ഓർമ്മകൾ ഓടിയെത്തുമ്പോൾ,
മറവികൾ പുനർജ്ജനിക്കും.
മധുരവും കൈപ്പും,
നാവിൻ തുമ്പിലൂറും.
വാക്കുകൾ നിശ്ശബ്ദമായി,
മൗനം വാചാലമാകും.
വെളിച്ചം ഇരുൾ മുറ്റിയതും,
ഇരുൾ പ്രകാശിതമാവുകയും ചെയ്യും.
വിപരീത ചക്രപാളിയിൽ,
കാലം പിന്നോട്ടൊഴുകും.
തിരിഞ്ഞു നോക്കിയാലുമില്ലെങ്കിലും,
വിടാതെ പിന്തുടരുന്ന,
ചില നോവുകൾ….
എപ്പോഴും മുറിവേൽപ്പിക്കും.
മരിച്ചു പോകുന്ന മറവികൾ,
പുനർജ്ജനിച്ച് പിന്നാലെ വന്ന്,
തൊട്ടു വിളിക്കുമ്പോൾ….
അട്ടഹസിക്കുന്നു.
ഓർമ്മപ്പെടുത്തലുകൾ
സൗജന്യമാണെന്നുണർത്തി,
വീണ്ടും മറന്നു പോകുന്ന നാളേക്കായി,
ഉറക്കം വരാത്ത ഒരു രാത്രി കൂടി…
ഭിത്തിയിൽ നിന്നൊളിഞ്ഞു നോക്കുന്നു.
(അബു വാഫി, പാലത്തുങ്കര)