അതി വിദൂരമായ ഒരു പ്രദേശം….
ആ പ്രദേശത്തിന് ഇരുളും വെളിച്ചവും അന്യമായിരുന്നു. അവിടെ രാവും പകലും പെയ്തിരുന്നില്ല…
അവിടം വിജനമായിരുന്നു. ചക്രവാളപ്പരപ്പിനേക്കാൾ വിജനം…അവിടെ ഒരു പാതയുണ്ടായിരുന്നു…ആദിയും അന്തവുമില്ലാതെ അതിങ്ങനെ ചിലയിടത്ത് നീണ്ടു നിവർന്നും, ചിലയിടത്ത് വളഞ്ഞൊടിഞ്ഞും എങ്ങോട്ടോ പൊയ്ക്കൊണ്ടിരുന്നു.. ഒരാൾ ആ പാതയോരത്ത് നിൽപ്പുണ്ടായിരുന്നു.. ഒരു ചക്രം അയാൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചിരുന്നു ആരെയും പ്രതീക്ഷിക്കാത്ത മട്ടിൽ അലസ പുഞ്ചിരിയോടെ അയാൾ നിന്നു. ആ ചക്രം അതിവേഗം കറങ്ങുന്നുണ്ടായിരുന്നു. അതിൻ്റെ തിരിച്ചിലിന്റെ വേഗത കാരണം അത് കറങ്ങുന്നതായി തോന്നുമായിരുന്നില്ല. ഞാൻ ആ ചക്രത്തെയും അതിവേഗമുള്ള കറക്കത്തെയും അതിശയത്തോടെ നോക്കി, എനിക്കയാളോട് എന്തെന്നില്ലാത്ത ആദരവ് തോന്നി. പുഷ്പം പോലെ ആ ചക്രത്തെ കൈകാര്യം ചെയ്യുന്ന അയാൾ അതിമാനുഷികനെന്ന് തന്നെ ചിന്തിച്ചു തുടങ്ങി. അകലങ്ങളിൽ നിന്നും മറ്റൊരാൾ നടന്നടുത്തു..
ചക്രം തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന മനുഷ്യനിൽ അയാൾക്ക് കൗതുകം ജനിച്ചു..അയാൾ ചക്രമേന്തിയവനെ വലം വച്ചു. സകല ദിക്കിൽ നിന്നും അയാളെ നോക്കി മനസ്സിലാക്കി. തൊട്ടു നോക്കി അതൊരു പ്രതിമയല്ലെന്ന് ഉറപ്പ് വരുത്തി. അവസാനം അയാൾ ചോദിച്ചു “ഹേ, ഈ ചക്രം എന്തിനാണ് ഇങ്ങനെ തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത്?
“നിലത്ത് വച്ചാൽ ഇത് കറങ്ങുകയില്ല”, അയാൾ മറുപടി നൽകി.
“ഏഹ് ഇത് കറങ്ങുന്നുമുണ്ടോ?”, “എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ ഇതിന്റെ തിരച്ചിൽ..”, ചക്രമേന്തിയവൻ മൗനിയായി നില കൊണ്ടു.
“എനിക്കും ഇതൊന്ന് കറക്കുവാൻ താത്പര്യമുണ്ട്, ഇങ്ങു തരുമോ?”
“ഞാനും ഇത് കറങ്ങുന്നതെങ്ങിനെ എന്നറിയട്ടെ..”
“താങ്കൾക്കിതിന്റെ ആവശ്യമുണ്ടോ?”
“ഇത് ഞാൻ കയ്യിലേന്തിയാൽ പോരെ,”, അയാൾ അകലങ്ങളിൽ നിന്നും നടന്നു വന്നവനെ നിരുത്സാഹപ്പെടുത്തി.
“ഏയ് എനിക്ക് താത്പര്യമുണ്ട്, ഇങ്ങു തരൂ, ഞാൻ ഒന്ന് ഉയർത്തിപ്പിടിച്ചു നോക്കട്ടെ.”
“എങ്കിൽ ശരി.” ചക്രമേന്തിയവൻ ചക്രം അയാൾക്ക് കൈമാറി..
“അയ്യോ ഇതിന് വല്ലാത്ത ഭാരമാണ്, നിങ്ങൾ എങ്ങിനെ ഇതിങ്ങനെ ഉയർത്തിപ്പിടിച്ചു.” വരത്തൻ ആവലാതിപ്പെട്ടു. അയാൾ ഒന്നും മിണ്ടിയില്ല..
“അയ്യോ ഇത് കറങ്ങുമ്പോൾ ഞാനും സർവ്വവും കറങ്ങുന്നു, എനിക്ക് സഹിക്കാനാവുന്നില്ല.”
