ശിഷ്ടം

 

 

ശിഷ്ടം.
“”””””

കൂട്ടികൂട്ടി കിഴിച്ചിട്ടും
എനിക്കൊരു
ശിഷ്ടം കിട്ടാത്തതെന്തുകൊണ്ട് ?

ഇഷ്ടമില്ലാത്തയക്കങ്ങൾ
സങ്കലന കുരിശു കൂട്ടിൽ നിന്നും
ഗുണനത്തിനരുതു കൂട്ടിലേക്കും
ചാടിച്ചാടി നിറഞ്ഞിട്ടും

എനിക്കൊരു
ശിഷ്ടം കിട്ടാത്തതെന്തുകൊണ്ട് ?

വ്യവകലനത്തിൻ
പടിയിറക്കത്തിൽ
കരഞ്ഞൊരു സംഖ്യ
മിഴി കവിട്ടുമ്പോൾ
വഴിക്കണക്കിഴയും
രാജവീഥിയിൽ ….
ഉത്തരമറിയാതെ,
വടിയൂന്നി, വഴി തിരക്കിയലയുന്ന
വിലയില്ലാത്തൊരക്കം ഞാൻ ….

ഭാഗം വച്ച് ഭാഗിച്ചു
ഞാനൊരു
ശിഷ്ടം മാത്രമാകുമോ?

പകുത്തുവയ്ക്കും
മുദ്ര പുസ്തകത്തിൽ
പട്ടു പോയ
ചാണകപ്പുരയുടെ
ചാക്ക് മറവിന്റെ
ചാവുപെട്ടിയിലെ
സംഖ്യ ഞാൻ….

മരണത്തിൻ
പുല്പുപേടകത്തിൽ
കണ്ണടച്ചയെൻ
അന്നദാതയെ,
കാമധേനുവിനെ ,
അനന്തമെന്നയക്കത്തിൽ
മൂടിയടയ്ക്കുവാൻ
ആറടി പോലുമില്ലാത്ത
ഭൂമി സംഖ്യ ഞാൻ…..

ഞാനൊരു
ചിതൽ പിണഞ്ഞ
മരത്തൂണോ?
ചിതലുകൾ തിന്നു തീർക്കും
മരത്തൂണിന്റെ
ശിഷ്ടമോ?

.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here