പുഴ പെയ്യുമ്പോൾ

തീവണ്ടി

പാതി പാലം കടന്നപ്പോഴാണ്‌ മഴ തുടങ്ങിയത്

കാഴ്ചകൾ വലിച്ചടച്ചു ആളുകൾ  ഉടനെ

പുഴുക്കത്തിലേക്ക് ഉൾവലിഞ്ഞു.

തീവണ്ടിയെ ചുറ്റി

കണ്ണെത്താ ദൂരം പുഴ പരന്നു കിടന്നു.

പായലും പ്ലാസ്റ്റിക്കും അങ്ങിങ്ങായി വിടർന്ന ആമ്പൽ പൂക്കളും

മണൽ കുഴികളും സങ്കട ചുഴികളും

ഒന്നിച്ചു നീന്തുന്ന മീൻകുഞ്ഞുങ്ങളും

നിലാവത്ത്,

വെള്ളികൊലുസിട്ടു കുലുങ്ങി ചിരിക്കുന്ന ഒരുവളെ കാണാൻ  തുഴഞ്ഞെത്തിയവനും

അയാൾക്കൊപ്പം

മുങ്ങിപോയ തോണിയും

കരയിലിരുന്ന് അസ്തമയം കണ്ട വൃദ്ധന്റെ സ്വപനങ്ങളും

കിളികളുടെ കാലിൽ നിന്നൂർന്നു വീണ ചുള്ളി കമ്പുകളും

കക്കയും ചിപ്പിയും കുപ്പിചില്ലുകളും

ഒക്കെയും….

ഒക്കെയും

ഉള്ളിലൊതുക്കി

പുഴ മൃദുവായി ചിരിച്ചു

ആകാശത്തിന്റെ മുഖം നോക്കി കിടക്കുന്നത് കൊണ്ടാണോ

പുഴ എപ്പോഴും സുന്ദരിയായിരിക്കുന്നതെന്ന്

തീരത്തെ വിളക്ക്മരം കൺചിമ്മി

പുഴയുടെ കൺതുമ്പിൽ കോർത്തിട്ടതിനാലാണ് ആകാശം ഓടിപോകാത്തതെന്ന്

ചുറ്റി പറന്നൊരു വാലൻ കിളി പാടി.

ആകാശമോ  മഴകൈകൾ നീട്ടി പുഴയിലാകെ ചിത്രം വരച്ചു.

ഓരോ തുള്ളിയും ഓരോ ചിത്രങ്ങൾ

ഓരോ ചിത്രത്തിലും ഒരായിരം കഥകൾ

കഥകൾക്ക് കാതോർത്ത് ആകാശ കൈകളിൽ പുഴയുറങ്ങി….

ചിലപ്പോൾ ആകാശം

തളയിട്ട കുഞ്ഞിക്കാലുകളൂന്നി

പുഴയിൽ നടക്കാൻ പഠിച്ചു

പുഴയോ താമരയിലകളിൽ അതിനെ തെന്നിവീഴാതെ കാത്തു

സ്നേഹം ആവോളം നുകർന്ന് ആകാശം

കാറ്റിലൊരു പാട്ടായ്‌

അവളുടെ നെഞ്ചിൽ ചാഞ്ഞു

പിന്നെ

അന്നോളം പെയ്യാത്ത മഴയായ്  കരഞ്ഞു

ചില്ലു ജാലകത്തിൽ ഒലിച്ചിറങ്ങിയ മഴത്തുള്ളികളിൽ പേരെഴുതി കളിച്ചവൾ
മഴയിൽ കുതിർന്ന പുഴയെ കണ്ണിട്ടു

ഉറങ്ങുന്നവരും ഉറങ്ങാത്തവരുമായി

തീവണ്ടി അപ്പോഴേക്കും പാലം കടന്നിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅക്കരപ്പച്ച
Next articleഅമ്മ ദിനം
(Dr. P.V.Sangeetha) തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയാണ് സ്വദേശം.  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും  എം ഫിലും , ചെന്നൈ അണ്ണാ സർവകലാശാലയിൽ നിന്ന് മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റും നേടി. ചെന്നൈയിലെ എത്തിരാജ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അദ്ധ്യാപികയാണ്. നവ മാധ്യമങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. വായനയും എഴുത്തും ചിത്രംവരയും ഇഷ്ടവിനോദങ്ങൾ. 

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English