“സുഹൃത്തേ നിങ്ങൾ ഇത് എത്രയും വേഗം എന്നിൽ നിന്നും തിരിച്ചെടുക്കൂ…” അയാൾ ചക്രം കൈമാറാൻ ശ്രമിച്ചു. എന്നാൽ ആ ചക്രം അപ്പോഴേക്കും അയാളുടെ കൈകളിൽ ഒട്ടിപ്പിടിച്ചിരുന്നു.
“സാരമില്ല സുഹൃത്തേ ,എന്റെ ഊഴം കഴിഞ്ഞിരിക്കുന്നു, ഇനി ഇത് ചുമക്കേണ്ടുന്ന കർമ്മം നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു. അതാണ് ആ ചക്രം നിങ്ങളിൽ ഒട്ടിയിരിക്കുന്നത്. ഇനി എനിക്ക് വിട നൽകിയാലും.”
“എന്നെ ഈ അവസ്ഥയിൽ നിർത്തിയിട്ട് താങ്കൾ എങ്ങോട്ട് നടന്നു പോകുന്നു?”
“സംവത്സരങ്ങളായി ഞാൻ ഇത് തലയിലേന്തി നിൽക്കുന്നു.”
“പലരും ഇതിലൂടെ വന്നു പോയി.”
“ആർക്കും എന്നിൽ താല്പര്യം ജനിച്ചില്ല.”
“ആദ്യമൊക്കെ എനിക്കിത് ഭാരമായി തോന്നി.”
“പിന്നെ ശീലമായി.”
“അങ്ങനെ കാലം പോകെ നിങ്ങൾ വന്നു.”
“ഇത് നിങ്ങൾക്ക് വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിനാൽ ഇനി ആ ചക്രം ഒരു നിശ്ചിത സമയം കഴിഞ്ഞേ നിങ്ങളിൽ നിന്ന് കൈമാറാനായി തയ്യാറാവുകയുള്ളൂ.”
“അപ്പോഴേ മറ്റൊരാൾ ഇത് വഴി കടന്നു പോകുകയും ചക്രത്തെ ആഗ്രഹിക്കുകയും ഉണ്ടാകുകയുള്ളൂ.”
“അത് വരെ ഈ ചക്രം നിങ്ങൾക്ക് സ്വന്തമാണ്.”
“നിങ്ങൾ എന്നെക്കണ്ട് ആശ്ചര്യം കൊണ്ടത് പോലെ മറ്റൊരാൾ ഈ വഴി നിങ്ങളെ തേടിയെത്തും,എന്ന് എന്നത് എനിക്കജ്ഞാതമാണ്.”
“സുഹൃത്തേ പോകുന്നതിന് മുൻപ് ചില ഉത്തരങ്ങൾ കഴിയുമെങ്കിൽ നൽകുക.”
“ഈ ചക്രത്തിന്റെ തിരിച്ചിൽ എന്ന് നിൽക്കും?”
“അനുഭവത്തിൽ നിന്നും മനസ്സിലായത് ഇതിന്റെ തിരിച്ചിൽ അനാദിയാണ് എന്നാണ്.” അയാൾ മ്ലാനവദനനായി.
ഈ ചക്രത്തിന്റെ പേരെന്താണ്?
“ഇതാണ് കാലചക്രം.”
“ഇത് സദാകറങ്ങിക്കൊണ്ടിരിക്കും.”
“ഇതുയർത്തിപ്പിടിക്കേത്തന്നെ നിങ്ങൾക്കിതിനുള്ളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിക്കുവാൻ കഴിയും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.”
“അപ്പോൾ നിങ്ങൾക്ക് നവ നവങ്ങളായ അനുഭവങ്ങളുണ്ടാകും അപ്പോഴൊക്കെ നിങ്ങൾ ഒന്ന് മാത്രം മറക്കാതിരിക്കുക, അവയെല്ലാം പ്രദാനം ചെയ്യുന്നത് കാലചക്രമാണ്.”
“നിങ്ങളുടെ കൈകൾ ആണ് അതിന് താങ്ങ്.”
“നിങ്ങൾ കാലചക്രമല്ല എന്നും, കാലചക്രം നിങ്ങളുമല്ല എന്നും മറക്കരുത്.”
അയാളുടെ കണ്ണുകൾക്ക് ആ സംഭാഷണം പ്രകാശമേകി. അയാൾ കാലചക്രം കൈകളിൽ പരമാവധി ഉയർത്തിപ്പിടിച്ചു. അതിൻ്റെ ഓരോ കറക്കവും അയാളിൽ പ്രകമ്പനമുണ്ടാക്കി സാഗരങ്ങളും അലകളും അയാളെ പൊതിഞ്ഞു.അയാൾ അനങ്ങിയില്ല. നിന്നിടത്തു നിന്നും ഒരു അണുവിട പോലും നീങ്ങിയില്ല. അയാളുടെ മുഖം പ്രകാശമാനമായി. അയാൾ കാലചക്രത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഇതിൽ എവിടെയാണ് ഞാൻ എന്ന് ഇത് കണ്ട ഞാനും തിരയാൻ തുടങ്ങി.