ഒരു കല്യാണക്കാര്യം

download

“കയറിവരൂ”
വാതിൽ തുറന്ന മത്തായി നിലവിളിച്ചുകൊണ്ടു മുറ്റത്തേക്കു ചാടി . ഗേറ്റിനു പുറത്തേക്ക് ഓടി .നാക്കു നീട്ടി അണച്ചു കൊണ്ട്ചോരക്കണ്ണ് ഉള്ള ഒരു പട്ടി വീട്ടിനുള്ളിൽ നിന്ന്‌ പുറത്തുവന്ന്‌ മത്തായിയെ നോക്കി .

സ്ഥലം വിട്ടു പോകാൻ ഒക്കുമോ! ഡയറി താഴെ വീണിരുന്നു.രണ്ടാമതൊരു പട്ടി പുറത്തുവന്ന് ഡയറി മണപ്പിച്ചു നില്ക്കുന്നു .

ഡയറിയിലാണ് ജീവിതം .
ഡയറിയിലാണ് മേൽവിലാസങ്ങൾ,ഫോണ്‍ നമ്പരുകൾ ,ഗ്രഹനിലകൾ ,ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവിധ വിവരങ്ങൾ ,ഫീസു കിട്ടിയതിൻറെ കണക്കുകൾ .നസ്രാണിക്കല്യാണങ്ങൾ മാത്രമായിരുന്നു തുടക്കത്തിൽ.മത്സരം മുറുകിയപ്പോളാണ് ഹിന്ദുക്കല്യാണങ്ങളും നോക്കിത്തുടങ്ങിയത്.
ജനാല തുറന്ന്മാധവിയമ്മ മത്തായിയെ വിളിച്ചു . ” കയറിപ്പോന്നോളൂ . അവർ ഒന്നും ചെയ്യില്ല.”

ആശ്വാസമായി. ഡയറിയുമെടുത്ത്‌ അകത്തുകയറി . ഒരു വലിയ സോഫയിലിരുന്നു. അപ്പോളാണ് കാണുന്നത് , എട്ടു പത്ത് പട്ടികളുണ്ട് . നാടനും അല്ലാത്തതും ഒക്കെയുണ്ട്.എല്ലാം മത്തായിയെ നോക്കുന്നു.സ്ഥലം വിട്ടേക്കാം എന്നു കരുതി വാതിലിലേക്ക് നോക്കിയപ്പോൾ രൂക്ഷമായി നോക്കിക്കൊണ്ട്‌ പുതിയ ഒരു പട്ടി വാതിലിൽ വന്നു നില്ക്കുന്നു!

“ആൻറ്റീ ,ഇത്രയും പട്ടികൾ …….വീട്ടിനുള്ളിൽ !”

“എന്റ്റെ മക്കളാണ്‌.മക്കൾക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത് .”

വെട്ടിൽ വീണിരിക്കുന്നു.കിഴവി ഭ്രാന്തിയാണ്.”കർത്താവേ!” മത്തായി കുറ്റബോധത്തോടെ പ്രാർത്ഥിച്ചു.
“പള്ളിയിൽ വന്നുകൊള്ളാമേ .ഇനി മുടക്കത്തില്ലേ.”

“ബസിലാണോ വന്നത് ?”

