ഒറ്റയ്ക്കാവുമ്പോഴാണ് നിന്റെ മഷിത്തണ്ടിലെ
നീലജലമായ് ഞാൻ തെളിയുന്നത്….
അവിടെ, ഉറവ വറ്റാത്ത സ്നേഹാക്ഷരങ്ങൾ
എന്നെക്കുറിച്ച് മാത്രം എഴുതിയിട്ടുണ്ടാവും.
ഒറ്റയ്ക്കാവുമ്പോഴാണ്, ഞാൻ നിന്റെ തേനിറ്റുന്ന
ഹൃദയത്തിലെ ഓർമ്മകളിൽ ഒളിച്ചിരിക്കുന്നത്!
അവിടെ, ഇനിയും പിറക്കാതെ പോയ
നമ്മുടെ സ്വപ്നങ്ങൾ താരാട്ട് കൊതിക്കുന്നുണ്ടാവും.
ഒറ്റയ്ക്കാവുമ്പോഴാണ്, നീയെന്ന സാമ്രാജ്യത്തിലെ
റാണിയായി ഞാൻ ഇരിക്കാറുള്ളത്.
അവിടെ, വെഞ്ചാമരം വീശി കൊണ്ടൊരു
കൊച്ചുകിനാവ് എന്നെ തണുപ്പിക്കുന്നുണ്ടാവും!
ഒറ്റമാവുമ്പോഴാണ്, ഞാൻ നിന്റെ
പൂമരത്തിലെ ഗന്ധമായി പൂക്കുന്നത്.
അവിടെ, തോരാത്ത മഴത്തുള്ളികൾ
എന്നെ മാത്രം ധ്യാനിച്ചിരിപ്പുണ്ടാവും.
ഒറ്റയ്ക്കാവുമ്പോഴാണ്, ആകാശമേലാപ്പിൽ പൂക്കാറുള്ള
നീയെന്ന നക്ഷത്രത്തിലേയ്ക്ക് ഞാൻ വരാറുള്ളത്.
അവിടെ, വെൺമക്കയറു കെട്ടിയ ഊഞ്ഞാലിൽ
നീയെന്റെ പാട്ടുകൾ പാടുന്നുണ്ടാവും
ഒറ്റയ്ക്കാവുമ്പോഴാണ് വേനൽമഴചാറ്റലിന്റെ
അതിർത്തി വരെ നിന്റെ കൈ പിടിച്ച് ഞാൻ പെയ്യാറുള്ളത്!
അവിടെ, മുളച്ചുപൊന്തുന്ന കാട്ടുപൂക്കളിൽ
നീ എന്നെ കണ്ടെത്തി കഴിഞ്ഞിരിക്കും.
Click this button or press Ctrl+G to toggle between Malayalam and English