രാമകവി വരമ്പത്തൂടെ വരുമ്പം കാവിയുടുത്ത ഒരു സ്വാമ്യാര് എന്തോ ആലോചിച്ചു എതിരെ വരുന്നതു കണ്ടു.
അയാളെ ഒന്ന് വടിയാക്കാം ന്നു കരുതിയ രാമൻ ഭവ്യതയോടെ തൊഴുതോണ്ട് ആരാഞ്ഞു,
“സാമ്യാര് ആരാ?”
“ആരോ…”, എന്നായി സാമ്യാര്.
“അപ്പൊ, ആരെന്നറിയാത്തോനോ?”, കവിജ്ഞൻ വിട്ടില്ല.
“ആരാകിലെന്തെന്നാ ഇപ്പൊ”, സാമ്യാരും മോശമല്ല.
“ഓ, അപ്പോ പരനാവും”,
പാര വിനയാന്വിതനായി, അർദ്ധനിമീലിതനായി, ഭക്തനായി.
“ആരെന്നറിയില്ലപ്പനെ. പരനല്ല നിശ്ചയം”, സാമി ആസാമിയായി. വാളെടുത്തു തുള്ളാനായി മുണ്ടുംമുറുക്കി.
ഇതുകണ്ട കവി അടവുമാറ്റി.
“അപാരമീ ഉൾക്കാഴ്ച്ച. അപരനാവാൻ വഴിയില്ലല്ലോ, സ്വാമിയാരെന്നറിഞ്ഞു ഞാൻ. ഇനി, ഞാൻ ആരെന്നു അറിയണം. എന്താ വഴി, സ്വാമീ, കൂടെക്കൂടിയാലോ?”
ചെക്കൻ ഒരു മാറാബാധയെന്നു മുൻകൂട്ടിക്കണ്ട സ്വാമി ഒരു മുഴം നീട്ടിയെറിഞ്ഞു.
“രാവിലെ എങ്ങട്ടാ തിടുക്കത്തില്?”.
അതിൽ കവി വീണു. സ്വാമിയെ വടിയാക്കാനൊരുങ്ങിയ കവി ചുള്ളിക്കമ്പായി ഒടിഞ്ഞുനുറുങ്ങി സ്വാമീടെ കാലിൽ വീണു കഥിച്ചു,
“മാപ്പാക്കണം. കവിതയ്ക്കൊരു വിഷയം തെരഞ്ഞു തെക്കേടത്തിനെ കാണാൻ പുറപ്പെട്ടതാ. ഇനി അതിന്റെ ആവശ്യം വരില്ല. തെക്കേടം ഒരു ക്ലിഷേ ആയി മാറി. ഞാൻ ഇനി അങ്ങുന്നിന്റെ കൂടെയാണ്. എന്നെ ഏറ്റെടുക്കണം. ഒരു പാട്രൺന്റെ ആവശ്യം ഇയ്യുള്ളവനുണ്ട്”.
കേട്ടപാതി കേൾക്കാത്ത പാതി,
സാമ്യാര് സിദ്ധി കൂടി ഒരു മരച്ചോട്ടിൽ സമാധിയായി.
സാക്ഷി പറയാൻ വയ്യാത്തോണ്ട് ആരാന്റെയൊക്കെയോ തൊടിയിലൂടെ രാമകവി ഓടി, തെക്കേടത്തിന്റെ ഇല്ലത്തിലേക്ക്. തനിക്ക് സ്ഥിരം പംക്തിയേ വിധിച്ചിട്ടുള്ളു.
മാരണം ഒഴിഞ്ഞൂന്നു ബോധ്യായപ്പോ മുണ്ടിലെ പൊടീം തട്ടി സ്വാമി എഴുന്നേറ്റുനടന്നു.
അസ്സലായിക്കണ്