾവഴികൾ
മാൻവേഷമണിഞ്ഞ മാരീചന്റെയും.

ഞങ്ങളുടെ അമ്മ
‘എന്ത് കൊണ്ട് എന്തു കൊണ്ട് ‘
എന്നിങ്ങനെ വാചകങ്ങളെഴുതിയ
ഒരു നിവേദനം എപ്പോഴും
പോസ്റ്റ്‌ ചെയ്യുന്നതോർക്കുന്നു.
മതിയായ സ്റ്റാമ്പില്ലാത്തതിനാൽ
പൂച്ചക്കുഞ്ഞിനെപ്പോലെ തിരിച്ചു വരുന്നത്.

ഞാൻ തിരിച്ചു പോയി പിന്നെയും കിടക്കുന്നു
നെഞ്ചിനുള്ളിലെ ഘടികാരത്തിൽ
അലാറം വെക്കുന്നു.
ഞാൻ എന്റെ ജനത എന്ത് കൊണ്ടു
സ്വയം തീകൊളുത്തി
സമരം ചെയ്യുന്നു എന്ന
സ്വപ്നം കാണുകയാണ്.
ഉറക്കത്തിൽ പൊളിഞ്ഞ വീട്ടിൽ
മുഷിഞ്ഞ തലയിണയിൽ
പഴയ തീസീസിൽ
കേലവെള്ളമൊലിക്കുന്നു,
അതൊരു ഉറവ
ഉറവയൊരു കിണറാകുന്നു
പരോളിനിറങ്ങിയ
തടവുപുള്ളികൾ പോകുന്നു.
ഇരുട്ടിലായ വീട്ടിൽ നിന്ന് നദി
ഒഴുക്ക് തുടങ്ങുന്നു
കരിമൺ പാത്രത്തിൽ
മറന്നു വെച്ചൊരു കണം തുളുമ്പുന്നു.

പഴമ എന്റെ
അരികിലാണ് വന്നിരിക്കുന്നത്
മൗനത്തിന്റ കടുംകട്ടിപോലെ
വാഗ്മിയെപ്പോലെ.
ഉറക്കത്തിൽ ഞാൻ
കടുപ്പമേറിയ അപ്പക്കഷണം തിന്നുന്നു
വരണ്ട തൊണ്ടയിൽ കുടുങ്ങുന്നു.
വിശപ്പ് ഒന്നിനും പകരം വയ്ക്കാനാവാത്തത് അതിനു പവിത്രമല്ലാത്ത ചവർപ്പ്
മണ്ണെണ്ണച്ചുവ.
നാൽപ്പത്തിനാല് വരകളിൽ
പല നാടുകളിൽ
അറിയപ്പെടാത്ത
മണ്ണെണ്ണ നിറമുള്ള നദിക്കരയിലിരുന്ന്
തൊണ്ടയിൽ അപ്പം തികട്ടുന്നു.
അതിന്റെ നിമ്നോനതങ്ങളിലെ
ആന്ദോളനങ്ങൾ
ഇക്കിളിപ്പെടലുകൾ
ആകാശത്തെക്കുറിച്ചും
ഭൂമിയെക്കുറിച്ചുo
വിശപ്പിനെക്കുറിച്ചുമുള്ള
അസ്സീമമായ പരന്ന വായനകൾ.
അലൗകികമായ ഗമകങ്ങളിൽ
ചിട്ടപ്പെടുത്തുന്നു,
നദിയുടെ ആസക്തിയാർന്ന
വെയിലിനൊപ്പമുള്ള
നിശബ്ദ സംഗീതത്തെ.

ഞാൻ പിന്നെയും തിരിഞ്ഞു കിടക്കുന്നു
നെഞ്ചിനുള്ളിലെ ഘടികാരത്തിൽ
അലാറമടിക്കുന്നു.
എന്റെ ജനത
എന്ത് കൊണ്ടു സ്വയം തീകൊളുത്തി
സമരം ചെയ്യുന്നു എന്ന സ്വപ്നം
പിന്നെയും കാണുന്നു.
ഞങ്ങളുടെ അമ്മ
‘എന്ത് കൊണ്ട് എന്തു കൊണ്ട് ‘
എന്നിങ്ങനെ വാചകങ്ങളെഴുതിയ
ഒരു നിവേദനം എപ്പോഴും ഇപ്പോഴും
പോസ്റ്റ്‌ ചെയ്യാൻ പോകുന്നു.

നദിക്കരയിലിപ്പോൾ പക്ഷികളുടെ
ഗർജ്ജനം കേൾക്കാം.
പുല്ലുകൾ ഭൂമിയുടെ എഴുന്നു നിൽക്കുന്ന
രോമങ്ങളാണെന്ന് കരുതി
ഞാനവ പിഴുതെടുക്കുന്നു.
പിടച്ചിലിനെ പിടിച്ചു വെക്കുന്നു
എലിയുടെ പിടച്ചിലിൽ പൂച്ചയെപ്പോലെ.

എന്റേത് കരുത്തുള്ള ഗ്രാമമാണ് ,
എന്റെ നിലയും വിലയും കരുത്തുള്ളതാണ്.
ഞാൻ തീപ്പെട്ടിയുരച്ചു പുറപ്പെട്ടു
മൗനത്തിന്റെ മൃദുലഭാഗങ്ങളിലെ
വടുക്കൾ സുന്ദരമായിരിക്കുന്നു
ഞാൻ തീസിസ് അവതരിപ്പിക്കുന്നു
അത് നിങ്ങളെന്നും കാണുകയോ
കേൾക്കുകയൊ ചെയ്യുന്നതാണ്,
‘എന്റെ ജനത എന്ത് കൊണ്ടു സ്വയം
തീകൊളുത്തി സമരം ചെയ്യുന്നു’.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here