ഞാൻ കവിതകളൊന്നും എഴുതാതായതിൽ പിന്നെ…

 

 

ഞാൻ കവിതകളൊന്നും
എഴുതാതായതിൽ പിന്നെ,
ഇനിയും
ബോർഡ് വെയ്ക്കാത്ത ബസ്സിൽ
ഒരു യാത്രികൻ കയറിയിരിക്കുമ്പോലെ
ഇനിയും
എഴുതിത്തുടങ്ങാത്ത കവിതയിൽ
ഒരു വാക്ക് കയറിയിരിക്കുന്നു

അത്
ഭാഷ മുറിച്ചുകടക്കും വാക്കുകളെ
അകാരണമായിനോക്കുന്നു

ഒരു വാക്ക് മാത്രമുള്ള ഭാഷയായി
നോട്ടത്തിന്റെ മുറ്റത്ത് നിൽക്കും പ്രണയം

മഴയ്ക്ക്മുമ്പ് പെയ്യും തുള്ളിപോലെ
നോട്ടങ്ങളിൽ നിന്നുതുളുമ്പും
അകാരണം എന്ന വാക്ക്

ദൂരെ,
എന്റെ അടിസ്ഥാനവർഗ്ഗഉടലിനെ അഭിസംബോധന ചെയ്ത് സംസാരിക്കും
എന്റ ഭരണഘടനാഉടൽ

ഒരു കേടായ കാർ
അതും പഴയത്
റോഡരികിലേക്ക് മാറ്റിനിർത്തി
ബോണറ്റ് ഉയർത്തിനോക്കുമ്പോലെ
എന്റെ അടിസ്ഥാനവർഗ്ഗ ഉടൽ
ജീവിതത്തിന്നരികിലേയ്ക്ക്
മാറ്റിനിർത്തുന്നു.
ഭരണഘടന,
ഉയർത്തിനോക്കുന്നു

ശബ്ദമില്ലാതെ ഇരമ്പും
ആത്മാഭിമാനം

ഒരു വാഹനമല്ല അസ്തമയം
അതിൽ യാത്രികനായിപ്പോലും
കയറിയിട്ടില്ല സൂര്യൻ

ഷർട്ടിന്റെ കോളറിൽ
തുന്നിപ്പിടിപ്പിക്കും
തയ്യൽക്കടയുടെ പേര് പോലെ
ഒരു ലേബലാവുകയാണ്
നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ടിന്റെ വരി
അതും കേട്ടുതുടങ്ങാത്ത പാട്ടിലുള്ളത്

‘നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു’
എന്ന പാട്ട്
പതിയേ ഒരു ഷർട്ടാവുന്നു

എല്ലാ ഉടലുകളും പ്രവാസിയാവും
നഗരത്തിൽ
ഒരു വാടകവീടാവും നഗ്നത

കടന്നുവരും,
പഴയത് വല്ലതും എടുക്കുവാനുണ്ടോ
എന്ന ചോദ്യം
പഴയ മതങ്ങളുടെ ആക്രിക്കാരനാവും
ദൈവം

ശലഭആക്രികൾ
പഴയമാനങ്ങൾ അവ തൂക്കിവാങ്ങുന്നില്ല

പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ
നടന്നുവന്ന്
പഴയധ്യാനം കൊടുത്ത്
പുതിയധ്യാനം വാങ്ങി
നടന്നുപോകും
പഴയകാല ബുദ്ധൻ
അതും പഴകാത്തതിന്റെ കൊത്തുപണിയുള്ളത്

ഞാൻ പഴയനടത്തം മാത്രം കൊടുക്കുന്നു
പുതിയ ഇരുത്തം വാങ്ങിമടങ്ങുന്നു

പഴക്കമില്ലാത്ത
ചന്ദ്രക്കലകൾ ഉൾപ്പടെ പഴകിയ പകലുകൾ

പരമ്പരാഗതമായി
പഴയ ആകാശങ്ങളുടെ
ആക്രിക്കാരനാകും സൂര്യൻ
ഇപ്പോൾ പഴയ പകലുകളുടേയും

പഴയമഴപ്പാറ്റകൾ
പുതിയ മരണങ്ങളിലേക്ക് മാത്രം
പറക്കുന്നു

വാക്കുകളുടെ ഈയാമ്പാറ്റകൾ
തീ തൂക്കിയിടും പുതിയ കവിതകളിലേയ്ക്കും

പഴയവാക്കുകൾ കൊടുക്കുവാനുണ്ടെന്ന്
മാത്രം
നിശ്ശബ്ദമാകും ഞാൻ

വിയർപ്പ്മണത്തിന്റെ എമ്പ്രായ്ഡറി
ഉഷ്ണഗ്രന്ഥികൾ പൂക്കും
ഒരു നവഗന്ധമാകും ഗൃഹാതുരത്വം

അകാരണമായ വിഷാദത്തെ
മേഘങ്ങളാക്കുവാനാകുമോ
എന്ന് ദൈവത്തോട് ആരായുകയായിരുന്നു ഞാൻ

മാനത്തിന്റെ വള്ളിച്ചെടിയിൽ
അകാരണമായി മേഘങ്ങൾ തൂക്കും
ദൈവം

പലരൂപത്തിലും
ഭാവത്തിലും വരും വിഷാദത്തിനെ സൂര്യനെന്ന് പേരിട്ടതിൽ പിന്നെ

അസ്തമയത്തിന്റെ ചാകര
മുക്കുവനാകും സൂര്യൻ

പ്രതിഷ്ഠകൾ ബുദ്ധിമുട്ടിക്കും
കാലഹരണപ്പെട്ട ഏകാന്തതയുടെ
ഉടമസ്ഥനാകും ദൈവം

ഏകാന്തതയുടെ പ്രതിഷ്ഠാപനകല

ഇല്ല എന്ന വാക്കിലേക്ക് സ്വയം തിരുത്തുകയാണ്
ദൈവം
അതും ഏറ്റവും അടുത്തുള്ളത്

ഉടയുന്നതിന് മുമ്പ് നിശ്ചലതയുമായി പ്രതിമകൾ നടത്തും
ചില ഗൂഢാലോചനകളുണ്ട്

ഒരു ഗൂഢാലോചനയാകും
വിഷാദം
എന്റെ ഏകാന്തത അതിന്റെ ഒറ്റുകാരൻ

പഴയ
ഗൂഡാലോചനകൾ കൊടുക്കുവാനുണ്ടോ
എന്ന് വിളിച്ചു മാത്രം ചോദിക്കുന്നു
കലാപങ്ങൾ

പഴയ കലാപങ്ങളുടെ
ആക്രിക്കച്ചവടക്കാരനാവുകയാണ്
പതിയേ സമൂഹം

ഒരു റാന്തലാകും അസ്തമയം
ഞാനത് തുടച്ച്മിനുക്കുന്നു

രാത്രി ഒരു പോലീസ്സ്റ്റേഷനാവും
നഗരത്തിൽ
അസ്തമയത്തിന്റെ പഴ്സ്
കളഞ്ഞുപോയ യാത്രികനാവും
സൂര്യൻ

ഗീയർ വീണുകഴിഞ്ഞ,
ഇനിയും നീങ്ങിത്തുടങ്ങാത്ത
വണ്ടിയുടെ പ്രകമ്പനം.
അകാരണം എന്ന വാക്ക് മാത്രം ആവർത്തിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English