സ്വാതന്ത്ര്യത്തിന്നർദ്ധരാത്രിക്കുമേറെ
വത്സരങ്ങൾക്കുമുമ്പൊരു കൽക്കത്താസായാഹ്നവേളയിൽ
പുൽത്തകിടിയിൽ സൊറ പറഞ്ഞിരിപ്പുണ്ട്
ഉറ്റതോഴരാം ഗുരുദേവനും മഹാത്മാവും!
കാലം വെള്ളിച്ചാർത്തൊരുക്കിയ താടിയും മുടിയും
ഋഷിശാന്തി പൊലിയും മിഴികളും ഗുരുദേവർക്ക്;
മധ്യവാർധക്യത്തിലും തിരളുന്നു മുഖകാന്തി ഗാന്ധിക്ക്,
ചിരിക്കുമ്പോൾ പല്ലില്ലാമോണയ്ക്കുമുണ്ടൊരു നിഷ്കളങ്കച്ചന്തം!
സവാരിക്കിറങ്ങുംമുമ്പ് പറഞ്ഞത്രേ കവിസുന്ദരൻ :
“കാത്തിരിക്ക, ചങ്ങാതി; മുടിയൊന്നു കോതിക്കോട്ടെ.”
അതു കേട്ടിട്ടല്പം ചൂടായത്രേ ഗാന്ധിപ്പൂമൊട്ടയും;
ഇപ്പ്രായത്തിലും വേണോ, ഗുരോ, കോപ്രായങ്ങളിങ്ങനെ!
ഒരാൾ ചർക്കയെങ്കിൽ മറ്റൊരാൾ ഓടക്കുഴൽ
തർക്കമില്ലിരുവരും വിശ്വശാന്തി കാംക്ഷിപ്പവർ;
കൊച്ചുവർത്തമാനം പറഞ്ഞങ്ങനെ നേരംപോയി
പിന്നെയോർക്കാപ്പുറത്തെടുത്തിട്ടേൻ ഇന്ത്യതൻ
സമകാലികമാം വിഷയം, ‘നിസ്സഹകരണം’ !
മുന്നെയീ വിഷയത്തിൽ മാന്യമായുഗ്രൻ
കുറിമാനങ്ങളെത്ര കൈമാറിയില്ലിരുവരു,
മൊരാളതിന്റെ കടുത്ത വക്താവെങ്കിൽ ;
മറ്റെയാൾ, ശക്‌തനാം പ്രതിയോഗിയും!
പൊടുന്നനെ കാണായി ഗുരുദേവന്
ഗാന്ധിതൻ വദനത്തിലൊരു ഭാവമാറ്റം;
രൗദ്രമോ അസഹിഷ്ണതയോ
പേരിട്ടെന്തു വിളിക്കുമതിനെ
ഹിംസമെന്നോ നൃശംസമെന്നോ?
പരചിത്തജ്ഞാനത്തിലൂടെ
രവിബാബു കാര്യം ഗ്രഹിച്ചീടവേ
ഒരു കൊച്ചുപുൽക്കൊടിയിലേക്കു
നീളുന്നതാ ഗാന്ധിതൻ തവിട്ടുകൈ!
“അരുതരുതേ, മഹാത്മാവേ, അരുത്!”
അഹിംസാചാര്യരെത്താനും വിലക്കീ കവിവര്യനും :
“വെറും പുല്ലാണെന്നു കരുതി ഞെരിക്കൊലാ, മഹാത്മാവേ,
പുല്ലല്ല, സ്രഷ്ടാവിൻ സർഗ്ഗതന്തുതാനല്ലോയത്!”