“അതെ.പെട്ടെന്ന് തിരികെ പോണം. മോളുടെ ഒരു ഫോട്ടോയും ഗ്രഹനിലയും തന്നേക്കൂ.ഞാൻ ചെന്നിട്ട് ഉടനെ വിളിക്കാം.”
“ക്ഷമിക്കണം.മകളുടെ കാര്യം ഞാൻ കളവ് പറഞ്ഞതാണ്‌.ഞാൻ കല്യാണം കഴിച്ചിട്ടില്ല .”
സപ്ത നാഡികളും തളരുകയാണ്.
“പിന്നെ…..എന്തിനാണ് വിളിച്ചത്?”
അപ്പോളാണ് അയാൾ ഓർത്തത്‌,കിളവിക്ക് തൻറെ നമ്പർ എങ്ങനെ കിട്ടി!താൻ ഈ ഭാഗത്ത്‌ വരാറില്ലല്ലോ! “എനിക്ക് വേണ്ടിയാണ്.എൻറെ കാര്യം പറഞ്ഞാൽ നിങ്ങൾ വരില്ല.”
നിശ്ശബ്ദത .
“കല്യാണങ്ങൾ ഒരുപാടു നടത്താറുണ്ടോ ?”
രക്ഷപ്പെടാൻ നോക്കണം.”തീരെ കുറവാണ്.ശരിക്കും ഞാൻ ഈ പണി നിറുത്തിയിരിക്കുകയാണ്.വരുമാനം തീരെയില്ല.”
“എത്ര രൂപ കിട്ടും ഒരു കല്യാണം നടത്തിയാൽ?”
“ഓ,പത്തോ പതിനഞ്ചോ.”
“ഞാൻ രണ്ടുലക്ഷം രൂപ തരും.”
മത്തായിയുടെ നട്ടെല്ലിലൂടെ വൈദ്യുതി പാഞ്ഞു.രണ്ടുലക്ഷം രൂപ!വീടിന് പെയിന്റ് അടിക്കണം.ഒരു സിന്ധിപ്പശുവിനെ വാങ്ങണം.റബ്ബറിന് വളമിടണം.
കിഴവിക്കും ഒരു പണി കൊടുക്കാം.ശങ്കരപ്പിള്ള ജയിലിൽ നിന്നും ഇറങ്ങി കടത്തിണ്ണയിൽ ഇരിപ്പുണ്ട്.കിഴവിയുമായി ബന്ധിപ്പിക്കാം.

