വാച്ച്

 

4075f512766257c6cfc6872369faadfc-travel-images-time-travel

ഒരു വാച്ച് വാങ്ങാനായി ടൗണിലൊരു കടയിലെത്തിയതായിരുന്നു അയാള്‍.

പലതരം വാച്ചുകള്‍ നിരത്തിവച്ചിട്ടുണ്ട്. പക്ഷെ ഒന്നിനോടും അയാള്‍ക്കത്ര ഇഷ്ടം തോന്നിയില്ല.

“സാര്‍…വാച്ചൊന്നും ഇഷ്ടപ്പെട്ടില്ല അല്ലേ?  ഒരു പുതിയ ഐറ്റം എത്തിയിട്ടുണ്ട്.  നോക്കുന്നോ..?” കടയുടമ അയാളെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി.

“സര്‍.  ദാ.. ഇതാണാ പുതിയ ഐറ്റം.” തിളങ്ങുന്ന ഡയലുള്ള ഒരു വാച്ച് ഉയര്‍ത്തിക്കാണിച്ചു കടയുടമ.

വാച്ച് വാങ്ങി അയാള്‍ കൈയില്‍ കെട്ടി.

“സാര്‍. ഈ വാച്ചിന് രണ്ട് ഉപയോഗങ്ങളുണ്ട്.  ഒന്ന്.  വര്‍ത്തമാനകാല സമയം അറിയാം.  രണ്ട്.  ഈ വാച്ച് നമ്മളെ ഭൂതകാലത്തേയ്ക്കോ ഭാവികാലത്തേയ്ക്കോ കൂട്ടികൊണ്ടുപോകും.”

“മനസ്സിലായില്ല?”  അയാള്‍ ചോദ്യമായി.

“നാം ആഗ്രഹിക്കുന്ന കാലത്തേയ്ക്ക് ഈ വാച്ച് നമ്മളെ കൊണ്ടെത്തിക്കുമെന്ന്.  ഉദാഹരണത്തിന് സാറിന് സാറിന്റെ ബാല്യകാലത്തേയ്ക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമുണ്ടെന്ന് വിചാരിക്കുക. ഈ വാച്ച് സാറിനെ ആ ബാല്യകാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകും.  സാറിനു സാറിന്റെ പത്ത് വര്‍ഷത്തിനു ശേഷമുള്ള ഭാവികാലത്തില്‍ ചെന്നെത്തണമെന്ന് ആഗ്രഹമുണ്ടായാല്‍, ഈ വാച്ച് സാറിനെ ആ ഭാവികാലത്തില്‍ കൊണ്ടുചെന്നാക്കും”

“അങ്ങനെയോ..!?  അത് കൊള്ളാമല്ലോ?  ഞാനിതൊന്നു പരീക്ഷിച്ചു നോക്കട്ടെ..?”

കടയുടമ ആ വാച്ച് പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിവരിച്ചു.

“ദാ.  ഈ വാച്ചിന്റെ നടുക്കുള്ള വൃത്തത്തിലെ സൂചി പിന്നോട്ടും മുന്നോട്ടും തിരിക്കാം.   60 പോയിന്റുകളുണ്ട്. പിന്നോട്ടും മുന്നോട്ടും 60 വര്‍ഷം കടന്നു ചെല്ലാം.  ഓരോ പോയിന്റും ഓരോ വര്‍ഷമാണ്‌.  തിരിച്ച് വര്‍ത്തമാനകാലത്തിലെത്തണമെങ്കില്‍ ദാ ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ മതി..”

അയാള്‍ക്ക്‌ തന്റെ ബാല്യകാലത്തേയ്ക്ക് മടങ്ങിപ്പോകാനാഗ്രഹം തോന്നി.  ഇപ്പോള്‍ അയാള്‍ക്ക്‌ 50 വയസ്സുണ്ട്.  ഒരു 10 വയസ്സുകാരനായാലോ,  അയാള്‍ സൂചി പിന്നോട്ട് തിരിച്ച് 40 -മത്തെ പോയിന്റില്‍  കൊണ്ടുവച്ചു. പെട്ടെന്നയാള്‍ 10 വയസ്സുള്ള ഒരു ബാലനായി മാറി!!

ആ ബാലന്‍ ചുറ്റും നോക്കി.  അതാ നില്‍ക്കുന്നു തന്റെ അഛന്‍! പിന്നെ കുഞ്ഞുപെങ്ങളും! സ്കൂളില്‍ പോകാന്‍ സമയമായിരിക്കുന്നു..? ബാലന്‍ യൂണിഫോമിട്ട്  അടുക്കളയിലെത്തി.  അമ്മ ദോശ ചുടുകയാണ്.

“..അമ്മേ..കാപ്പി..?”

അമ്മ വിളമ്പിയ ദോശയും ചമ്മന്തിയും രുചിയോടെ കഴിച്ചുകഴിഞ്ഞ് പുസ്തകകെട്ടും തോളില്‍ തൂക്കി –

“അമ്മേ..റ്റാ..റ്റാ..”

“ശരി മോനേ…” അമ്മ അവനെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു.  തലോടി…

സ്കൂളിലെത്തി. പിന്നെ പഠിത്തം.  കൂട്ടുകാരുമായി കളിയും ചിരിയും..

പെട്ടെന്നൊരു ബീപ് ശബ്ദം അയാളെ ഉണര്‍ത്തി.

“സാര്‍..മടങ്ങി വരൂ.  പോയിട്ട് കുറേ നേരമായല്ലോ..? വേഗം ഇങ്ങോട്ട് പോര്.  കട അടയ്ക്കാന്‍ സമയമായി..”  കടയുടമ അല്‍പ്പം ദേഷ്യത്തിലാണ്.

അയാള്‍ കേട്ട ഭാവം നടിച്ചില്ല.

അല്ലലറിയാത്ത, ദുഖങ്ങളറിയാത്ത, സുന്ദരമായ ആ ബാല്യകാലം വിട്ടു പോകാന്‍ അയാള്‍ക്ക്‌ മനസ്സ് വന്നില്ല.

അയാള്‍ തീര്‍ത്തു പറഞ്ഞു:

“ഇല്ല…ഞാന്‍ വരുന്നില്ല….”

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here