
അവൻ വിളിക്കുമ്പോൾ
പഞ്ചസാര പൊതിഞ്ഞു കൊണ്ടു വന്ന പഴയ കടലാസിലെ പദപ്രശ്നം പൂരിപ്പിക്കുകയായിരുന്നു ഞാൻ.
ഇടത്തു നിന്ന് വലത്തോട്ട്
മേലെ നിന്ന് താഴോട്ട്
തിരിച്ചും മറിച്ചും
എത്ര കൂട്ടിപിടിച്ചിട്ടും
വാക്കുകൾ ചേർന്നില്ല.
ചില സ്നേഹങ്ങൾ പോലെ!
മധുരം ഒട്ടി പിടിച്ച കള്ളികളിൽ
അക്ഷരങ്ങൾ വേണ്ടെന്ന് ഉറുമ്പുകൾ പറഞ്ഞു.
പുറത്ത് മഴക്കാറുണ്ടായിരുന്നു.
മുറ്റത്തെ പച്ചപ്പിൽ ചാരം കോരി
തണുത്ത കാറ്റ്
കൂട്ടിൽ, മുട്ട പൊട്ടിച്ചു പുറത്തു വന്ന
കിളി കുഞ്ഞുങ്ങൾ ,
ഇല്ലാത്ത ചിറകുകൾ വിരിക്കാൻ നോക്കി.
വടക്കേ അതിരിലെ ചാമ്പ മരം നിറയെ പൂത്തിരിക്കുന്നു.
അതിന്റെ താഴത്തെ കൊമ്പിൽ ഊഞ്ഞാൽ കെട്ടിയതാരാണ്?
കാലൂന്നി ആകാശത്തേക്കായുമ്പോൾ
മാനം നിറയെ പഴുത്ത ചാമ്പക്കകൾ…
എന്ത് ഭംഗി, വസന്തം എന്നെ നോക്കുമ്പോൾ!
കിണറ്റിൻ കരയിൽ ചുവന്നു പൂത്ത ചീരകൾ.
ഒച്ചയുണ്ടാക്കാതെ ഞങ്ങൾ
വെള്ള ശലഭങ്ങൾ പാറികളിക്കുന്ന പറമ്പിലേക്കിറങ്ങി.
പേരക്ക തിന്നാൻ വിരുന്നു വന്ന കാട്ടുതത്തകൾ ,
മൂവാണ്ടൻ മാവിന്റെ ഇലകളിലൂടെ പുളിയുറമ്പിൻ പട്ടാളം,
പാട്ടിലാടി കവുങ്ങുകൾ
പ്ലാവില ഞെരക്കങ്ങൾ,
കുഴിയാന കൂടുകൾ ചവിട്ടാതെ
ഞങ്ങൾ പടിഞ്ഞാട്ട് നടന്നു….
പറമ്പിന്റെ അറ്റം പച്ചപ്പുൽപാടം,
അവിടെയാണ് അസ്തമയം.
നീണ്ട വരമ്പും പൂക്കാത്തൊരു മാവും ഞാനും മാത്രം കണ്ട സുന്ദര സന്ധ്യകൾ.
മഞ്ഞ നിറമുള്ള കടൽ
കടും നീല ആകാശം
ഇടയിൽ കറുത്ത നീളൻ കുറ്റികൾ
കടലിന് അതിരിട്ട് വെച്ച പോലെ.
ഞാൻ അവന്റെ കൈ മുറുക്കി പിടിച്ചു
പറമ്പിന്റെ അറ്റം പാടമായിരുന്നല്ലോ?
അതെങ്ങനെ ഇപ്പോൾ കടലായി?!
കടലെങ്ങനെ മഞ്ഞയായി?!
വെയിൽ കായുന്നവരുടെ ഇടയിലൂടെ ഞങ്ങൾ പാടത്തേക്ക്..
അല്ല, കടലിലേക്ക് നടന്നു…
കാൽ നനക്കുമ്പോൾ
പാവാട ഞൊറികളെ തെറിപ്പിച്ച്
ഒരു മഞ്ഞ തിര വന്ന്
എന്നെ പൊതിഞ്ഞു.
സ്വർണ മണൽ തരികൾ..
വർണ്ണ കക്കകൾ..
ചെറിയ ശംഖുകൾ..
എനിക്ക് സമ്മാനങ്ങൾ!
എവിടെ വെക്കും?
വെള്ളയും ചുവപ്പും മുത്തുകൾ കോർത്തുണ്ടാക്കിയ എന്റെ കുഞ്ഞു സഞ്ചി ഞാൻ എടുത്തിട്ടില്ലല്ലോ…
സഞ്ചി എടുക്കാൻ അവൻ്റെ കൈ വിടുവിച്ച് ഞാൻ വീട്ടിലേക്കോടി
ചാമ്പ മരത്തിന്റെ ചില്ലകൾ ആരോ വെട്ടിയിരിക്കുന്നു
കൂട്ടിലെ കിളികൾ ചിറകു മുളച്ച് പറന്നു പോയിരിക്കുന്നു
വീട്ടിൽ
നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ
ഞാൻ പുതച്ചുറങ്ങുന്നു
കാഴ്ചകൾ അവിടെ അവസാനിച്ചു!