കടും ചായങ്ങളുടെ
തിളക്കത്തിനിടയിൽ
ജീവിതത്തിന്റെ
നിറം മങ്ങിയ
കാഴ്ചകൾ മാത്രമേ
കാണുന്നുണ്ടായിരുന്നുള്ളു…
വാടാത്ത
മുല്ലപ്പൂക്കളുടെയും
വിലകുറഞ്ഞ
സുഗന്ധ ദ്രവ്യങ്ങളുടെയും
സമ്മിശ്ര ഗന്ധം
മാത്രമായിരുന്നു
നാസാരന്ധ്രങ്ങളിൽ
തങ്ങിനിന്നിരുന്നത്..
കാമംനിറഞ്ഞ
പുഞ്ചിരി
അഭിനയിച്ച്
ചുണ്ടുകൾ
വരണ്ടിരിക്കുന്നു..
ഇന്നോളം
പാൽചുരത്താത്ത
മാറിടത്തിൽ
നഖക്ഷതങ്ങളേറ്റ്
ചോരപൊടിഞ്ഞിരുന്നു..
തുടയിടുക്കിൽ
നിർവികാരതയോടെ
മരിച്ചു കിടക്കുന്ന
പെണ്മയുടെ
ശവമാണുണ്ടായിരുന്നത്..
സ്നേഹം തേടി
തിമിരം ബാധിച്ച
കണ്ണുകളിൽ
നന്മയുള്ള ലോകത്തിന്റെ
മങ്ങിയനിഴലുകൾ
മാത്രമായിരുന്നു
പതിഞ്ഞിരുന്നത്..
നാലുപണത്തിന്
കേണപ്പോഴൊക്കെ
കണ്ടിരുന്നത്
അഴിയുന്ന
മടിക്കുത്തിലേക്കുള്ള
തുറിച്ചു നോട്ടങ്ങളായിരുന്നു..
അവിടുന്നായിരുന്നു
ഒരു
വേശ്യയുടെ പിറവി
ലോകം കണ്ടത്..
ഇന്നോളം
സമ്പാദിച്ചതോ
പിഴച്ചവളെന്ന
പേര് മാത്രം…