പ്രണയം വിളമ്പുമ്പോൾ

 

കുറെയേറെ കൊടുത്തു എന്നുള്ള പൊള്ളത്തരത്തിൽ ജീവിച്ചതിനു ശേഷം കിട്ടുന്ന വെളിപാട് ഇത്രമാത്രമാണ്. വേണം വേണം എന്നുള്ളതിൽ കെട്ടിച്ചമച്ച കുരുത്തകേടുകൾ മാത്രമായിരുന്നു നേടിയെന്നതൊക്കെ. ഉളളതെ കൊടുക്കാൻ കഴിയൂ എന്നതൊക്കെ എത്രമാത്രം ഋജുവായ ജീവിത സത്യമാണ്. ‘സ്നേഹിക്കാൻ ഒരാളുണ്ടായിരുന്നുവെങ്കിൽ നല്കാൻ ഒരു കുന്ന് സ്നേഹം എന്റെ കയ്യിൽ ഞാൻ കരുതുന്നുണ്ട്‘ എന്നതിലൊക്കെ എന്തുമാത്രം പൊള്ളത്തരങ്ങളുടെ മഹാ സമ്മേളനങ്ങളാണെന്നോ.

എത്രനേരം കാത്തു നിന്നെന്നോ അവളെ കാത്ത്. ഒടുവിലാണറിഞ്ഞത് അവൻ എത്തിയ സമയം തന്നെ അവളിറങ്ങിയിരുന്നു. പിന്നെ വീമ്പു പറച്ചിലായി ‘എന്റെ വിലപ്പെട്ട സമയം നിനക്ക് വേണ്ടി‘. സത്യത്തിൽ അവനു വേണ്ടി മാത്രമായിരുന്നു അവൻ കാത്തുനിന്നത്. പൊള്ളയായ ഉള്ളം നിറയ്ക്കാൻ കാത്തുവെച്ച ചമയത്തിന്റെ തെറ്റായ മേൽവിലാസം മാത്രമായിരുന്നു

നീയെന്നെ സ്നേഹിക്കുന്നതിനെക്കാൾ ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു‘ എന്നൊക്കെയുള്ള മേനി പറച്ചിൽ. ദരിദ്രനായിരുന്നു എന്നതിന്റെ തെളിവു പറച്ചിലുകൾ തന്നെയാണ്, ഒന്നും കിട്ടിയില്ലെന്നൊക്കെയുള്ള അടക്കം പറച്ചിൽ. സത്യത്തിൽ നീയൊന്നും കൊടുത്തിട്ടില്ല. കൊടുക്കാതെ എവിടുന്നു കിട്ടാൻ? ഉള്ളിലൊന്നുമില്ലാതെ, എവിടെന്നെടുത്തു വിളമ്പാൻ?

ആദ്യം ഉള്ളുനിറയ്ക്കണം. ജൈവപരമായ ഒരമ്മയാവാതെ കുഞ്ഞുങ്ങളോട് തോന്നുന്ന അമ്മിഞ്ഞ സ്നേഹം പോലെ. പ്രണയിനികളേതുമില്ലാതെയൊരു പ്രണയഗാനം അതിന്റെ ആഴത്തിൽ ആസ്വദിക്കുവാനാവുന്ന പോലെ. വെയലിനെ പഴിക്കാതെ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെപ്പോലെ. അങ്ങനെയങ്ങനെ.

നിശ്ചലാവസ്ഥയിലും നേട്ടങ്ങൾ ഒരുപാടുണ്ടെന്നുള്ള വെളിപാടുകൾ വന്നുപെടുമ്പോൾ, ചിലതൊക്കെ കേറിവരുന്നുണ്ടെന്നും, മനസ്സുകൊണ്ട് നിറഞ്ഞ് ജീവിക്കാൻ അത്രമാത്രം ഒട്ടിച്ചേരലിന്റെയും താങ്ങുവടികളുടെയും ആവശ്യമില്ലെന്നുമുള്ള തോന്നലിൽ എന്തൊരു അന്തസ്സാണ് നുരയുന്നത്.

മനസ്സു നിറയെ പ്രണയം നിറച്ച് പ്രണയിക്കണമെന്ന മോഹമേതുമേയില്ലാതെ ഒരു പ്രണയഗാനം കേൾക്കുന്നുഞാൻ

മനുഷ്യൻ മാത്രമല്ല ഈ ലോകത്തിലേക്കും വെച്ച് ഏറ്റവും ‘മനോഹരമായ സൃഷ്ടി ‘ എന്ന് പറഞ്ഞു പഠിക്കണം. അങ്ങനെ ഞാനൊന്ന് വിട്ടു പിടിച്ചത്, കഠിനമല്ലെങ്കിലും ഇച്ചിരി വാശിയൊക്കെയുള്ള കൂട്ടത്തിലാണ് ഈ മനുഷ്യ ജാതി എന്നതുകൊണ്ടു മാത്രം ആണ് .

ആരെന്നറിയേണ്ടാത്ത ഒരാൾ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു നിൽക്കുന്നു,
ദൈവമേ എന്നെ പ്രണയത്താൽ നിറയ്ക്കണമേ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here