ആകാശവാണിയില്‍ നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ കേട്ടാല്‍ ചിരിയുടെ പെരുമഴ പെയ്യുന്ന ഒരു കാലമുണ്ടായിരുന്നു.
‘ആകാശം പൊതുവെ കാര്‍മേഘാവൃതമായിരിക്കും. കാറ്റ് വീശാനും വീശാതിരിക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴ പെയ്യും.’
നാളും, തിഥിയും അടിസ്ഥാനമാക്കി നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ ഒത്താല്‍ ഒത്തു. കാരണം , അക്കാലത്ത് ഇന്‍ഡ്യന്‍ കാലാവസ്ഥ പഠനരംഗം ശൈശവാവസ്ഥയിലാണ്. കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ഇന്‍ഡ്യന്‍ കാലാവസ്ഥ ഗവേഷണം പുഷ്ക്കലമാവുന്നത് മലയാളിയായ ഒരു ശാസ്ത്രജ്ഞ നടത്തിയ കണ്ടെത്തലുകളെ തുടര്‍ന്നാണ്. ഇന്‍ഡ്യന്‍ കാലാവസ്ഥ രംഗത്ത് വിപ്ളവകരമായ കണ്ടെത്തലുകള്‍ നടത്തിയ അന്ന മാണിയെ പറ്റിയാണ് പറയുന്നത്. അന്ന മാണിയുടെ ജന്മദിനം ഈയിടെ കടന്നുപോയി.
1918 ആഗസ്റ്റ് 23 നാണ് അന്ന മാണി , അക്കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പീരുമേട്ടില്‍ ജനിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനിയറായിരുന്നു പിതാവ് എം.പി. മാണി. അമ്മ അധ്യാപികയായിരുന്ന അന്നമ്മ. ഇവരുടെ എട്ടുമക്കളില്‍ ഏഴാമത്തെ സന്താനമായിരുന്നു അന്ന.
നല്ല വായനശീലമുള്ള കുട്ടിയായിരുന്നു അന്ന. വീട്ടിലെ പുസ്തകങ്ങളും, നാട്ടിലേയും വിദ്യാലയത്തിലേയും പുസ്തകശാലകളിലെ മിക്കവാറും ഗ്രന്ഥങ്ങളും അന്ന അതിവേഗം ഹൃദിസ്ഥമാക്കി. എട്ടാം ജന്മദിനത്തില്‍ അന്ന അച്ഛനോട് പിറന്നാള്‍ സമ്മാനമായി ആവശ്യപ്പെട്ടത് ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’ എന്ന പുസ്തകമാണ്. പിതാവ് ആ സമ്മാനം നല്‍കിയപ്പോള്‍ അന്ന അതീവ സന്തുഷ്ടയായി.
1939 -ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ അന്ന മാണി ഓണേഴ് സ് ബിരുദം കരസ്ഥമാക്കി. 1940- ല്‍ ബാംഗ്ളൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി പഠനമാരംഭിച്ചു. നോബല്‍ ജോതാവ് സി.വി. രാമനായിരുന്നു റിസര്‍ച്ച് ഗൈഡ്. വജ്രം പോലുള്ള അമൂല്യ രത്നങ്ങളിലെ പ്രകാശ വികിരണ രീതികളെക്കുറിച്ചായിരുന്നു പഠനം.
1945 -ല്‍ ഗവേഷണ പ്രബന്ധം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ചു കൊണ്ട് ബ്രിട്ടനിലെ ഇംപീരിയല്‍ കോളജില്‍ ബിരുദ പഠനത്തിനായി യാത്ര തിരിച്ചു.
ഗവേഷണത്തിനിള്ള അടിസ്ഥാന യോഗ്യതയായ ബിരുദാനന്തര ബിരുദം ഇല്ലെന്ന കാരണത്താല്‍ മദ്രാസ് യൂണിവേഴ്സിറ്റി അന്ന മാണിയുടെ ഗവേഷണ പ്രബന്ധം പരിഗണിച്ചില്ല.
