അന്നൊരു
ശനിയാഴ്ച്ചയായിരുന്നു
കുരിശുംപടിപ്പാലത്തിന്
താഴെ ഞങ്ങൾ
മൂന്നുപേർ ചേർന്നിരിന്നു.
മുകളിലൊരു പൊന്ത
അതിലൊരു ചെമ്പോത്ത്
അതിൻ തൊട്ട് താഴെ
പേരറിയാത്ത മൂന്ന് കിളികൾ.
ഞങ്ങളിരിക്കുന്നതിൻ
തൊട്ടപ്പുറത്ത് മൂന്നുപേർ
ചാടിമരിച്ച ഒരു കുഴിയുണ്ട്
അവരിൽ
ഒരാൾ മാത്രമാണത്രേ
ആത്മഹത്യാക്കുറി –
പ്പെഴുതിയതും
ഒരു പിടിവള്ളിയെങ്കിലും
അലഞ്ഞു നടന്നതും.
മറ്റ് രണ്ടുപേർ
ഇനിയെന്തെന്ന്
കൈമലർത്തിക്കാ –
ണിക്കുമ്പോലെ
കിടപ്പായിരുന്നു.
വീണുപോയതാകുമോ
യെന്നുപോലും തോന്നി –
പ്പോയതുകേട്ടപ്പോൾ !
അവിടെയെത്തുമ്പോൾ
പുഴ ഞങ്ങളെയൊന്ന്
നോക്കുന്നുണ്ടായിരുന്നു
ഇനി ഇവരും എന്ന മട്ടിൽ !!
ഞങ്ങൾ ഞങ്ങളിലെ –
യൊന്നിനെ അത്രമേൽ
സ്നേഹിക്കുന്നു പുഴേ ..!!
അത് കേട്ടപാടെ
എന്തേലും കാട്ടടേയ്
എന്ന മട്ടിൽ
മുണ്ടും മടക്കിക്കുത്തി
പുഴ ഒറ്റയൊഴുക്ക്.
പുഴയ്ക്കപ്പുറം ശാന്തേച്ചി
തുണികഴുകും പടവാണ്,
അവിടെ മാത്രം
ഒരാകാശം നിർത്തും പുഴ
കുഞ്ഞുങ്ങളെപ്പോലെ
കുമിളകളുണ്ടാക്കിക്കൊണ്ടിരിക്കും കാറ്റ്
പണിക്കു പോയില്ലേടാ –
ന്നൊരു കൂക്ക്
അക്കരേന്ന് വരും
ഞങ്ങൾക്കു മുൻപേ
കൂവും ഇക്കരേന്ന്
കിളികളും ചെമ്പോത്തും
ആഹാന്ന് ,തിരിഞ്ഞൊരു
നോട്ടം വയ്ച്ചുകൊടു-
ക്കാൻ തല തിരിക്കു-
മ്പോൾ തന്നെ
ഞങ്ങളെ വെട്ടിച്ച്
പരപ്പിൽ പൊന്തുമാ
വരാൽ തലകുത്തി മറിയും.
രാവിലത്തെ ആളില്ലാ
ട്രിപ്പിന്റെ ചൊരുക്കു –
തീർക്കാനെന്നതുപോലെ
ജാനകി ബസ്സ് അന്നേരം
പാലത്തിൽ കേറി രണ്ട്
കുലുക്കും കുലുക്കി
കടന്നുപോകും .
ഇരുണ്ട മാനം നോക്കി
ശാന്തേച്ചീ മഴ ഒരു
കാറും പിടിച്ചു വരു-
ന്നെണ്ടന്ന് വിളിച്ചു പറ –
യുമ്പോൾ കഴിഞ്ഞെടാന്നും പറഞ്ഞവർ തിരിച്ചുപോവും
പോവുമ്പോഴും ഒരു
തിരിഞ്ഞുനോട്ടമവർ
ഞങ്ങൾക്കായി കരുതും
ആകസ്മികമല്ലാത്ത
ആ മഴ പാലത്തെയാകെ നനയ്ക്കും
പാലത്തിന്നടിയിലേക്ക്
മാറിയിരിക്കും
ഇനിയൊരു കാര്യം പറയാം
കുരിശുംപടിപ്പാലം
ഒരു യാദൃശ്ചികതയാണ്,
അതൊരു ശനിയാഴ്ച്ചയേയല്ല
ആ മൂന്നുപേർ സാങ്കൽപ്പികരാണ് .
പിറ്റേന്ന്
പള്ളിയിലേക്ക്
പോകുന്നവർക്കിടയിൽ
വീണുപോയതാണോ
എന്ന ആന്തൽ ഞങ്ങൾ
ആകാശത്തൂന്ന്
നോക്കിയിരിക്കും …!
Click this button or press Ctrl+G to toggle between Malayalam and English