മത്തായിയുടെ തല പൊട്ടിത്തെറിച്ചില്ലെന്നേയുള്ളു! പട്ടികളെല്ലാം കൂടി ഉറക്കെ കുരച്ചു.മത്തായിയെ കൊല്ലുന്ന മട്ടിൽ നോക്കി.മത്തായി അമ്പരപ്പോടെ ഒരു കാര്യം മനസ്സിലാക്കി.പട്ടികൾക്ക് മരണ സമയം മാത്രമല്ല മനുഷ്യന്റെ ചിന്തകളും അറിയാം!
“മക്കളെ നന്നായി നോക്കുന്ന ആളായിരിക്കണം.” ഒരു കറുത്ത നായ മാധവിയമ്മയുടെ മടിയിൽ തല ചേർത്തു.
അതിൻറെ തലയിലൂടെ വിരലോടിച്ചുകൊണ്ട് അവർ തുടർന്നു:”ഇവന്,ജാമുവിന് രണ്ടുവർഷമായി പേയുടെ അസുഖമുണ്ട്.കൂടെക്കൂടെ വരും.എനിക്ക് തനിച്ച് നോക്കാൻ ഒക്കുന്നില്ല.”
ജാമു മത്തായിയെ ചാമ്പിനോക്കി.മരണത്തിൻറെ നോട്ടം.
“ഞാൻ വെള്ളമെടുക്കാം” എന്നുപറഞ്ഞ് മാധവിയമ്മ എഴുന്നേറ്റുപോയി.
മത്തായിയും നായകളും മാത്രമായി.അതുവരെ അനങ്ങാതെ കിടന്ന് കാര്യങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഭീമൻ നായ എഴുന്നേറ്റു.മത്തായിയുടെ അടുത്തേക്ക് മെല്ലെ നടന്നുവന്ന് അയാളെ നോക്കിനിന്നു.നായകൾ മന്ദഹസിക്കുമോ!ശരിക്കും പട്ടി ചിരിക്കുക തന്നെയാണ്.കൗശലം നിറഞ്ഞ ചിരിയുടെ അർത്ഥം മത്തായിക്ക് ഞെട്ടലോടെ മനസ്സിലാക്കാൻ കഴിഞ്ഞു.തനിക്ക്‌ കെട്ടിക്കൂടെ എന്നാണ് അർത്ഥം !അമ്പരപ്പോടെ മത്തായി ഒരു കാര്യം കൂടി മനസ്സിലാക്കി.പട്ടികൾക്ക് മനസ്സുകാണാൻ മാത്രമല്ല
ചിന്തകളെ മനസ്സിൽ നിക്ഷേപിക്കാനും കഴിയുന്നു!
കിഴവി ബോധപൂർവ്വം രംഗത്തുനിന്ന് മാറിയിരിക്കുകയാണ്.മുൻകൂട്ടിത്തയാറാക്കിയ പദ്ധതിയാണ് അരങ്ങേറുന്നത്.മത്തായിക്ക് കരച്ചിൽ വന്നു.”ഇത് ചതിയാണ്”, മത്തായി മനസ്സിൽ പറഞ്ഞു.നായകൾ മുഖം തിരിച്ചു.ഞങ്ങൾക്കിതല്ലാതെ വഴിയില്ല എന്ന ചിന്ത മത്തായിയുടെ മനസ്സിലേക്ക്‌ കടന്നുവന്നു.
“ഞാനൊരു പാവമാണ്” മത്തായി ദയനീയമായി പട്ടികളെ നോക്കി.
“നീയോ പാവം!നീ തുലച്ച ജീവിതങ്ങളെത്ര!അറിഞ്ഞുകൊണ്ടു ചെയ്ത അപരാധങ്ങളെത്ര!പോട്ടെ,അതൊന്നും
നമ്മുടെ വിഷയമല്ല .”ഭീമൻ പട്ടി മന്ദഹസിക്കുകയാണ്.
ബുദ്ധിപൂർവ്വം നീങ്ങണം.തൽക്കാലം കീഴടങ്ങാം.രക്ഷാകവാടം തുറക്കാതിരിക്കില്ല.കർത്താവ്‌ കൈവിടില്ല.
മാധവിയമ്മ ചായയുമായി വന്നു.മുഖം തുടുത്തിരിക്കുന്നു.മനംപുരട്ടൽ നിയന്ത്രിച്ച്‌ മത്തായി ചോദിച്ചു
“ഞാൻ മതിയോ മാധവിക്ക്?”.ആകെ വസന്തം വന്നപോലെ മാധവിയമ്മക്ക് .
“ഇവിടെ സ്ഥലം എവിടെയാണ്?”
“ഭരണിക്കാവ്”
“നമുക്കിവിടെ മൂന്നേക്കർ ഉണ്ട് .ടൌണിൽ ഒന്നും.പിന്നെ കുറച്ച്…..കുറച്ചെന്നാൽ ഒരു ഇരുന്നൂറു പവൻ സ്വർണ്ണവുമുണ്ട്”

കർത്താവേ!സഹായം വേണ്ടായേ!ഞാൻ പിന്നീട്‌ ചോദിചോളാമേ!
രണ്ട് ഏറിയാൽ മൂന്നുവർഷത്തിനപ്പുറം പോകില്ല കിഴവി.ഇനി അതല്ല നീളുകയാണെങ്കിൽ മത്തായിക്കല്ലെ
പണിയറിയാത്തത്.
കാലിൽ പാമ്പ് കൊത്തിയ പോലെ.ജാമുവിൻറെ കോമ്പല്ലുകളാണ്.
“ഇവിടന്നു പേടിക്കണ്ട .വിഷം കേറാനും ഇറങ്ങാനും അവൻ വിചാരിക്കണം.എന്നെ എന്നും കടിക്കുന്നതല്ലേ ?”,മാധവിയമ്മ പട്ടിയെ വാത്സല്യത്തോടെ തഴുകി.
“നമുക്കുടനെ നടത്താം”,മത്തായി പറഞ്ഞു
ഭീമൻ പട്ടിയുടെ നേതൃത്വത്തിൽ നായകൾ പുറത്തേക്കു കുതിച്ചു.മുറ്റത്ത്‌ വന്നുവീണ ഒരു കൊമ്പൻ
ചെല്ലിയുമായി കളിതുടങ്ങി.
മത്തായി പുറത്തിറങ്ങിയപ്പോൾ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. വഴിതെറ്റിവന്ന
ഒരു പൂവൻ കോഴി അയാളെ നോക്കി മൂന്നു തവണ കൂവി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here