പക്ഷെ , ഈ തിരസ്കാരം അന്നയെ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. അന്നയുടെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗവേഷണ പ്രബന്ധം ഇപ്പോഴും ബംഗ്ളൂരിലെ രാമന്‍ ആര്‍ക്കൈവ്സില്‍ ഒരു അമൂല്യ നിധിയായി സംരക്ഷിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ കാലാവസ്ഥ ശാസ്ത്ര സ്ഥാപനങ്ങളില്‍ പഠനം നടത്തിയശേഷം ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ അന്ന മാണി, പൂനയിലെ ഇന്‍ഡ്യന്‍ കാലാവസ്ഥ വിഭാഗത്തില്‍ മെറ്റീരിയോളജിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഇന്‍ഡ്യയുടെ കാലാവസ്ഥ രംഗത്ത് അന്ന മാണി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളുമാണ് ഇന്‍ഡ്യന്‍ കാലാവസ്ഥ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് . നൂറിലധികം കാലാവസ്ഥ ഉപകരണങ്ങള്‍ അന്ന മാണി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ഇന്‍ഡ്യ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനം നടത്തിയത് അന്ന മാണിയാണ്.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ മെറ്റീരിയോളജിക്കല്‍ ഒബ്സര്‍വേറററി സ്ഥാപിച്ചതും ഇന്‍സ്ട്രമെന്റല്‍ ടവര്‍ സ്ഥാപിച്ചതും അന്ന മാണിയെന്ന ദീര്‍ഘ ദര്‍ശിയായ കാലാവസ്ഥാ ശാസ്ത്രജ്ഞയുടെ പ്രതിഭാ വിലാസമാണ്.
‘ഹാന്‍ഡ് ബുക്ക് ഓഫ് വിന്‍ഡ് എനര്‍ജി ഡേറ്റ ഇന്‍ ഇന്‍ഡ്യ’ , ‘ഹാന്‍ഡ്ബുക്ക് ഓഫ് സോളാര്‍ റേഡിയേഷന്‍ ഡേറ്റ ഫോര്‍ ഇന്‍ഡ്യ, ’സോളാര്‍ റേഡിയേഷന്‍ ഓവര്‍ ഇന്‍ഡ്യ ‘ . അന്ന മാണി രചിച്ച ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണങ്ങളെ കുറിച്ചുള്ള ഈ പ്രബന്ധങ്ങള്‍ ഇന്‍ഡ്യന്‍ കാലാവസ്ഥ മേഖലയിലെ മാനിഫെസ്റ്റോകളായി പരിഗണിക്കുന്നു.
ഇന്‍ഡ്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, അമേരിക്കന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റി, ഇന്‍റര്‍ നാഷണല്‍ സോളാര്‍ എനര്‍ജി സൊസൈറ്റി, വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ മെറ്റീരിയോളജി ആന്റ് അറ്റ്മോസ്ഫെറിക്ക് ഫിസിക്സ് എന്നിങ്ങനെയുള്ള അഖില ലോക സംഘടനകളില്‍ പ്രവര്‍ത്തിച്ചു എന്നത് ആ ശാസ്ത്ര പ്രതിഭയുടെ ലോക സ്വീകാര്യതക്ക് ഉത്തമോദഹരണമാണ്.
‘ ഇന്‍ഡ്യയുടെ വെതര്‍ വുമണ്‍ ‘ എന്നാണ് ആ ശാസ്ത്ര പ്രതിഭ ലോകമൊട്ടുക്കും അറിയപ്പെടുന്നത്. 2001 ആഗസ്റ്റ് 16 -ന് , എണ്‍പത്തിനാലാം ജന്മദിനത്തിന് തൊട്ടരികെ ആ ആകാശ നിരീക്ഷക മേഘ പാളികളില്‍ വിലയം പ്രാപിച്ചു.
അന്ന മാണിയുടെ സഹപ്രവര്‍ത്തകനായിരുന്നു പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന നോവലില്‍ അദ്ദേഹം കര്‍ക്കശക്കാരിയായ ആ ടീം ലീഡറെ അവതരിപ്പിപ്പിച്ചിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English