അമ്മയ്ക്കിഷ്ട്ടം

അമ്മ മാത്രം അവകാശിയായിരുന്ന അടുക്കളയിലെ
ചെറിയ താളപിഴകളിലായിരുന്നു തുടക്കം.
എരിവിന് കണക്കില്ലാത്ത ഉപ്പും
മധുരിക്കേണ്ട ചായയിൽ പുളിയും മാറി വന്നപ്പോൾ
അമ്മ ജീവിതത്തിലാദ്യമായി ഞങ്ങളെ കളിപ്പിക്കുകയാണെന്നോർത്തു..
പക്ഷെ, പതിവായി എന്നെ അമ്മയെന്നും ഇളയ അനുജനെ അച്ഛനെന്നും വിളിക്കാൻ തുടങ്ങിയപ്പോൾ,
ഉമ്മറകോലായിൽ അച്ഛന്റെ മുൻപിലൊരിക്കലും വന്നിരിക്കാത്ത അമ്മ
കൈരണ്ടും കെട്ടി ചാരു കസേരയിൽ നിവർന്ന് കിടക്കാൻ തുടങ്ങിയപ്പോൾ,
അന്നോളം കണ്ടിട്ടില്ലാത്ത പുതിയൊരമ്മ ഞങ്ങളെ വീർപ്പു മുട്ടിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി അമ്മയുടെ എതിർപ്പില്ലാതെ ഹോസ്പിറ്റലിലെത്തിയത്..
കേട്ട് മാത്രം പരിചയമുള്ള ‘അൽഷിമേഴ്സ് ‘അമ്മയ്ക്ക് പറയാൻ പോലും കിട്ടാത്ത പേരായിരുന്നു…
വിറച്ചു തുള്ളുന്ന പനിയിൽ പോലും കുളിച്ചു കുറിയിട്ട് വീടിനെ ഉറങ്ങാൻ സമ്മതിക്കാത്ത അമ്മയെ പിന്നെ കുട്ടികളെ പോലെ കുളിക്കാൻ പിടിച്ചിരുത്തേണ്ടി വന്നു…
ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള നൂൽപാലത്തിൻമേൽ
അമ്മ ഞങ്ങൾക്കാർക്കും പിടി തരാതിരുന്നു…
അമ്മ തന്റെ കുട്ടികാലത്തിലേക്കും അച്ഛൻ വാർദ്ധക്യത്തിലേക്കും ചുവട് മാറിയത് വളരെ പെട്ടന്നായിരുന്നു…
അടുക്കളയിലെ പാത്രങ്ങൾ കലഹിക്കാൻ തുടങ്ങിയതും,
കഞ്ഞി പശയിൽ വടിവാർന്ന അച്ഛന്റെ കുപ്പായങ്ങൾ ചുരുണ്ട് മടങ്ങിയതും,
അമ്മതൊട്ടാൽ പാല് ചുരത്തുന്ന കറുമ്പി പശു പെട്ടന്നൊരുനാൾ ചത്തു പോയതും,
അമ്മ തന്റേതായൊരു ലോകത്തിലേക്ക് മടങ്ങിയതിൽപ്പിന്നെ ആയിരുന്നു…
നോക്കിയിരിക്കെ ചിലപ്പോൾ പൊട്ടിച്ചിരിച്ചും കാരണമറിയാതെ എങ്ങലടിച്ചുകരഞ്ഞും അമ്മ ഞങ്ങളുടെ പകലിനെയും രാത്രിപോൽ ഇരുട്ടിലാക്കി…
തലകീഴായിപ്പോകുന്ന വീടിനെ വെറുതെ എന്നാലും പിടിച്ചുനിർത്താനൊരു ശ്രമം നടത്തി…
അച്ഛനിഷ്ടപ്പെട്ട കടുമാങ്ങ, അനിയനിഷ്ടമുള്ള മുളക് കൊണ്ടാട്ടം, എനിക്കിഷ്ടമുള്ള  ചമ്മന്തിപൊടി, ഒക്കെയും  പലയിടത്ത് ഒളിപ്പിച്ച അമ്മയുടെ സാമ്രാജ്യത്തിൽ
അമ്മക്കിഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് പരതി ഞാൻ വിയർത്തു….
അല്ലെങ്കിലും എന്തായിരുന്നു “അമ്മയ്ക്കിഷ്ടം??”….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here